കാറുകളുടെ മലിനീകരണം: വികസിത രാജ്യങ്ങളിലെ നയം നടപ്പാക്കാൻ ഇന്ത്യ
text_fieldsമുംബൈ: രാജ്യത്ത് ചെറിയ കാറുകൾക്ക് മലിനീകരണ നിയന്ത്രണ ചട്ടങ്ങളിൽ ഇളവ് നൽകുന്നതിലെ തർക്കം പരിഹരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ആഗോള വിപണിയിലെ നയം പരിശോധിച്ച് കോർപറേറ്റ് ആവറേജ് ഫുവൽ എഫിഷൻസി (കഫെ) ചട്ടങ്ങൾ തയാറാക്കാനാണ് സർക്കാർ നീക്കം. യു.എസ്, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ വികസിത രാജ്യങ്ങളിലും യൂറോപ്യൻ യൂനിയനിലും നിലവിലുള്ള മലനീകരണ നിയന്ത്രണ ചട്ടങ്ങൾ പരിശോധിച്ച് സമാനമായ നയമാണ് നടപ്പാക്കുക.
അടുത്ത വർഷമാണ് രാജ്യത്ത് പുതിയ കഫെ ചട്ടങ്ങൾ നിലവിൽ വരുന്നത്. ചെറിയ കാറുകൾക്ക് ഭാരം അടിസ്ഥാനമാക്കി കഫെ ചട്ടങ്ങളിൽ ഇളവുകൾ നൽകണമെന്ന് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുകി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ മാരുതിയും ടാറ്റ മോട്ടോർസും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ ആഗോള വിപണിയിലെ നയം പരിശോധിക്കുന്നത്.
ആഗോള വിപണിയിൽ ചെറിയ കാറുകൾക്ക് നടപ്പാക്കിയ കഫെ ചട്ടങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചതായി ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറർസ് (സിയാം) മുതിർന്ന എക്സികുട്ടിവ് പറഞ്ഞു. വാഹന നിർമാതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രം റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബി.ഇ.ഇ) പുറപ്പെടുവിച്ച കരട് മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചർച്ചക്കിടെയാണ് അഭിപ്രായ ഭിന്നത ഉയർന്നത്. കഫേ മാനദണ്ഡങ്ങളുള്ള രാജ്യങ്ങളിൽ വിൽക്കുന്ന എല്ലാ വാഹനങ്ങളുടെയും നൂറു ശതമാനം ഡാറ്റയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതായി എക്സികുട്ടിവ് വ്യക്തമാക്കി. കേന്ദ്ര സർക്കാർ നിർദേശ പ്രകാരം ഘന മന്ത്രാലയത്തിനും വൈദ്യുതി മന്ത്രാലയത്തിനുമാണ് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിനെ കുറിച്ച് വാഹന നിർമാതാക്കളിൽനിന്ന് കേന്ദ്ര സർക്കാർ പ്രതികരണവും തേടിയിട്ടുണ്ട്.
സിയാം സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 1,090 കിലോഗ്രാമിൽ താഴെ ഭാരമുള്ള ചെറിയ കാറുകൾക്ക് കഫേ ചട്ടങ്ങളിൽ ചൈന ഇളവുകൾ നൽകുന്നുണ്ട്. 1115 കിലോഗ്രാമിൽ താഴെയുള്ള കാറുകൾക്ക് യൂറോപ്പിലും 1100 കിലോഗ്രാമിൽ താഴെയുള്ള കാറുകൾക്ക് ദക്ഷിണ കൊറിയയിലും മലിനീകരണ നിയന്ത്രണ ചട്ടങ്ങളിൽ ഇളവുണ്ട്. ജപ്പാനിൽ വാഹനങ്ങളുടെ ഭാരം കൂടുന്നതിന് അനുസരിച്ചാണ് കൂടുതൽ ഇളവുകൾ നൽകുന്നത്. യു.എസിൽ വാഹനത്തിന്റെ വലിപ്പം അടിസ്ഥാനമാക്കി ഇളവ് നൽകുന്നതിനാൽ ചെറിയ കാറുകൾക്ക് പ്രത്യേക ആനുകൂല്യം ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

