സ്വർണം, വെള്ളി വില ഇനിയുമുയരും; 6.8-7.2 ശതമാനം വളർച്ച പ്രവചിച്ച് സാമ്പത്തിക സർവേ
text_fieldsന്യൂഡൽഹി: ആഗോള അനിശ്ചിതത്വങ്ങൾക്കും പണപ്പെരുപ്പത്തിന്റെ ആശങ്കകൾക്കുമിടയിൽ സുരക്ഷിത നിക്ഷേപമായി മാറിയതിനാൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇനിയുമുയരുമെന്നും ലോഹങ്ങളുടെ വിലേയറുന്നത് ഇന്ത്യയിലെ പണപ്പെരുപ്പത്തെ സ്വാധീനിക്കുമെന്നും കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ. തെരഞ്ഞെടുപ്പുകാലത്ത് അക്കൗണ്ടുകളിലേക്ക് പണമിട്ടുകൊടുത്ത് വോട്ടുപിടിക്കുന്നത് പതിവാക്കുന്ന രീതി ചോദ്യം ചെയ്യുന്ന സർവേ ഉപാധികളില്ലാതെ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് പണമിട്ടുകൊടുക്കുന്നത് സംസ്ഥാനങ്ങളുടെ ധനസ്ഥിതി ദുർബലപ്പെടുത്തുമെന്നും വളർച്ചക്കാവശ്യമായ പൊതുനിക്ഷേപങ്ങളെ തടസ്സപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകുന്നു. നടപ്പു സാമ്പത്തിക വർഷത്തിൽ വളർച്ച 6.8 - 7.2 ശതമാനത്തിനിടയിലായിരിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ച സർവേ ചൂണ്ടിക്കാട്ടി.
ലോഹങ്ങളാൽ പണപ്പെരുപ്പം; ചെമ്പിന് ക്ഷാമം നേരിടും
ഭക്ഷ്യോൽപന്നങ്ങളുടെയും ഊർജമേഖലയിലെയും വിലക്കുറവ് പണപ്പെരുപ്പത്തെ മിതമാക്കുമ്പോഴും വിലയേറിയ ലോഹങ്ങളുടെ ഉയർച്ച പണപ്പെരുപ്പത്തെ ഉറപ്പിച്ചുനിർത്തുകയാണെന്ന് സർവേ ചൂണ്ടിക്കാട്ടി. വിലയേറിയ ലോഹങ്ങളായ സ്വർണവും വെള്ളിയും കൂടാതെ ചെമ്പ്, ഇരുമ്പ്, അലുമിനിയം തുടങ്ങിയ അടിസ്ഥാന ലോഹങ്ങളുടെ വിലയിലും മിതമായ വർധനയുണ്ടാകുമെന്നും ഇത് ഇന്ത്യയിലെ പണപ്പെരുപ്പത്തെയും വായ്പാ പ്രവണതകളെയും ബാധിക്കുമെന്നും സർവേ തുടർന്നു.
നിർമിതബുദ്ധി ഡാറ്റ സെന്ററുകളുടെ ഊർജാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തുടങ്ങിയതോടെ ചെമ്പിന് ലോകത്തുടനീളം ക്ഷാമം നേരിടുമെന്ന് സർവേ ചൂണ്ടിക്കാട്ടി. ഊർജ കൈമാറ്റത്തിന് സാങ്കേതിക വിദ്യ മാത്രം മതിയാകില്ലെന്നും ആരാണ് നിർണായക ധാതുഖനിജങ്ങളെ നിയന്ത്രിക്കുന്നുവെന്നതും പ്രധാനമാണെന്നും സർവേ തുടർന്നു. ചെമ്പ്, ലിഥിയം കോബാൾട്ട്, നിക്കൽ തുടങ്ങിയവ ഊർജ സുരക്ഷയെ സ്വാധീനിക്കും.
അക്കൗണ്ടിൽ പണമിട്ടുകൊടുക്കുന്ന സൗജന്യത്തിനെതിരെ മുന്നറിയിപ്പ്
സൗജന്യങ്ങളായി ഉപാധികളില്ലാതെ അക്കൗണ്ടുകളിലേക്കുള്ള പണം കൈമാറ്റം സംസ്ഥാനങ്ങളിലെ ക്ഷേമ നയങ്ങളുടെ കേന്ദ്ര സ്തംഭമായി വേഗത്തിൽ മാറിയിരിക്കുന്നുവെന്ന് സർവേ കുറ്റപ്പെടുത്തി. ഇത്തരം പദ്ധതികൾ നടപ്പാക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചിരട്ടിയിലധികം വർധിച്ചതായും ഏകദേശം പകുതി സംസ്ഥാനങ്ങളും വരുമാനക്കമ്മിയിലാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം സ്ത്രീകൾക്ക് പെട്ടെന്ന് വരുമാന വർധനയുണ്ടാകുമെങ്കിലും സാമ്പത്തികവും ധനകാര്യപരവുമായ പ്രയാസകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇത്തരം പദ്ധതികളുടെ ഹ്രസ്വകാല ഗുണങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിലും, അവയുടെ വ്യാപ്തിയും തുടർച്ചയും സംസ്ഥാനങ്ങളുടെ ധനസ്ഥിതി ദുർബലപ്പെടുത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന പൊതു നിക്ഷേപങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് സാമ്പത്തിക സർവേ മുന്നറിയിപ്പ് നൽകുന്നു. 1.7 ലക്ഷം കോടി ഇതിനുള്ള ചെലവായി കണക്കാക്കപ്പെടുന്നതിനാൽ സംസ്ഥാനങ്ങളുടെ കടം വർധിക്കുന്ന സാഹചര്യം മുൻനിർത്തി വിഷയത്തെ യാഥാർഥ്യബോധത്തോടെ സമീപിക്കണം.
കേന്ദ്ര ബജറ്റിന്റെ മുൻഗണനകൾ
വരാനിരിക്കുന്ന യൂനിയൻ ബജറ്റ് 2026 ഇന്ത്യയുടെ ദീർഘകാല വളർച്ചയെയും ആഗോള പദവിയെയും ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്നും റെയിൽവേ, അടിസ്ഥാന സൗകര്യ വികസനം, നഗരവികസനം, നിർമാണമേഖല, പ്രതിരോധം, നിർമിതബുദ്ധി എന്നിവക്ക് ഊന്നൽ നൽകുമെന്നും സർവേയിലുണ്ട്.
കുറയുന്ന ധനകമ്മിയും കൂടുന്ന മൂലധനച്ചെലവും
2025-26 സാമ്പത്തിക വർഷത്തിൽ ധനകമ്മി 4.4 ശതമാനമായിരിക്കുമെന്ന് ബജറ്റ് കണക്കാക്കുന്നു. 2024-25-ൽ ഇത് 4.8 ശതമാനമായിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ വലിയ തോതിൽ നിക്ഷേപം നടത്തുന്നു. മൂലധനച്ചെലവ് മഹാമാരിക്ക് മുമ്പുള്ള കാലത്തെ 1.7 ശതമാനത്തിൽനിന്ന് 2024-25-ൽ നാല് ശതമാനമായി ഉയർന്നു. വാണിജ്യ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തികളും അറ്റ നിഷ്‌ക്രിയ ആസ്തികളും ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.
യു.എസ് ഭീഷണിക്കിടെ എണ്ണ ഇറക്കുമതി കൂട്ടി
സ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾക്കിടയിൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ അമേരിക്കയുടെ പങ്ക് 4.6 ശതമാനത്തിൽനിന്ന് 8.1 ശതമാനമായി ഉയർന്നു. അതേസമയം റഷ്യയിൽനിന്നുള്ള ഇറക്കുമതി കുറഞ്ഞു. റഷ്യക്ക് പുറമെ സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതി കുറഞ്ഞപ്പോൾ യു.എസ്.എ, യു.എ.ഇ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി കൂടി. എന്നാൽ, യു.എസിന്റെ താരിഫ് വർധന ഉൾപ്പടെയുള്ള ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ കയറ്റുമതി മേഖല കരുത്തുകാട്ടിയെന്നും സർവേ റിപ്പോർട്ടിലുണ്ട്.
‘വിവരാവകാശ നിയമം പുനഃപരിശോധിക്കണം’
ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടുമുമ്പ് പ്രാബല്യത്തിൽവന്ന വിവരാവകാശ നിയമം പുനഃപരിശോധിക്കണമെന്ന് സാമ്പത്തിക സർവേയിൽ നിർദേശം. രഹസ്യ റിപ്പോർട്ടുകളും ഡ്രാഫ്റ്റ് കമന്റുകളും വെളിപ്പെടുത്താൻ പാടില്ലെന്നും അത്തരം വ്യവസ്ഥകൾ ഭരണ നിർവഹണത്തെ തടസ്സപ്പെടുത്തുമെന്നുമാണ് പരാമർശം. 2005ലെ വിവരാവകാശ നിയമം നിഷ്‌ക്രിയ കൗതുകത്തിനുള്ള ഉപാധിയായല്ല വിഭാവനം ചെയ്തത്. പുറമെനിന്ന് സർക്കാറിനെ മൈക്രോ മാനേജ് ചെയ്യാനുള്ള സംവിധാനവുമല്ല.
അഴിമതി തടയാനും ജനാധിപത്യ പ്രക്രിയയിൽ ജനപങ്കാളിത്തം ശക്തിപ്പെടുത്താനുംവേണ്ടി ഓരോ അധികാര ശ്രേണിയിലും സുതാര്യതയും ഉത്തരവാദിത്തവും വളർത്തുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം. അതിൽ ദൃഢമായി കേന്ദ്രീകരിച്ചും ഉരുത്തിരിയുന്ന പാഠങ്ങൾ ഉൾക്കൊള്ളിച്ചും അന്തഃസത്തയിൽ വിട്ടുവീഴ്ച വരുത്താതെ, ആഗോളതലത്തിലെ ഉത്തമ കീഴ്വഴക്കങ്ങളുമായി പൊരുത്തപ്പെടുത്താനാണ് പുനഃപരിശോധന വേണ്ടതെന്ന് സാമ്പത്തിക സർവേ വിശദമാക്കി.
പൊതുജന താൽപര്യത്തിൽ വരാത്ത സർവിസ് റെക്കോഡുകൾ, ട്രാൻസ്ഫറുകൾ, രഹസ്യ സ്റ്റാഫ് റിപ്പോർട്ടുകൾ എന്നിവ സംരക്ഷിക്കപ്പെടണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

