ഇന്ധനവില വര്‍ധനയിലൂടെ വരുമാനം കുതിക്കുന്നു; കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.71 ലക്ഷം കോടി
text_fieldsന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍-പാചക വാതക നികുതി വര്‍ധനയിലൂടെ സര്‍ക്കാറിൻെറ വരുമാനത്തില്‍ വന്‍വര്‍ധന. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഖജനാവില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷമെത്തിയത് 6,71,461 കോടി രൂപ. 2020-21 വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന് 4,53,812 കോടിയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 2,17,650 കോടിയും വരുമാനം ലഭിച്ചു. 2019-20 കാലത്ത് ഇത് യഥാക്രമം 3,34,315 കോടി, 2,21,056 കോടി എന്നിങ്ങനെയായിരുന്നു. രാജ്യസഭയില്‍ ലോക്താന്ത്രിക് ജനതാദള്‍ അംഗം എം.വി. ശ്രേയാംസ് കുമാറിന് പെട്രോളിയം-പ്രകൃതി വാതക മന്ത്രി രമേശ്വര്‍ തേലി രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭവും മുന്‍ വര്‍ഷത്തേക്കാള്‍ എട്ടിരട്ടിയോളം കൂടി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (21836 കോടി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (19,042 കോടി), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (10,664 കോടി) എന്നിവ മാത്രം ചേര്‍ന്ന് നേടിയ അറ്റാദായം 51542 കോടി രൂപ. 2019-20 വര്‍ഷം മൂന്നു കമ്പനികളും ചേര്‍ന്ന് നേടിയത് 6633 കോടി രൂപയായിരുന്നു.
കോവിഡ് ബാധ കാരണമാണ് അന്നു ലാഭം കുറഞ്ഞതെന്നു കരുതിയാല്‍ കൂടി കോവിഡിനു മുമ്പുള്ള 2018-19 കാലത്തെ ആകെ ലാഭമായ 30055 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 58 ശതമാനം വര്‍ധനയാണിപ്പോഴത്തേത്. 2018-19 കാലത്തെ ക്രൂഡ് ഓയില്‍ വിലയായ ബാരലിന്റെ 69.88 ഡോളര്‍ എന്ന ഏകദേശ വില തന്നെ (68.78 ഡോളര്‍) നിലനില്‍ക്കുമ്പോഴാണ് ഈ വരുമാന വ്യത്യാസമുണ്ടായത്. നികുതിയിലെ വര്‍ധനയാണിതിനു കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
2018-19 കാലത്ത് ഡല്‍ഹിയില്‍ പെട്രോളിന് 75.37 രൂപ, ഡീസലിന് 68.22 രൂപ, വീട്ടാവശ്യങ്ങള്‍ക്കുള്ള പാചക വാതകം സിലിന്‍ഡറിന് 768.12 രൂപ എന്നിങ്ങനെയാണ് വിലയെങ്കില്‍ ഇപ്പോഴത് യഥാക്രമം 94.53 രൂപ, 84.79 രൂപ, 821.75 രൂപ എന്നിങ്ങനെ (ജൂലൈ 21 വരെ) ആണെന്ന് മന്ത്രി മറുപടിയില്‍ അറിയിച്ചു.
ക്രൂഡ് ഓയിലിന്റെ ശരാശരി വില ഏപ്രില്‍ 2020 മുതല്‍ ജൂലൈ 2021 വരെ ക്രമാനുഗതമായി വര്‍ധിച്ചതായും മറ്റൊരു ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു. 2020 ഏപ്രിലില്‍ ബാരലിന് 19.90 ഡോളര്‍ ആയിരുന്നത് 21 ജനുവരിയില്‍ 54.79-ഉം ജൂലൈയില്‍ 73.68-ഉം ആയതായി മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

