ലിഥിയം മുതൽ ഗ്രാഫൈറ്റ് വരെ; 20 ഖനികളുടെ ലേലം രണ്ടാഴ്ചക്കുള്ളിൽ
text_fieldsന്യൂഡൽഹി: ഉൽപാദന വർധന ലക്ഷ്യമിട്ട് 20 പ്രധാനപ്പെട്ട ഖനികൾ കൂടി ലേലം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. അടുത്ത രണ്ടാഴ്ചക്കുള്ളിൽ ഖനികളുടെ ലേലമുണ്ടാവുമെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ലിഥിയം, ഗ്രാഫൈറ്റ് ഖനികൾ ഉൾപ്പടെയാണ് ലേലം ചെയ്യുന്നതെന്ന് ഖനി സെക്രട്ടറി വി.എൽ കാന്ത റാവു അറിയിച്ചു.
കഴിഞ്ഞ മാസം ലിഥിയം, നിയോബിയം എന്നിവയുടെ റോയൽറ്റി റേറ്റിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരുന്നു. ലിഥിയത്തിന്റെയും നിയോബിയത്തിന്റേയും റോയൽറ്റി നിരക്ക് മൂന്ന് ശതമാനമായാണ് സർക്കാർ നിശ്ചയിച്ചത്.ഖനികൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കും ദേശീയ സുരക്ഷക്കും പ്രാധാന്യമർഹിക്കുന്നതാണെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ. ലിഥിയം ഖനികളുടെ ലേലം ഫോസിൽ ഇന്ധനങ്ങളിൻമേലുള്ള ഇന്ത്യയുടെ ആശ്രയത്വം കുറച്ച് നെറ്റ് സീറോയിലേക്കുള്ള ചുവടുവെപ്പിന് വേഗം പകരുമെന്നാണ് കണക്കാക്കുന്നത്.
നേരത്തെ 35 കൽക്കരി ഖനികൾ ലേലം ചെയ്യാനും കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. നവംബർ 15നാണ് ലേലം നടക്കുക. കൽക്കരി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലേലം കൊണ്ട് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. 2020ന് ശേഷം 91 ഖനികൾ ഇത്തരത്തിൽ കേന്ദ്രസർക്കാർ ലേലം ചെയ്തിരുന്നു. ഖനികളും ലേലം രാജ്യത്തെ കൽക്കരി ഉൽപാദനത്തിൽ വലിയ പുരോഗതി ഉണ്ടാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

