സ്വർണവില കൂടുമ്പോൾ ഉപഭോക്താക്കളെ ആകർഷിച്ച് പുതിയ ട്രെൻഡ്
text_fieldsgold price
മുംബൈ: സ്വർണവില ദിനംപ്രതി പുതിയ റെക്കോർഡ് ഭേദിക്കുമ്പോൾ ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ തന്ത്രങ്ങൾ പയറ്റുകയാണ് ആഭരണ വ്യാപാരികൾ. കാരറ്റ് കുറഞ്ഞ സ്വർണത്തിൽ നിർമിച്ച ആഭരണങ്ങളാണ് ഉപഭോക്താക്കളുടെ മനം കവരുന്നത്.
രാജ്യം ഉത്സവ, വിവാഹ സീസണിലേക്ക് കടന്നിട്ടും ആളുകൾ സ്വർണം വാങ്ങാൻ മടിച്ചത് ആഭരണ വ്യാപര രംഗത്ത് തിരിച്ചടിയാകുമെന്ന് സൂചനയുണ്ടായിരുന്നു. വില കുതിച്ചുയർന്നതോടെ സാധരണക്കാരും പുതിയ തലമുറയും ബജറ്റ് സൗഹൃദ സ്വർണാഭരണങ്ങളിലേക്ക് മാറിയതോടെയാണ് ട്രെൻഡിന് തുടക്കമിട്ടത്.
ശനിയാഴ്ച പവന് 84,680 രൂപ തൊട്ട സ്വർണ വില അധികം വൈകാതെ ഒരു ലക്ഷം കടന്നേക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നതിനിടെയാണ് കച്ചവടം തിരിച്ചുപിടിക്കാനുള്ള ജുവല്ലറികളുടെ നീക്കം.
24 കാരറ്റ് എന്നത് 100 ശതമാനം ശുദ്ധമായ സ്വർണമാണ്. അതായത് കോപ്പർ, സിൽവർ, നിക്കൽ തുടങ്ങിയവയൊന്നും അടങ്ങാത്ത സ്വർണം. ജുവല്ലറികൾ 22 കാരറ്റ് സ്വർണാഭരണങ്ങളാണ് സാധാരണ വിൽക്കുന്നത്. അതേസമയം, 22 കാരറ്റ് സ്വർണത്തെക്കാൾ 60 മുതൽ 65 ശതമാനം വരെ വിലക്കുറവാണ് ഒമ്പത് കാരറ്റ് സ്വർണത്തിന്. അതുപോലെ 18 കാരറ്റ് സ്വർണത്തിന്റെ വിലയും വളരെ കുറവാണ്. ഉദാഹരണത്തിന് 22 കാരറ്റുള്ള ഒരു ഗ്രാം സ്വർണത്തിന് 9300 രൂപയാണ് വിലയെങ്കിൽ 18 കാരറ്റിന് 7,500 മുതൽ 7,600 വരെയും ഒമ്പത് കാരറ്റിന് 3750 മുതൽ 3850 വരെയും മാത്രമേ വരൂ. വില കുത്തനെ ഉയർന്നതിനാൽ സ്വർണാഭരണങ്ങൾ സാധാരണക്കാരന് വാങ്ങാൻ കഴിയാതെ വന്നതോടെയാണ് കാരറ്റ് കുറഞ്ഞ ആഭരണങ്ങളുടെ ഡിമാൻഡ് വർധിച്ചതെന്ന് സെൻകോ ഗോൾഡിന്റെ എം.ഡിയും സി.ഇ.ഒയുമായ സുവങ്കർ സെൻ പറഞ്ഞു.
ലൈറ്റ് വെയ്റ്റ്, കാരറ്റ് കുറഞ്ഞ സ്വർണാഭരണങ്ങളുടെ വിൽപനയിൽ ഒരോ വർഷവും വിപണിയിൽ 30 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. സ്വർണ വില ഉയരുന്നതിനാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഈ വർഷം 35 ശതമാനത്തിന്റെ വളർച്ച നേടുമെന്നാണ് പ്രതീക്ഷയെന്ന് പി.എൻ.ജി ജുവല്ലേഴ്സ് ചെയർമാനും എം.ഡിയുമായ ഡോ. സൗരഭ് ഗാഡ്ഗിലും വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

