ജാഗ്രതൈ, കിട്ടാക്കടം തിരിച്ചുപിടിക്കാൻ പുതിയ നിയമം വരുന്നു
text_fieldsമുംബൈ: കിട്ടാക്കടം തിരിച്ചുപിടിക്കൽ വേഗത്തിലാക്കാൻ നിയമം ഭേദഗതി ചെയ്യാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി 1993ലെ കടം തിരിച്ചുപിടിക്കൽ, പാപ്പരത്ത നിയമം ബജറ്റ് സമ്മേളനത്തിൽ ഭേദഗതി ചെയ്യും. ബാങ്കുകളുടെയും ധാനകാര്യ സ്ഥാപനങ്ങളുടെയും കിട്ടാക്കടം തിരിച്ചുപിടിക്കാൻ സഹായിക്കുന്ന ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലുകളുടെ (ഡി.ആർ.ടി) പ്രവർത്തനങ്ങളിൽ മാറ്റം വരുത്തും. വൻതുകയുടെ കിട്ടാക്കടം തിരിച്ചുപിടിക്കാൻ വേണ്ടി മാത്രമായി ചില ഡി.ആർ.ടികളെ നിശ്ചയിക്കും. കിട്ടാക്കടം വീണ്ടെടുക്കൽ വേഗത്തിലാക്കാനും ഡി.ആർ.ടികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ ഭാരം കുറക്കാനും നീക്കം സഹായിക്കുമെന്ന് രഹസ്യ വൃത്തങ്ങൾ പറഞ്ഞു.
ഒരു പ്രത്യേക തുകക്ക് മുകളിലുള്ള കിട്ടാക്കടങ്ങൾ കൈകാര്യം ചെയ്യുന്നതിന് വ്യത്യസ്ത പ്രദേശങ്ങളിൽ ഒന്നോ അതിലധികമോ ഡി.ആർ.ടികൾക്ക് അധികാരം നൽകാനാണ് ആലോചിക്കുന്നത്. നിലവിൽ, ഡി.ആർ.ടികളുടെ പ്രാദേശിക അധികാരപരിധി തീരുമാനിക്കാൻ സർക്കാരിന് കഴിയും. എന്നാൽ, പ്രത്യേക തുകക്ക് മുകളിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഡി.ആർ.ടികളെ നീശ്ചയിക്കാൻ നിയമം അനുവദിക്കുന്നില്ല. പ്രത്യേക ഡി.ആർ.ടികളെ നിശ്ചയിക്കുന്നതിലൂടെ ഉയർന്ന തുകയുടെ കിട്ടാക്കടം അതിവേഗം വീണ്ടെടുക്കാൻ കഴിയുമെന്ന് മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡി.ആർ.ടികളിൽ ചെറിയ തുകയുടെ കേസുകൾ കുമിഞ്ഞുകൂടിയ സാഹചര്യത്തിലാണ് നിയമം ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കം. 20 മുതൽ ഒരു കോടി രൂപവരെയുള്ള വായ്പകളാണ് മൊത്തം കേസുകളിൽ 77 ശതമാനവും. 100 കോടി രൂപയുടെ മുകളിലുള്ള വായ്പയുടെ എണ്ണം 0.6 ശതമാനം മാത്രമാണ്. അതേസമയം, ഉയർന്ന കിട്ടാക്കടങ്ങളുടെ എണ്ണം വളരെ കുറവാണെങ്കിലും നിയമക്കുരുക്കിൽപെട്ട മൊത്തം പണത്തിന്റെ 69 ശതമാനത്തിലധികവും ഇവയാണ്. ഈ കടങ്ങൾ വേഗത്തിൽ വീണ്ടെടുക്കാൻ കഴിഞ്ഞാൽ പുതിയ വായ്പകൾക്ക് മൂലധനം ലഭ്യമാകുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനെല്ലാം പുറമെ, കിട്ടാക്കടം വീണ്ടെടുക്കുന്നതിന് ഏകീകൃത ചട്ടം രൂപവത്കരിക്കും. മാത്രമല്ല, ഡി.ആർ.ടി നടപടിക്കെതിരെ അപ്പീൽ നൽകുമ്പോൾ കോടതി ഫീസ് നൽകണമെന്ന നിയമവും ഉൾപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

