വിഴിഞ്ഞം തുറമുഖ സമർപ്പണം ആഘോഷമാക്കാൻ സർക്കാർ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമർപ്പണം ആഘോഷമാക്കാനുള്ള ഒരുക്കവുമായി സർക്കാർ. മേയ് രണ്ടിന് തുറമുഖത്തിന്റെ കമീഷനിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിക്കുക. സ്വാഗതസംഘം ഓഫിസ് തുറന്നതിനൊപ്പം സർക്കാറിന്റെ പ്രധാന ഭരണനേട്ടമെന്ന നിലയിൽ തുറമുഖ സമർപ്പണം ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രി ശനിയാഴ്ച വിഴിഞ്ഞത്തെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ കോസ്റ്റ് ഗാർഡ്, ഇൻലാൻഡ് നാവിഗേഷൻ, ഫിഷറീസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനകൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, പ്രൈവറ്റ് ബസ് തൊഴിലാളികൾ തുടങ്ങിയ വിവിധ മേഖലകളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗം കഴിഞ്ഞ ദിവസം ചേർന്നു. ട്രയൽ റൺ പൂർത്തിയാക്കി കൊമേഴ്സ്യൽ ഓപറേഷൻ ഘട്ടത്തിലുള്ള തുറമുഖത്ത് 265ൽ പരം കപ്പലുകളാണ് ഇതുവരെ എത്തിയത്.
അഞ്ചര ലക്ഷത്തിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനായതും നേട്ടമായി വിലയിരുത്തപ്പെടുന്നു. ഉദ്ഘാടനത്തിനൊപ്പം അനുബന്ധ വികസന പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. റെയിൽവേ-റോഡ് കണക്റ്റിവിറ്റിയാണ് ഇതിൽ പ്രധാനം. 10.7 കിലോമീറ്റർ റെയിൽവേയിൽ 9.2 കിലോമീറ്റർ തുരങ്കപാതയാണ് നിർദേശിച്ചിട്ടുള്ളത്. കൊങ്കൺ റെയിൽവേ തയാറാക്കിയ ഡി.പി.ആറിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. റോഡ് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായി രൂപവത്കരിച്ച കമ്മിറ്റി ദേശീയപാത വിഭാഗവുമായി ചർച്ചകൾ നടത്തിയിരുന്നു.
താൽക്കാലിക സംവിധാനമായി 1.6 കിലോമീറ്റർ റോഡ് ഉടൻ പൂർത്തിയാക്കാനാണ് ധാരണ. തുറമുഖത്തിന്റെ ഒന്നാംഘട്ടം കമീഷൻ ചെയ്യുന്നതിനൊപ്പം രണ്ടാം ഘട്ടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നും സർക്കാർ വ്യക്തമാക്കുന്നു. തുറമുഖത്തിനുള്ള വി.ജി.എഫ് ഫണ്ട് തിരിച്ചടക്കണമെന്ന കേന്ദ്ര നിലപാട് തിരിച്ചടിയായിട്ടും ഇതുസംബന്ധിച്ച കരാർ ഒപ്പിടാൻ സംസ്ഥാനം തായാറായത് പദ്ധതി എങ്ങനെയും പ്രവർത്തന സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

