വെനസ്വേലൻ അധിനിവേശം: വീണ്ടും കുതിക്കാനൊരുങ്ങി സ്വർണം, വെള്ളി വില
text_fieldsമുംബൈ: വെനിസ്വേലയിൽ അതിക്രമിച്ചുകയറിയ യു.എസ് സൈന്യം പ്രസിഡന്റ് നികളസ് മദുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ന്യൂയോർക്കിലേക്ക് കൊണ്ടുപോയതോടെ ഏറെ ആകാംക്ഷയിലാണ് വിപണിയും നിക്ഷേപകരും. വെനിസ്വേല ഏറെ സ്വാധീനമുള്ള സാമ്പത്തിക ശക്തിയല്ലെങ്കിലും യു.എസ് നീക്കം ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥ രൂക്ഷമാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അനിശ്ചിതാവസ്ഥ വർധിക്കുന്നത് സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെയും വെള്ളിയുടെയും ഡിമാൻഡ് ഉയർത്തും. അതേസമയം, പുതിയ സംഭവ വികാസങ്ങൾ ഇന്ത്യയുടെ ഓഹരി വിപണിക്ക് ആഘാതമാകില്ലെങ്കിലും കുതിപ്പ് തുടരുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ലെന്നും വിദഗ്ധർ സൂചിപ്പിച്ചു.
പുതുവത്സരത്തിന് ശക്തമായ മുന്നേറ്റത്തോടെയാണ് സ്വർണം തുടക്കം കുറിച്ചത്. ഔൺസിന് ഒരു ശതമാനത്തിലധികം ഉയർന്ന് 4,370 ഡോളറിനടുത്ത് വ്യാപാരം നടന്നു. 1979ന് ശേഷം ആദ്യമായി കഴിഞ്ഞ വർഷം ഏറ്റവും മികച്ച നേട്ടം സമ്മാനിച്ചാണ് സ്വർണം കുതിപ്പ് തുടരുന്നത്. വെള്ളി വിലയും രണ്ട് ശതമാനത്തിലേറെ ഉയർന്ന് 73 ഡോളറായി. ആഗോള വിപണിയിൽ ഡോളറിന്റെ മൂല്യം ഇടിഞ്ഞതും വ്യവസായ മേഖലയിൽനിന്നുള്ള ഡിമാൻഡ് ഉയർന്നതും വിതരണത്തിൽ ക്ഷാമം നേരിടുന്നതുമാണ് വെള്ളി നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചത്. 99,600 രൂപയാണ് കേരളത്തിലെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഞായറാഴ്ചത്തെ വില. ഗ്രാമിന് 12,450 രൂപയും.
വെനിസ്വേലക്കെതിരായ യു.എസ് ആക്രമണം മേഖലയിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും അനിശ്ചിതത്വത്തിന് ആക്കം കൂട്ടുമെന്നും യാ വെൽത്ത് ഡയറക്ടർ അനൂജ് ഗുപ്ത പറഞ്ഞു. ഇക്കാരണത്താൽ, സ്വർണം, വെള്ളി, കോപ്പർ, അസംസ്കൃത എണ്ണ തുടങ്ങിയ എല്ലാ ആസ്തികളുടെയും വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര വിപണിയിലെ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണ വില 10 ഗ്രാമിന് 140,000 രൂപയിലെത്തുമെന്നും അനൂജ് ഗുപ്ത കൂട്ടിച്ചേർത്തു.
വെനിസ്വേലക്കെതിരായ യു.എസ് ആക്രമണം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില വർധിപ്പിക്കാനുള്ള കാരണങ്ങളെക്കുറിച്ചും സാമ്പത്തിക വിദഗ്ധർ വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ വെള്ളി കയറ്റുമതിക്കാരായ പെറുവും ചാഡും വെള്ളി കയറ്റുമതിക്കായി ഉപയോഗിക്കുന്ന കടൽ പാതയെ യു.എസ്-വെനിസ്വേല പ്രതിസന്ധി അപകടത്തിലാക്കിയതാണ് വെള്ളി വില വീണ്ടും ഉയരാൻ കാരണമെന്ന് ബാസവ് കാപിറ്റൽ കോഫൗണ്ടർ സന്ദീപ് പാണ്ഡെ പറഞ്ഞു. ഒപ്പം സ്വർണ വിലയും തിങ്കളാഴ്ച വർധിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഓഹരി വിപണിക്ക് ആഘാതമുണ്ടാക്കില്ലെങ്കിലും ഇന്ത്യൻ ഓയിൽ കോർപറേഷൻ അടക്കമുള്ള എണ്ണ കമ്പനികളുടെ ഓഹരികൾ വിൽപന സമ്മർദം നേരിടും. എങ്കിലും അധികം വൈകാതെ ഈ ഓഹരികൾ തിരിച്ചുകയറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സന്ദീപ് പാണ്ഡെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

