യുദ്ധത്തിൽ കൂടുതൽ കടുപ്പം വേണം; ഇന്ത്യൻ ചായപ്പൊടിക്ക് നോ പറഞ്ഞ് റഷ്യ
text_fieldsമുംബൈ: ലോകത്ത് ചായ പ്രേമികളുടെ ഹൃദയം കവർന്നതാണ് ഇന്ത്യൻ ചായപ്പൊടി. റഷ്യക്കാരുടെയും ഏറ്റവും പ്രിയപ്പെട്ടത് കേരളത്തിൽനിന്നടക്കം കയറ്റി അയക്കുന്ന ചായപ്പൊടിയായിരുന്നു. എന്നാൽ, ഇന്ത്യൻ പൊടിയിട്ട ചായ കുടിക്കാൻ റഷ്യക്കാർക്ക് താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുക്രെയ്ൻ യുദ്ധം കൊടുമ്പിരി കൊണ്ടതോടെ ചായക്ക് കടുപ്പം കൂടുതൽ വേണമെന്ന തോന്നലാണ് ഇന്ത്യൻ ചായപ്പൊടിക്ക് തിരിച്ചടിയായത്.
റഷ്യയിലേക്കുള്ള ചായപ്പൊടി കയറ്റുമതിയിൽ വൻ ഇടിവുണ്ടായെന്നാണ് ടീ ബോർഡ് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്ക് പറയുന്നത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ 26.92 ദശലക്ഷം കിലോഗ്രാമാണ് റഷ്യയിലേക്ക് കയറ്റി അയച്ചിരുന്നത്. എന്നാൽ, ഈ വർഷം ഇതേകാലയളവിൽ റഷ്യക്കാർ വാങ്ങിയ ചായപ്പൊടിയുടെ അളവ് 20.84 ദശലക്ഷം കിലോഗ്രാമായി കുറഞ്ഞു. ഏക്കാലത്തെയും പ്രധാനപ്പെട്ട ചായപ്പൊടി വിപണിയായിരുന്ന റഷ്യയാണ് ഇന്ത്യയെ കൈയൊഴിഞ്ഞത്.
യുക്രെയ്ൻ യുദ്ധമാണ് കയറ്റുമതി കുത്തനെ കുറയാൻ കാരണമെന്ന് ഭൻസാലി ആൻഡ് കമ്പനി എന്ന ചായപ്പൊടി കയറ്റുമതി സ്ഥാപനത്തിന്റെ ഡയറക്ടറായ അനിഷ് ഭൻസാലി പറയുന്നു. മാത്രമല്ല, ഇന്ത്യക്ക് പകരം നല്ല കടുപ്പമുള്ള കെനിയൻ സിടിസി ചായപ്പൊടിയാണ് ഇപ്പോൾ റഷ്യക്കാർ വാങ്ങിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസിഡന്റ് ഡോണൾഡ് ട്രംപ് 50 ശതമാനം താരിഫ് പ്രഖ്യാപിച്ചതിനാൽ യു.എസിലേക്കുള്ള ചായപ്പൊടി കയറ്റുമതിയും കുറഞ്ഞിട്ടുണ്ട്. ഇത്രയും ഉയർന്ന നികുതി നൽകേണ്ടി വരുന്നതിനാൽ കയറ്റമതി സാധ്യമല്ലെന്ന് ഏഷ്യൻ ടി കമ്പനിയുടെ ഡയറക്ടറായ മോഹിത് അഗർവാൾ ചൂണ്ടിക്കാട്ടി. സ്ഥിരമായി വാങ്ങുന്നവർ വില കൂടിയതോടെ മറ്റു രാജ്യങ്ങളുടെ ചായപ്പൊടിയിലേക്ക് മാറിയതിനാൽ ഇനി പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ ദീർഘകാലമെടുക്കുമെന്നാണ് കയറ്റുമതിക്കാരുടെ ആശങ്ക.
അതേസമയം, പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇന്ത്യയുടെ ചായ കൂടുതൽ ഇഷ്ടപ്പെട്ടുതുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ഇറാൻ, ഇറാഖ് രാജ്യങ്ങൾ. ഇറാഖ് 35.94 ദശലക്ഷം കിലോഗ്രാം ചായപ്പൊടിയാണ് ഈ വർഷം വാങ്ങിയത്. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 4.95 ദശലക്ഷം കിലോ ഗ്രാം കൂടുതൽ. അതുപോലെ ഇറാനിലേക്കുള്ള ചായപ്പൊടി കയറ്റുമതി 6.30 ദശലക്ഷം കിലോഗ്രാമിൽനിന്ന് 6.39 ദശലക്ഷം കിലോ ഗ്രാമിലേക്കും യു.എ.ഇയുടെ വാങ്ങൽ 28.22 ദശലക്ഷം കിലോ ഗ്രാമിൽനിന്ന് 31.23 ദശലക്ഷം കിലോ ഗ്രാമിലേക്കും ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

