ഓൺലൈൻ ഷോപ്പിങ്ങിൽ റീഫണ്ട് വൈകുന്നോ? പരിഹാരം ഉടൻ
text_fieldsന്യൂഡൽഹി: ഉപഭോക്താക്കളെ ഓൺലൈൻ ഷോപ്പിങ് കമ്പനികൾ ചൂഷണം ചെയ്യുകയാണെന്ന പരാതികൾക്കിടെ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ. ഉപഭോക്താക്കളിൽനിന്ന് ലഭിച്ച പരാതികൾ പരിഗണിച്ചാണ് സർക്കാർ നടപടിക്ക് ഒരുങ്ങുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ തുടങ്ങിയ രാജ്യത്തെ മുഴുവൻ ഇ-കൊമേഴ്സ് കമ്പനികളുമായി ഉപഭോക്തൃകാര്യ മന്ത്രാലയം ചർച്ച നടത്തും. ഉപഭോക്തൃ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സംഘടനകളും വ്യവസായ മേഖലയിലെ കൂട്ടായ്മകളും ചർച്ചയിൽ പങ്കെടുക്കും. മന്ത്രാലയത്തിലെ രഹസ്യ വൃത്തങ്ങളെ ഉദ്ധരിച്ച് മിൻഡ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഉത്പന്നങ്ങൾ വാങ്ങുന്നത് റദ്ദാക്കിയാൽ റീഫണ്ട് നൽകാതിരിക്കുകയോ വൈകുകയോ ചെയ്യുക, ഉത്പന്നങ്ങൾ കൈമാറുമ്പോൾ പണം നൽകുന്ന കാശ് ഓൺ ഡെലിവറിക്ക് പ്രത്യേക ചാർജ് ഈടാക്കുക തുടങ്ങിയ പരാതികളാണ് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് ലഭിച്ചത്. എത്ര പരാതികൾ ലഭിച്ചെന്ന കാര്യം വെളിപ്പെടുത്താൻ അധികൃതർ തയാറായില്ലെങ്കിലും ഇത്തരം കാര്യങ്ങളിൽ നാഷനൽ കൺസ്യൂമർ ഹെൽപ് ലൈനിൽ പരാതി നൽകുന്നത് ഉപഭോക്താക്കൾ തുടരണമെന്നും ആവശ്യപ്പെട്ടു.
കാശ് ഓൺ ഡെലിവറിക്ക് ആമസോൺ 7 മുതൽ 10 രൂപ വരെയും ഫ്ലിപ്കാർട്ട്, ഫസ്റ്റ്ക്രൈ തുടങ്ങിയ കമ്പനികൾ പത്ത് രൂപയുമാണ് അധികമായി ഈടാക്കുന്നത്. അധിക ചാർജ് ഒഴിവാക്കാൻ മിക്ക ഉപഭോക്താക്കളും ഓൺലൈൻ ഷോപ്പിങ്ങിൽ നേരത്തെ പണം അടച്ചാണ് ഉത്പന്നങ്ങൾക്ക് ഓർഡർ നൽകുന്നത്. അഹമ്മദാബാദ് ഐ.ഐ.എം 25 സംസ്ഥാനങ്ങളിൽ നടത്തിയ സർവേയിൽ 65 ശതമാനം ഉപഭോക്താക്കളും കാശ് ഓൺ ഡെലിവറിയാണ് നടത്തിയത്. 35,000 ഓൺലൈൻ ഉപഭോക്താക്കളാണ് സർവേയിൽ പങ്കെടുത്തത്. 3.5 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവരാണ് കാശ് ഓൺ ഡെലിവറി കൂടുതൽ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

