സർക്കാർ എഴുതിത്തള്ളിയത് 9.87 ലക്ഷം കോടി കോർപറേറ്റ് വായ്പ; കാർഷിക വായ്പ 1.67 ലക്ഷം കോടി മാത്രം
text_fieldsമുംബൈ: കോർപറേറ്റുകൾക്ക് വൻ സഹായം നൽകുമ്പോഴും കർഷകരോടുള്ള അവഗണന തുടർന്ന് കേന്ദ്ര സർക്കാർ. കോർപറേറ്റുകളുടെ 9.87 ലക്ഷം കോടി രൂപയുടെ വായ്പയാണ് കേന്ദ്ര സർക്കാർ ഒരു വർഷത്തിനിടെ എഴുതിത്തള്ളിയത്. അതേസമയം, കർഷകർക്ക് നൽകിയത് വെറും 1.67 ലക്ഷം കോടി രൂപയുടെ മാത്രം ആശ്വാസം. 2024 മുതൽ 2025 സെപ്റ്റംബർ വരെയാണ് കോർപറേറ്റുകൾക്ക് വാരിക്കോരി സഹായം അനുവദിച്ചത്. ശതമാന കണക്ക് പ്രകാരം എഴുതിത്തള്ളിയ മൊത്തം വായ്പയിൽ ഏകദേശം 85.5 ശതമാനവും കോർപറേറ്റ് മേഖലയുടെതാണ്. കർഷകരുടെത് വെറും 14.5 ശതമാനം മാത്രമാണ്. പരിസ്ഥിതി പ്രവർത്തകനും എം.പിയുമായ സന്ദ് ബൽബീർ സിങ് സീചെവാൾ ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയിൽ സർക്കാർ നൽകിയ മറുപടിയിലാണ് എഴുതിത്തള്ളിയ വായ്പയുടെ കണക്ക് വ്യക്തമാക്കുന്നത്.
സർക്കാർ കണക്കുകൾ പ്രകാരം എഴുതിത്തള്ളിയ മൊത്തം കോർപറേറ്റ് വായ്പകളിൽ 7.21 ലക്ഷം കോടി രൂപ വൻകിട വ്യാവസായികളുടേതാണ്. ബാക്കി 2.65 ലക്ഷം കോടിയിലധികം രൂപ എഴുതിത്തള്ളിയത് വൻകിട ബിസിനസ് സ്ഥാപനങ്ങളുടെ വായ്പയാണ്. അതേസമയം, കടക്കെണിയും കൃഷി നാശവും വരുമാനം കുറഞ്ഞതും കാലാവസ്ഥ വ്യതിയാനവും മൂലം കർഷകർ വൻ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ സർക്കാർ കടുത്ത അവഗണന തുടരുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോർപറേറ്റുകൾ ആയിരക്കണക്കിന് കോടി രൂപയുടെ വായ്പകൾ തിരിച്ചടക്കാതിരിക്കുമ്പോൾ സാമ്പത്തിക നയത്തിന്റെ പേര് പറഞ്ഞ് സർക്കാർ രഹസ്യമായി കടബാധ്യത എഴുതിത്തള്ളുകയാണെന്ന് സീച്ചെവാൾ ആരോപിച്ചു. എന്നാൽ മോശം കാലാവസ്ഥ, വിളനാശം, മിനിമം താങ്ങുവിലയുടെ അഭാവം എന്നിവ കാരണം കർഷകർ കടക്കെണിയിലാകുമ്പോൾ അവരുടെ വായ്പ എഴുതിത്തള്ളാതിരിക്കുകയും അനന്തമായ വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രായോഗികമായി പറഞ്ഞാൽ, എഴുതിത്തള്ളലിലൂടെ കോർപറേറ്റുകൾക്ക് സാമ്പത്തിക ആശ്വാസം നൽകുകയും സ്ഥിരമായ നയ പിന്തുണയില്ലാതെ കർഷകരെ കടക്കെണിയിൽ കുടുങ്ങിക്കിയിടുകയുമാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നിലനിൽക്കുന്നത് കോർപറേറ്റുകളെ ആശ്രയിച്ചാണോ അതോ രാജ്യത്തെ പോറ്റുന്ന കർഷകരെ ആശ്രയിച്ചാണോയെന്നും അദ്ദേഹം ചോദിച്ചു. കോവിഡ് കാലത്ത് വ്യവസായങ്ങളും ബിസിനസുകളും അടച്ചുപൂട്ടിയപ്പോൾ രാജ്യത്തുടനീളം ഭക്ഷ്യസുരക്ഷയും ഗ്രാമീണ തൊഴിലും ഉറപ്പാക്കിയത് കാർഷിക മേഖലയായിരുന്നെന്നും സീചെവാൾ ഓർമപ്പെടുത്തി. കർഷകരുടെ സംഭാവനകൾ എത്രയാണെങ്കിലും കടബാധ്യത മൂലം അവർ നിരന്തരം ദുരിതത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടപ്പെടുകയാണ്. കർഷക ആത്മഹത്യകളെക്കുറിച്ച് ഔദ്യോഗിക കണക്ക് സൂക്ഷിക്കുന്നത് നിർത്തിവച്ച സർക്കാർ കാർഷിക പ്രതിസന്ധിയെ കൂടുതൽ അരികുവൽക്കരിക്കുകയാണ്. കോർപറേറ്റുകളെ സംരക്ഷിക്കുകയും കർഷകർ സ്വയം രക്ഷ തേടണമെന്ന് പറയുകയും ചെയ്യുന്ന ഇരട്ട സാമ്പത്തിക നയം സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

