യു.എസ് സന്ദർശകരുടെ എണ്ണം കുത്തനെ കുറഞ്ഞു; തിരിച്ചടിയായത് ട്രംപിന്റെ നയം
text_fieldsവാഷിങ്ടൺ: യു.എസ് സന്ദർശിക്കുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം കുത്തനെ കുറയുന്നു. ഡോണൾഡ് ട്രംപ് രണ്ടാമതും പ്രസിഡന്റായി ചുമതലയേറ്റ ശേഷമാണ് കുറവു വന്നത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും താരിഫ് ഭീഷണിയും കസ്റ്റംസ് പരിശോധനകൾ ശക്തമാക്കിയതുമാണ് തിരിച്ചടിയായത്. കഴിഞ്ഞ വർഷം യു.എസ് സന്ദർശിച്ച വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 4.2 ശതമാനം കുറവുണ്ടായി. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് ഇത്രയും കുറവ് വരുന്നത്. ഇന്റർനാഷനൽ ട്രേഡ് അഡ്മിനിസ്ട്രേഷനാണ് ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. അതേസമയം, യു.എൻ ടൂറിസം വകുപ്പിന്റെ കണക്ക് പ്രകാരം ലോകത്തെ മറ്റു പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷകളിൽ വിദേശ വിനോദ സഞ്ചാരികളുടെ വരവ് നാല് ശതമാനം ഉയർന്നിട്ടുണ്ട്.
വിദേശ സഞ്ചാരികളുടെ വരവിൽ കുറവ് രേഖപ്പെടുത്തിയ ലോകത്തിലെ ഏക പ്രധാന ടൂറിസം ഡെസ്റ്റിനേഷനാണ് യു.എസെന്ന് യു.എസ് ട്രാവൽ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് എറിക് ഹാൻസെൻ പറഞ്ഞു. 1.1 കോടി വിദേശ സഞ്ചാരികളുടെ കുറവുണ്ടായതിലൂടെ യു.എസിന് നഷ്ടമായത് 50 ബില്ല്യൻ ഡോളർ അതായത് 4.53 ലക്ഷം കോടി രൂപയാണ്. ഇതു ഭീകരമായ ആഘാതമാണെന്ന് ഹാൻസെൻ പറഞ്ഞു. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഒരു ശതമാനത്തിന്റെ കുറവുണ്ടാകുന്നത് പോലും കോടിക്കണക്കിന് ഡോളറിന്റെയും ആയിരക്കണക്കിന് തൊഴിലവസരങ്ങളുടെയും നഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം യു.എസ് ഭരണകൂടം സ്വീകരിച്ച നയങ്ങളാണ് വിദേശ സഞ്ചാരികളുടെ യാത്ര അസാധ്യമാക്കിയത്. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ഒരു ഡസനിലേറെ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. ബ്രസീലും തായ്‍വാനും അടക്കമുള്ള 75 രാജ്യങ്ങളിലെ സഞ്ചാരികൾക്ക് വിസ അനുവദിക്കുന്നത് റദ്ദാക്കുകയും ചെയ്തു. മാത്രമല്ല, യു.എസ് സന്ദർശിക്കുന്നവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പരിശോധിക്കാൻ തുടങ്ങിയതും ഗുരുതരമായി ബാധിച്ചു. യു.എസിന്റെ സഖ്യകക്ഷി രാജ്യങ്ങളോടു പോലും ട്രംപ് കടുത്ത നിലപാട് സ്വീകരിച്ചത് വിനോദ സഞ്ചാരികളെ നിരാശപ്പെടുത്തി.
കാനഡയിൽനിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലാണ് ഗണ്യമായ കുറവാണുണ്ടായത്. 2024നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 10.2 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് ഇന്റർനാഷനൽ ട്രാവൽ അഡ്മിനിസ്ട്രേഷന്റെ കണക്ക്. യൂറോപ്പിൽനിന്നുള്ള സഞ്ചാരികളുടെ എണ്ണം 3.1 ശതമാനവും പശ്ചിമേഷ്യയിൽനിന്നുള്ളവരുടെ എണ്ണം മൂന്ന് ശതമാനവും കുറഞ്ഞു. ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥക്കിടെ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായത് യു.എസിലെ ഹോട്ടൽ വ്യവസായ മേഖലയെയും ഗുരുതരമായി ബാധിച്ചു. കോവിഡിന് ശേഷം ആദ്യമായി ഹോട്ടലുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞതായി അനലിറ്റിക്സ് കമ്പനിയായ കോസ്റ്റാർ പറയുന്നു. ട്രംപ് കഴിഞ്ഞ ഏപ്രിലിൽ താരിഫ് പ്രഖ്യാപിച്ചത് മുതൽ ഹോട്ടലുകളുടെ വരുമാനം ഓരോ മാസവും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.
യൂറോപ്യൻ വിമാനക്കമ്പനികൾക്ക് ഏറ്റവും കൂടുതൽ വരുമാനവും ലാഭവും നൽകിയ റൂട്ടായിരുന്നു നോർത്ത് അമേരിക്ക. എന്നാൽ, ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണം കുറഞ്ഞതായി ലുഫ്താൻസ ചീഫ് എക്സികുട്ടിവ് കാസറ്റൻ സ്പോർ പറഞ്ഞു. വിദേശ സഞ്ചാരികളുടെ സന്ദർശനം കുറയാൻ സാധ്യതയുണ്ടെന്ന് യു.എസിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ ഡിസ്നി കഴിഞ്ഞ ആഴ്ച ഓഹരി ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

