ജി.എസ്.ടി വരുമാനത്തിൽ കുതിപ്പ്; 1.89 ലക്ഷം കോടി
text_fieldsന്യൂഡൽഹി: രാജ്യത്തിന്റെ നികുതി വരുമാനത്തിൽ ശക്തമായ വളർച്ച. 1.89 ലക്ഷം കോടി രൂപയാണ് സെപ്റ്റംബറിൽ ലഭിച്ച ജി.എസ്.ടി വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ 9.1 ശതമാനം വർധനവാണിത്. കേന്ദ്ര സർക്കാരാണ് ഏറ്റവും പുതിയ ജി.എസ്.ടി വരുമാന കണക്കുകൾ ബുധനാഴ്ച പുറത്തുവിട്ടത്.
നാലു മാസത്തിനിടെ ഏറ്റവും വലിയ ജി.എസ്.ടി വരുമാന വർധനവാണ് സെപ്റ്റംബറിലേത്. മാത്രമല്ല, ഇതു തുടർച്ചയായ ഒമ്പതാമത്തെ മാസമാണ് ജി.എസ്.ടി വരുമാനം 1.8 ലക്ഷം കോടി രൂപയുടെ മുകളിൽ തുടരുന്നത്.
സെപ്റ്റംബറിൽ നിരവധി ഉത്പന്നങ്ങൾക്ക് ജി.എസ്.ടി വെട്ടിക്കുറച്ചത് കാരണം വാഹനങ്ങൾ അടക്കം വാങ്ങുന്നത് ഉപഭോക്താക്കൾ മാറ്റിവെച്ചിരുന്നു. ഇതു കാരണം ചെലവഴിക്കൽ ചുരുങ്ങിയത് ജി.എസ്.ടി വരുമാനം കുറക്കുമെന്ന റിപ്പോർട്ടുകൾ തള്ളിയാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്.
സാമ്പത്തിക രംഗത്ത് മാന്ദ്യം അനുഭവപ്പെട്ടില്ലെന്നാണ് ജി.എസ്.ടി വരുമാന വർധനവ് നൽകുന്ന സൂചനയെന്ന് ഓഡിറ്റ്, ടാക്സ് സർവിസസ് കമ്പനിയായ ഡിലോയിറ്റ് ഇന്ത്യയിലെ എം.എസ്. മണി പറഞ്ഞു.
28 ശതമാനം, 12 ശതമാനം ജി.എസ്.ടി നിരക്കുകൾ 18 ശതമാനവും അഞ്ച് ശതമാനവുമായി കുറച്ച നടപടി സെപ്റ്റംബർ 22നാണ് നിലവിൽ വന്നത്. ജി.എസ്.ടി കുറച്ചത് വരും മാസങ്ങളിൽ വിപണിയിൽ ഉണർവുണ്ടാക്കുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച കനത്ത താരിഫിന്റെ ആഘാതം പ്രതിരോധിക്കുകയും ജി.എസ്.ടി വെട്ടിക്കുറച്ചതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

