ഐഫോൺ 16 നെ ബെസ്റ്റ് സെല്ലറാക്കി ഇ.എം.ഐ; ആർക്കും വേണ്ടാതെ സാംസങ്
text_fieldsമുംബൈ: വായ്പയും കാശ്ബാക്കും ഇന്ത്യക്കാരുടെ മോഹവും ഒരുമിച്ചപ്പോൾ നേട്ടം കൈവരിച്ചത് ഐഫോൺ നിർമാതാക്കളായ ആപ്പിൾ. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോൺ ഇപ്പോൾ ഐഫോൺ 16 ആണ്. ചൈനീസ് കമ്പനിയായ വിവോയുടെ ഏറ്റവും ജനപ്രിയ ബജറ്റ് മോഡലിനെയാണ് ഐഫോൺ മറികടന്നത്. 15 മാസം മുമ്പ് പുറത്തിറക്കിയ ഐഫോൺ 16 സീരീസിന്റെ 65 ലക്ഷം യൂനിറ്റുകൾ വിറ്റു. ഈ വർഷത്തെ ആദ്യ 11 മാസങ്ങളിലെ കണക്കാണിത്. ഗുരുഗ്രാം ആസ്ഥാനമായ കൗണ്ടർപോയന്റ് റിസർച്ച് എന്ന സ്ഥാപനമാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. 47 ലക്ഷം യൂനിറ്റുകൾ വിറ്റ വിവോയുടെ വൈ29 രണ്ടാം സ്ഥാനത്താണ്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആദ്യ അഞ്ച് സ്മാർട്ട് ഫോണുകളിൽ ഐഫോൺ 15 ഉൾപ്പെട്ടിട്ടുണ്ട്. വിവോയുടെ 14,000 രൂപ വിലയുള്ള ജനപ്രിയ ഹാൻഡ്‌സെറ്റിന്റെ മൂന്നിരട്ടിയിലധികം വിലക്കാണ് ഐഫോൺ 15 (47,000 രൂപ) വിറ്റഴിക്കപ്പെടുന്നത്.
ആപ്പിളിന്റെ വിപണി വളർച്ച ഏറ്റവും വലിയ തിരിച്ചടിയായത് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനാണ്. ഒരു കാലത്ത് ഇന്ത്യക്കാരുടെ ഇഷ്ട ബ്രാൻഡായിരുന്ന സാംസങ്ങിന്റെ ഒരു ഫോൺ പോലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പത്തെണ്ണത്തിൽ ഇടം നേടിയില്ല.
വില കൂടിയ ഫോണുകൾ വാങ്ങുന്ന ട്രെൻഡ് ശക്തമാണെന്നും ഇന്ത്യയിലെ ഈ മാറ്റത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഐഫോണുകളെന്നും കൗണ്ടർപോയന്റിലെ ഉപഭോക്തൃ ഉത്പന്നങ്ങളുടെ ഗവേഷണ ഡയറക്ടർ തരുൺ പഥക് അഭിപ്രായപ്പെട്ടു. വിൽപന പരിമിതമാണെങ്കിലും വായ്പകൾ എളുപ്പം ലഭ്യമായതോടെ ഉപഭോക്താക്കൾ ഉയർന്ന വിലയുള്ള സ്മാർട്ട് ഫോണുകൾ തിരഞ്ഞെടുക്കാൻ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു.
ആഭ്യന്തര വിപണിക്ക് പുറമെ, ഐഫോണുകളുടെ കയറ്റുമതിയും വർധിച്ചത് ആപ്പിളിന് വൻ പ്രതീക്ഷയാണ് നൽകുന്നത്. ഉത്പാദനം ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് കമ്പനി. സെപ്റ്റംബർ, നവംബർ മാസങ്ങളിൽ ബംഗളൂരു, പൂണെ, നോയിഡ എന്നിവിടങ്ങളിൽ കമ്പനി മൂന്ന് പുതിയ സ്റ്റോറുകൾ തുറന്നിരുന്നു. ഇതോടെ കമ്പനിയുടെ മൊത്തം സ്റ്റോറുകളുടെ എണ്ണം അഞ്ചായി. എന്നിരുന്നാലും, രാജ്യത്തെ സ്മാർട്ട് ഫോൺ വിപണിയെ വെല്ലുവിളിക്കുന്നതാണ് ആപ്പിളിന്റെ നേട്ടം. 2025 ൽ തുടർച്ചയായ നാലാം വർഷവും സ്മാർട്ട് ഫോൺ വിപണിയുടെ വളർച്ച സ്തംഭനാവസ്ഥയിൽ തുടരുകയോ ഒറ്റ അക്കത്തിന്റെ താഴേക്ക് ഇടിയുകയോ ചെയ്യുമെന്നാണ് സൂചന. ആഗോള വിപണിയിൽ മെമ്മറി ചിപ്പുകളുടെ ക്ഷാമം തുടരുന്നത് സ്മാർട്ട് ഫോൺ വില വീണ്ടും ഉയർത്തുമെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യയിൽനിന്നുള്ള ഐഫോൺ കയറ്റുമതി ഈ വർഷം 158 ദശലക്ഷത്തിലേക്ക് ഉയരുമെന്നാണ് കൗണ്ടർപോയന്റും മറ്റൊരു വിപണി ഗവേഷണ സ്ഥാപനമായ ഇന്റർനാഷനൽ ഡാറ്റ കോർപറേഷനും പറയുന്നത്. കഴിഞ്ഞ വർഷം 153 ദശലക്ഷം യൂനിറ്റ് ഐഫോണുകളാണ് കടൽ കടന്നുപോയത്.
നവംബർ വരെ ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ട 130 ദശലക്ഷം സ്മാർട്ട് ഫോണുകളിൽ എട്ട് ശതമാനവും ഐഫോൺ 15, 16 എന്നിവയാണ്. ബജറ്റ് ഫോണുകളാണ് വിപണിയിൽ ആധിപത്യം പുലർത്തുന്നത്. മറ്റുള്ള 30ലേറെ ബ്രാൻഡുകളെ അപേക്ഷിച്ച് നാല് സ്മാർട്ട് ഫോണുകൾ മാത്രമാണ് ആപ്പിൾ ഇന്ത്യയിൽ വിൽക്കുന്നത്. ഇതുകാരണമാണ് ആപ്പിൾ ഫോണുകൾ കൂടുതൽ വിറ്റഴിക്കപ്പെടുന്നതും ഐഫോൺ 16 ബെസ്റ്റ് സെല്ലറായി മാറിയതുമെന്ന് ഐ.ഡി.സി ഏഷ്യ-പസഫിക്കിലെ ഉത്പന്ന ഗവേഷണ വിഭാഗം അസോസിയേറ്റ് വൈസ് പ്രസിഡന്റ് നവകേന്ദർ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

