പഞ്ചസാരക്ക് ഡിമാൻഡ് കുറഞ്ഞു; കയറ്റുമതിക്ക് കേന്ദ്രസർക്കാർ അനുമതി
text_fieldsന്യൂഡൽഹി: പഞ്ചസാര കയറ്റുമതിക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. 2025-26 സീസണിൽ 1.5 മില്യൺ ടൺ പഞ്ചസാര കയറ്റുമതി നടത്തുന്നതിനാണ് അനുമതി. ഒക്ടോബർ മുതൽ കയറ്റുമതി ആരംഭിക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
പഞ്ചസാര സിറപ്പിന്റെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ 50 ശതമാനം തീരുവ പിൻവലിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. കർണാടക മുഖമന്ത്രി സിദ്ധരാമയ്യക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം പ്രഹ്ലാദ് ജോഷി പറഞ്ഞത്. പഞ്ചസാര കർഷകർക്ക് നൽകിയ ആനുകൂല്യങ്ങൾ വിശദീകരിക്കുമ്പോഴാണ് പ്രഹ്ലാദ് ജോഷി ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ, രണ്ട് മില്യൺ ടൺ പഞ്ചസാര കയറ്റുമതിക്ക് അനുമതി നൽകണമെന്നായിരുന്നു വ്യവസായമേഖലയുടെ ആവശ്യം. 2024-25 സീസണിൽ ഒരു മില്യൺ ടൺ പഞ്ചസാര കയറ്റുമതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും എട്ട് ലക്ഷം ടൺ മാത്രമാണ് കയറ്റി അയച്ചത്.
സ്റ്റോക്കിന്റെ അളവ് കൂടിയതിനാലാണ് പഞ്ചസാര കയറ്റുമതിക്ക് അനുമതി നൽകുന്നതെന്ന് ഭക്ഷ്യസെക്രട്ടറി സഞ്ജീവ് ചോപ്ര വ്യക്തമാക്കി. എഥനോൾ ഉൽപാദനത്തിനായി മാറ്റിവെച്ച പഞ്ചസാര പൂർണമായും ഉപയോഗിക്കാതിരുന്നതോടെയാണ് അധിക സ്റ്റോക്ക് വന്നതെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. 3.5 മില്യൺ ടൺ പഞ്ചസാരയാണ് മില്ലുകൾ എഥനോൾ ഉൽപാദനത്തിന് നൽകിയത്. എന്നാൽ, ഇതിനായി നാല് ടൺ ആവശ്യമായി വരുമെന്നായിരുന്നു കണക്കുകൾ.
2025-26 വർഷത്തിൽ 34 മില്യൺ ടൺ പഞ്ചസാര ഇന്ത്യ ഉൽപാദിപ്പിക്കുമെന്നാണ് കണക്കുകൾ. ഇതിൽ 28.5 മില്യൺ മാത്രമേ രാജ്യത്തിന് ആവശ്യമായി വരു. അതുകൊണ്ടാണ് പഞ്ചസാര കയറ്റുമതിക്ക് അനുമതി നൽകുന്നതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

