വില കൂടിയപ്പോൾ സ്വർണ വിപണിയിൽ അരങ്ങ് തകർത്ത് പഴയ താരം
text_fieldsമുംബൈ: വില ചരിത്രം കുറിച്ച് മുന്നേറിയതോടെ സ്വർണം വാങ്ങുന്നതിലെ ട്രെൻഡ് മാറ്റിപ്പിടിച്ച് ഉപഭോക്താക്കൾ. ഇത്തവണ ദീപാവലി അടക്കം ഉത്സവങ്ങൾക്ക് സ്വർണം വാങ്ങാൻ വൻ വില നൽകേണ്ടി വന്നതോടെയാണ് ഷോപ്പിങ് സ്വഭാവത്തിൽ മാറ്റം വരുത്തിയത്. ദീപാവലി ആഘോഷത്തിന് തുടക്കം കുറിച്ച ധൻതേരസ് ദിവസം സ്വർണത്തിന് വൻ ഡിമാൻഡാണ് അനുഭവപ്പെട്ടത്. സ്വർണം വാങ്ങാൻ ഏറ്റവും ശുഭകരമായി ഉത്തരേന്ത്യക്കാർ കണക്കാക്കുന്ന ദിവസമായ ധൻതേരസിൽ വലിയൊരു വിഭാഗം ഉപഭോക്താക്കളും പഴയ സ്വർണം നൽകിയാണ് പുതിയ ആഭരണങ്ങൾ വാങ്ങിയത്. ഈ വർഷം രാജ്യത്തെ വൻകിട ജ്വല്ലറികളിൽനിന്ന് ഗോൾഡ് എക്സ്ചേഞ്ച് വഴി പുതിയ സ്വർണാഭരണങ്ങൾ വാങ്ങിയതിൽ റെക്കോഡ് വർധനയാണുണ്ടായത്.
ധൻതേരസ് ദിവസം ടാറ്റ ഗ്രൂപ്പിന്റെ ജ്വല്ലറി ബ്രാൻഡ് തനിഷ്‍കിന്റെ വിൽപനയിൽ പകുതിയോളം വിൽപനയും ഗോൾഡ് എക്സ്ചേഞ്ചിലൂടെയായിരുന്നു. കഴിഞ്ഞ വർഷം 35 ശതമാനം വിൽപന മാത്രമാണ് സ്വർണം മാറ്റി വാങ്ങലിലൂടെ നടന്നത്. റിലയൻസ് റീട്ടെയിൽ കമ്പനിയുടെ ഏകദേശം മൂന്നിലൊന്ന് കച്ചവടവും സ്വർണം മാറ്റിവാങ്ങലായിരുന്നു. കഴിഞ്ഞ വർഷം 22 ശതമാനമായിരുന്നു ഗോൾഡ് എക്സ്ചേഞ്ച് വിൽപന. അതുപോലെ സെൻകോ ഗോൾഡിന്റെ എക്സ്ചേഞ്ച് വിൽപന 35 ശതമാനത്തിൽനിന്ന് 45 ശതമാനത്തിലേറെയായി ഉയർന്നു.
വില കുതിച്ചുയർന്നതോടെ പണം നൽകി പുതിയ സ്വർണം വാങ്ങാനുള്ള ഉപഭോക്താക്കളുടെ സാമ്പത്തിക ശേഷി കുറഞ്ഞെന്ന് റിലയൻസ് റീട്ടെയിൽ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ദിനേശ് തലൂജ പറഞ്ഞു. സ്വർണാഭരണ വിൽപനയിലും വൻ ഇടിവാണുണ്ടായിരിക്കുന്നത്. വില കുറഞ്ഞാൽ സ്വർണത്തിന്റെ വിൽപന വീണ്ടും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കുടുംബങ്ങളുടെ ലോക്കറുകളിൽ 22,000 ടൺ സ്വർണം വെറുതെ കിടക്കുന്നെന്നാണ് ഔദ്യോഗിക കണക്ക്. അതുകൊണ്ട് സ്വർണം മാറ്റിവാങ്ങാൻ ഇത്തവണ ജ്വല്ലറികൾ നിരവധി ഓഫറുകൾ നൽകിയിരുന്നു. മാറ്റി വാങ്ങുമ്പോൾ പഴയ ആഭരണത്തിന്റെ വില കുറയ്ക്കില്ലെന്നായിരുന്നു തനിഷ്‍കിന്റെ ഓഫർ. നവരാത്രിക്ക് തനിഷ്‍കിന്റെ ഗോൾഡ് എക്സ്ചേഞ്ച് വിൽപന 38 മുതൽ 40 ശതമാനം വരെയായിരുന്നു. ദീപാവലി ഉത്സവ കാലം കഴിയുന്നതോടെ വിൽപന 50 ശതമാനം കടക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.ഇ.ഒ അജോയ് ചൗള പറഞ്ഞു.
അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമാണ് സ്വർണം മാറ്റി വാങ്ങൽ ട്രെൻഡുണ്ടായതെന്നാണ് കല്ല്യാൺ ജ്വല്ലേർസിന്റെ എക്സികുട്ടിവ് ഡയറക്ടറായ രമേശ് കല്ല്യാണരാമൻ ചൂണ്ടിക്കാണിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എക്സ്ചേഞ്ചിന് പകരം പണം നൽകി പുതിയ സ്വർണാഭരണങ്ങൾ തന്നെയാണ് ഉപഭോക്താക്കൾ വാങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. 850 ടൺ സ്വർണമാണ് ഇന്ത്യയിൽ ഒരു വർഷം ഉപഭോക്താക്കൾ വാങ്ങുന്നത്. ഇതിൽ 40 ശതമാനവും സ്വന്തമാക്കുന്നത് ദക്ഷിണേന്ത്യക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

