യു.എസുമായുള്ള വ്യാപാര കരാർ റദ്ദാക്കാൻ ഒരുങ്ങി യൂറോപ്യൻ യൂനിയൻ
text_fieldsലണ്ടൻ: ഭാഗികമായി നടപ്പാക്കിയ യു.എസുമായുള്ള വ്യാപാര കരാർ റദ്ദാക്കാൻ യൂറോപ്യൻ യൂനിയൻ ഒരുങ്ങുന്നു. ഗ്രീൻലാൻഡിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള യു.എസ് നീക്കത്തെ എതിർക്കുന്ന രാജ്യങ്ങൾക്ക് മേൽ അധിക താരിഫ് ചുമത്തുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് തീരുമാനം. യു.എസുമായുള്ള വ്യാപാര കരാർ ഇനി അംഗീകരിക്കാൻ കഴിയില്ലെന്ന് യൂറോപ്യൻ പാർലമെന്റിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ യൂറോപ്യൻ പീപ്പിൾസ് പാർട്ടി (ഇ.പി.പി) പ്രസിഡന്റ് മാൻഫ്രെഡ് വെബർ പറഞ്ഞു. യു.എസ്-യൂറോപ്യൻ യൂനിയൻ വ്യാപാര കരാറിന് ഇ.പി.പി അനുകൂലമാണ്. പക്ഷെ, ഗ്രീൻലാൻഡിന്റെ പേരിൽ ട്രംപ് ഭീഷണി മുഴക്കിയ സാഹചര്യത്തിൽ കരാർ ഇനി അംഗീകരിക്കാൻ കഴിയില്ലെന്ന് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. യു.എസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് താരിഫ് വെട്ടിക്കുറക്കാനുള്ള കരാർ നിർബന്ധമായും മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് ട്രംപുമായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയൻ വ്യാപാര കരാറിൽ ഒപ്പിട്ടത്. യൂറോപ്യൻ പാർലമെന്റിന്റെ അനുമതി ലഭിച്ചാൽ മാത്രമേ കരാർ പൂർണമായി നടപ്പാക്കാൻ കഴിയൂ. പാർലമെന്റിൽ ഇടത് പക്ഷ രാഷ്ട്രീയ പാർട്ടികൾക്കൊപ്പം ഇ.പി.പികൂടി ചേർന്നാൽ കരാർ അംഗീകരിക്കുന്നത് തടയാൻ കഴിയും.
അതേസമയം, ഏതൊരു രാജ്യത്തിന്റെയും ദേശീയ പരമാധികാരത്തെ വ്യാപാര കരാറിലെ എല്ലാ അംഗങ്ങളും ബഹുമാനിക്കേണ്ടതുണ്ടെന്ന് യൂറോപ്യൻ പാർലമെന്റിന്റെ ട്രേഡ് കമ്മിറ്റിയുടെ ദീർഘകാല ചെയർമാനും യു.എസുമായുള്ള വ്യാപാര ചർച്ചകൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്ത ബെർണ്ട് ലാങ് അഭിപ്രായപ്പെട്ടു. ട്രംപിന്റെ ഭീഷണി അവസാനിക്കുന്നതുവരെ യു.എസുമായുള്ള വ്യാപാര കരാർ നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ നിർത്തിവെക്കണം. യു.എസിനെതിരെ ഇറക്കുമതി വിലക്കുക, താരിഫ് ചുമത്തുക തുടങ്ങിയ പ്രതികാര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.എസ് വ്യവസായ, കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിലവിലുള്ള താരിഫ് പൂർണമായും ഒഴിവാക്കുകയും യൂറോപ്യൻ യൂനിയൻ ഉത്പന്നങ്ങൾക്ക് 15 ശതമാനം താരിഫ് ചുമത്തുന്നതുമാണ് വ്യാപാര കരാർ. ട്രംപുമായുള്ള വ്യാപാര യുദ്ധം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂറോപ്യൻ യൂനിയൻ കരാറിൽ ഒപ്പിട്ടത്. യു.എസിന് അനുകൂലമായാണ് കരാറിലെ വ്യവസ്ഥകളെന്ന് യൂറോപ്യൻ പാർലമെന്റിലെ നിരവധി അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. കരാർ ഒപ്പിട്ടതിന് പിന്നാലെ, യൂറോപ്യൻ യൂനിന്റെ സ്റ്റീൽ, അലൂമിനിയം ഉത്പന്നങ്ങൾക്കുമേൽ ട്രംപ് 50 ശതമാനം അധിക താരിഫ് ചുമത്തിയതോടെ കരാറിനോടുള്ള എതിർപ്പ് കടുത്തു. ഇതിനിടെ, വ്യാപാര കരാർ പൂർണമായും യൂറോപ്യൻ യൂനിയൻ നടപ്പാക്കിയില്ലെന്ന് കഴിഞ്ഞ മാസം യു.എസ് വ്യാപാര പ്രതിനിധി ജെമയ്സൺ ഗ്രീർ വിമർശിച്ചിരുന്നു. ടെക്നോളജി കമ്പനികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന യൂറോപ്യൻ യൂനിയന്റെ ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
ഡെൻമാർക്കിന് അർദ്ധ സ്വയംഭരണാധികാരമുള്ള ഗ്രീൻലാൻഡിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്ന നീക്കത്തെ അനുകൂലിക്കാത്ത യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ ഫെബ്രുവരി ഒന്ന് മുതൽ പത്ത് ശതമാനം അധിക താരിഫ് ചുമത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്. ഗ്രീൻലാൻഡ് പൂർണമായും സ്വന്തമാക്കാനുള്ള കരാറിൽ എത്തുന്നതുവരെ താരിഫ് 25 ശതമാനം വരെ ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപിന്റെ ഭീഷണിക്കെതിരെ കടുത്ത വിമർശനമാണ് യൂറോപ്യൻ നേതാക്കാൾ പ്രകടിപ്പിച്ചത്. അധിക താരിഫ് ചുമത്തുന്നത് യു.എസ്-യൂറോപ്യൻ ബന്ധം വഷളാക്കുമെന്നും പ്രതികാര നടപടിയിലേക്ക് നയിക്കുമെന്നും ഉർസുല വോൺ പറഞ്ഞിരുന്നു. അതേസമയം, ട്രംപിന്റെ അധിക താരിഫ് അംഗീകരിക്കാൻ കഴിയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ വ്യക്തമാക്കി. ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ വ്യാപാര കരാർ പാസാകുന്നത് അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്.
പ്രതികാര നടപടി സ്വീകരിച്ചാൽ യൂറോപ്യൻ യൂനിയൻ അംഗ രാജ്യങ്ങളിൽ യു.എസ് ടെക്നോളജി കമ്പനികൾക്കുമേൽ പുതിയ നികുതി ഏർപ്പെടുത്തുന്നതിനും നിക്ഷേപം തടയുന്നതിനും വഴിവെക്കും. മാത്രമല്ല, യൂറോപ്യൻ വിപണിയിൽ പുതിയ കരാറുകൾ ലഭിക്കുന്നതിന് യു.എസ് കമ്പനികൾക്ക് നിയന്ത്രണം കൊണ്ടുവരികയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

