മലയാളിയുടെ വിമാനകമ്പനിക്ക് പ്രവർത്തനാനുമതി; ലക്ഷദ്വീപിലേക്ക് ഉൾപ്പടെ സർവീസ് ഉടൻ
text_fieldsന്യൂഡൽഹി: മലയാളിയായ മനോജ് ചാക്കോയുടെ വിമാനകമ്പനി ഫ്ലൈ 91ന് സർവിസ് നടത്താൻ എയർ ഓപറേറ്റർ പെർമിറ്റ് അനുവദിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). ഫ്ലൈ 91 തന്നെയാണ് അനുമതി ലഭിച്ച വിവരം അറിയിച്ചത്. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയതായും സർവിസുകൾ ഉടൻ ആരംഭിക്കുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ലക്ഷദ്വീപ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് വിമാന കമ്പനി സർവിസ് തുടങ്ങും.
ടിക്കറ്റ് വിൽപന ഉടൻ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ മനോജ് ചാക്കോ അറിയിച്ചു. കേന്ദ്രസർക്കാറിന്റെ ഉഡാൻ പദ്ധതിയിൽ വരുന്ന റൂട്ടുകളാണ് വിമാന കമ്പനിക്ക് അനുവദിച്ചിരിക്കുന്നത്. സിന്ധുദുർഗ്, ജൽഗാവ്, നന്ദേഡ്, അഗത്തി എന്നീ സ്ഥലങ്ങളിലേക്ക് ബംഗളൂരു, പുണെ, ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്ന് സർവിസുണ്ടാകും. എ.ടി.ആറിന്റെ 72-600 വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും സർവിസ് നടത്തുക. ഇതിനായി ദുബൈ എയ്റോ സ്പേസിൽനിന്ന് കമ്പനി വിമാനങ്ങൾ വാടകക്കെടുത്തിട്ടുണ്ട്.
ഗോവയിലെ മനോഹർ ഇന്റർനാഷണൽ എയർപോർട്ട് കേന്ദ്രീകരിച്ചാവും കമ്പനിയുടെ പ്രവർത്തനം. അഞ്ച് വർഷത്തിനുള്ളിൽ 50 നഗരങ്ങളിലേക്ക് സർവിസ് വ്യാപിപ്പിക്കാനാണ് ഫ്ലൈ 91 ലക്ഷ്യമിടുന്നത്. 30 വിമാനങ്ങളും ഇക്കാലയളവിൽ കമ്പനി കൂട്ടിച്ചേർക്കും. എമിറേറ്റ്സിലും കിങ്ഫിഷറിലും ജോലി ചെയ്ത് പരിചയമുള്ള മനോജ് ചാക്കോ തന്നെയാവും പുതിയ വിമാനകമ്പനിയെ നയിക്കുക. മനോജ് ചാക്കോയുടെ കാലത്താണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ എയർലൈനായി കിങ്ഫിഷർ വളർന്നത്. ഇന്ത്യയുടെ ടെലിഫോണിക് കോഡ് +91 എന്നതിൽനിന്നാണ് 91 എയർലൈൻസ് എന്ന് പേര് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

