ഫ്ലിപ്കാർട്ട് വഴിയും ഭക്ഷണം ഓർഡർ ചെയ്യാം; പുതിയ ചുവടുവെപ്പിന് കമ്പനി
text_fieldsഇനി ഫ്ലിപ്കാർട്ട് ഭക്ഷണവും ഓർഡർ ചെയ്യാം. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്രമുഖ കമ്പനികളുമായി മത്സരിക്കാൻ വാൾമാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള ഇ കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ട് ഇന്ത്യയിലെ ഓൺലൈൻ ഫുഡ് ഡെലിവറി വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. ചെറിയ തോതിലായിരിക്കും തുടക്കം എങ്കിലും, ഉപഭോക്തൃ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ സേവനം മെച്ചപ്പെടുത്തി രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സി.ഇ.ഒ കല്യാൺ കൃഷ്ണമൂർത്തിയാണ് അടുത്ത ആഴ്ചകളിൽ കമ്പനി ഫുഡ് ഡെലിവറി സേവനം ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത കുറച്ചു ഉപഭോക്താക്കൾക്കായി ആദ്യം സേവനം അവതരിപ്പിക്കുമെന്നും, ഉപഭോക്തൃ പ്രതികരണങ്ങൾ മനസിലാക്കിയ ശേഷം ഇത് ക്രമേണ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ലിപ്കാർട്ടിന്‍റെ ക്വിക്ക് കൊമേഴ്‌സ് ബിസിനസായ 'ഫ്ലിപ്കാർട്ട് മിനിറ്റ്സ്'നും സമാനമായ സമീപനമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്.
ഭക്ഷണം പ്രത്യേക ആപ്പിലും ഫ്ലിപ്കാർട്ടിലും ലഭ്യമാകും
പ്രത്യേക ആപ്പ് വഴിയും ഫ്ലിപ്കാർട്ട് ആപ്പ് വഴിയും ഉപഭോക്താക്കൾക്ക് ഫുഡ് ഡെലിവറി സേവനം ഉപയോഗപ്പെടുത്താമെന്ന് കൃഷ്ണമൂർത്തി പറഞ്ഞു. എന്നാൽ സേവനത്തിന്‍റെ പേര് എന്തായിരിക്കും എന്നോ ഏത് നഗരത്തിലാണ് ആദ്യം ലോഞ്ച് ചെയ്യുക എന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സർക്കാറിന്‍റെ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സുമായി സംയോജിപ്പിച്ചായിരിക്കും ഫ്ലിപ്കാർട്ട് ഈ സേവനം അവതരിപ്പിക്കുകയെന്നാണ് വിവരം. എങ്കിലും ബിസിനസിന്‍റെ ഘടനയെക്കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല.
നിലവിലുള്ള ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളുമായി എങ്ങനെ മത്സരിക്കുമെന്ന് ചർച്ച ചെയ്യുന്നതിനേക്കാൾ, ഉപഭോക്താക്കൾക്ക് പുതിയ എന്തെങ്കിലും നൽകാൻ കഴിയുമെന്ന് വിശ്വസിക്കുമ്പോൾ മാത്രമാണ് കമ്പനി പുതിയ രംഗത്തേക്ക് പ്രവേശിക്കുന്നത് എന്ന് കൃഷ്ണമൂർത്തി പറഞ്ഞു. വിലക്കുറവ് മാത്രമല്ല വിശാലമായ റെസ്റ്റോറന്റ് ചോയ്‌സുകൾ, വിശ്വസനീയമായ സേവനം, വേഗത്തിലുള്ള ഡെലിവറി തുടങ്ങിയവയും ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്ലിപ്കാർട്ടിന്റെ കടന്നുവരവോടെ ഇന്ത്യയിലെ ഫുഡ് ഡെലിവറി വിപണി കൂടുതൽ മത്സരസ്വഭാവമുള്ളതായി മാറും. നിലവിൽ സൊമാറ്റോയും സ്വിഗ്ഗിയുമാണ് ഈ മേഖലയിലെ മുൻനിരക്കാർ. വലിയ ഉപഭോക്തൃ അടിത്തറയും ശക്തമായ ലോജിസ്റ്റിക് ശൃംഖലയുമുള്ള ഫ്ലിപ്കാർട്ട് ഈ വിപണിയിൽ സ്വന്തമായി ഒരിടം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

