ന്യൂഡൽഹി: രാജ്യത്തെ 1.63 ലക്ഷം വ്യവസായ സ്ഥാപനങ്ങളുടെ ചരക്കുസേവന നികുതി രജിസ്ട്രേഷൻ റദ്ദാക്കി കേന്ദ്ര സർക്കാർ. ആറ് മാസത്തിലധികമായി ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാത്ത ബിസിനസ് സ്ഥാപനങ്ങള്‍ക്കെതിരെയാണ് പുതിയ നീക്കമെന്നാണ് റെവന്യൂ വകുപ്പിൽ നിന്നുള്ള വൃത്തങ്ങൾ അറിയിച്ചത്. വ്യാജ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും വ്യാജമായി ഇന്‍പുട്ട് ടാക്‌സ് നേടുകയും ചെയ്യുന്ന സ്ഥാപനങ്ങളെ നേരിടുകയായിരുന്നു നീക്കത്തിന് പിന്നിൽ. ആയിരക്കണക്കിന് കോടി രൂപയുടെ ക്രെഡിറ്റാണ് ഇത്തരത്തിലുള്ള കമ്പനികള്‍ നേട്ടമുണ്ടാക്കിയെന്നാണ് സൂചന.
വ്യാജ സ്ഥാപനങ്ങളുടെയും സര്‍ക്കുലര്‍ ട്രേഡിംഗ് സ്ഥാപനങ്ങളും ഉയര്‍ത്തുന്ന ഭീഷണി കൈകാര്യം ചെയ്യുന്നതിനായി കഴിഞ്ഞ ആറ് മാസമായി ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാത്ത കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 1,63,042 ജി.എസ്.ടി രജിസ്‌ട്രേഷനുകള്‍ അധികൃതര്‍ റദ്ദാക്കിയതായി ധനമന്ത്രാലയത്തിലെ അധികൃതര്‍ അറിയിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആറുമാസത്തിലേറെയായി ജി.എസ്.ടി.ആർ -3 ബി റിട്ടേൺ സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് ആദ്യം റദ്ദാക്കൽ നോട്ടീസ് നൽകിയിരുന്നു, തുടർന്ന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾക്കനുസൃതമായി അവരുടെ രജിസ്ട്രേഷനുകൾ റദ്ദാക്കപ്പെടുകയും ചെയ്തു. ഡിസംബർ ഒന്ന് വരെ 6 മാസത്തിലേറെയായി ജി.എസ്.ടി.ആർ -3 ബി റിട്ടേൺ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ട 28,635 നികുതിദായകരെ വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. "ഈ കേസുകളിൽ സ്യൂ-മോട്ടോ റദ്ദാക്കൽ പ്രക്രിയ ആരംഭിക്കാൻ ജിഎസ്ടി കമ്മീഷണറേറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
ഒരു മാസത്തിനുള്ളില്‍, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജി.എസ്.ടി ഇൻറലിജന്‍സ് (ഡി.ജി.ജി.ഐ), കേന്ദ്ര ജി.എസ്.ടി കമ്മീഷണറേറ്റുകള്‍ എന്നിവര്‍ ഇതുവരെ നാല് ചാര്‍ട്ടേഡ് അക്കൗണ്ടൻറുമാരും ഒരു സ്ത്രീയും ഉള്‍പ്പെടെ 132 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷന്‍ സമയത്ത് ശരിയായ വിശദാംശങ്ങള്‍ നല്‍കാത്ത പുതുതായി രജിസ്റ്റര്‍ ചെയ്ത കമ്പനികളെയും ജി.എസ്.ടി നിരീക്ഷിച്ച് വരികയാണ്.