സൂക്ഷിച്ചോളൂ, ഇന്റർനെറ്റ് ഉള്ളടക്കത്തിൽ എ.ഐ ഉപയോഗിച്ചെങ്കിൽ ഇനി വെളിപ്പെടുത്തണം
text_fieldsന്യൂഡൽഹി: നിർമിത ബുദ്ധിയുടെ (എ.ഐ) സഹായത്തോടെ തയാറാക്കിയ ഉള്ളടക്കങ്ങൾ ഉപയോഗിക്കുന്നതിന് പുതിയ ചട്ടങ്ങൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വെബ്സൈറ്റുകളിലോ സമൂഹ മാധ്യമങ്ങളിലോ എ.ഐ കണ്ടന്റ് ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തുക. എ.ഐ ഉള്ളടക്കം ഉപയോഗിക്കുന്നവർ ഇക്കാര്യം വെളിപ്പെടുത്തണമെന്നാണ് പ്രധാന നിബന്ധന വരുന്നത്.
എല്ലാ എ.ഐ ഉള്ളടക്കങ്ങൾക്കും പ്രത്യേക തിരിച്ചറിയൽ ലാബൽ പതിക്കണമെന്നാണ് സർക്കാർ നിർദേശം. 2021ലെ ഇൻഫർമേഷൻ ടെക്നോളജി ചട്ടങ്ങളിൽ ഭേദഗതി വരുത്തിയായിരിക്കും പുതിയ നിർദേശം നടപ്പാക്കുക. എ.ഐ ഉള്ളടക്കം ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുന്നവരുടെ അവകാശവാദം പരിശോധിക്കാനും ശരിയാണോയെന്ന് ഉറപ്പുവരുത്താനും ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ വെബ്സൈറ്റുകളിലുണ്ടായിരിക്കണം. എ.ഐ ഉപയോഗിച്ചിട്ടുണ്ടെന്ന കാര്യം ഉള്ളടക്കം തയാറാക്കിയത് എല്ലാവർക്കും കാണുന്ന വിധം പരസ്യപ്പെടുത്തണമെന്നും സർക്കാർ തയാറാക്കിയ നിർദേശത്തിൽ പറയുന്നു.
വ്യാജ വാർത്തകൾക്കും വിഡിയോകൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം പാർലമെന്റിനകത്തും പുറത്തും ശക്തമായ സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കമെന്ന് ഐ.ടി, ഇലക്ട്രോണിക്സ് മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് പലരും വ്യാജ വിഡിയോയും മറ്റും തയാറാക്കി തെറ്റിദ്ധാരണ പരത്തുകയും സ്വകാര്യത ലംഘിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിർദേശം നടപ്പാക്കുന്നതിന് മുമ്പ് മേഖലയിലെ കമ്പനികളോട് സർക്കാർ അഭിപ്രായം തേടിയിട്ടുണ്ട്. നവംബർ ആറിന് മുമ്പ് അഭിപ്രായം അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എ.ഐ സഹായത്തോടെ തയാറാക്കിയ ഉള്ളടക്കം കണ്ടുപിടിക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങൾക്ക് സർക്കാർ പ്രത്യേക നിലവാരം നിശ്ചയിക്കില്ല. പക്ഷെ, എ.ഐ ഉപയോഗിച്ചിരിക്കുന്ന കാര്യം ഉള്ളടക്കം തയാറാക്കിയവർ വെളിപ്പെടുത്തിയെന്ന് ഉറപ്പുവരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

