ഇനി വിമാനവും ഇന്ത്യയിൽ നിർമിക്കും; സൂചന നൽകി എയർബസ്
text_fieldsന്യൂഡൽഹി: വിമാനങ്ങൾ ഇന്ത്യയിൽ നിർമിച്ചേക്കുമെന്ന സൂചന നൽകി ലോകത്തെ മുൻനിര വിമാനനിർമാണ കമ്പനിയായ എയർബസ്. ഇതിന്റെ മുന്നോടിയായി കേന്ദ്ര സർക്കാരുമായി ചർച്ച നടത്താൻ എയർബസ് ഡയറക്ടർമാർ ഡൽഹിയിലെത്തി. രാജ്യത്തെ കമ്പനിയുടെ പ്രധാന ഉപഭോക്താക്കളായ ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ വിമാന കമ്പനികളുടെ നേതൃത്വവുമായും എയർബസ് ചർച്ച നടത്തും. ആദ്യമായാണ് എയർബസ് കേന്ദ്ര സർക്കാറുമായി ചർച്ച നടത്തുന്നത്. ഇകണോമിക്സ് ടൈംസാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ‘മേക് ഇൻ ഇന്ത്യ’യുടെ ഭാഗമായി വിമാനങ്ങൾ ഇന്ത്യയിൽ ആഭ്യന്തരമായി നിർമിക്കാൻ കമ്പനികൾ തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
നെതർലാൻഡ്സ് ആസ്ഥാനമായ എയർബസ് ചൈനയിലോ യൂറോപ്യൻ രാജ്യങ്ങളിലോ ആണ് ഇതുപോലെ ബോർഡ് യോഗങ്ങൾ നടത്താറുള്ളത്. ചൈനയിൽ എയർബസിന് വൻ നിർമാണ ഫാക്ടറിയുണ്ട്. എ320 ജെറ്റ് വിമാനങ്ങളുടെ നിർമാണം നടത്തുന്നത് ചൈനയിലാണ്.
ഫ്രാൻസ്, ജർമനി, യു.കെ, സ്പെയിൽ തുടങ്ങിയ രാജ്യങ്ങളിലും എയർബസിന് ഓഫിസുകളുണ്ട്. 1500 പുത്തൻ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ എയർബസിനെ സമീപിച്ച സാഹചര്യത്തിലാണ് ആഭ്യന്തരമായി നിർമിക്കാൻ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. എയർബസിന് പാർട്സുകൾ നൽകുന്ന ഹൈദരാബാദിലെ ടാറ്റ അഡ്‍വാൻസ്ഡ് സിസ്റ്റംസും കർണാടകയിലെ ഡൈനാമാറ്റിക് ടെക്നോളജീസും ഡയറക്ടർമാർ സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

