ഈസ്റ്റേണിന്റെ ഭൂരിഭാഗം ഓഹരികളും ഓർക്ല ഫുഡ്സിന്
text_fieldsകൊച്ചി: കറി മസാല നിർമാണ ബ്രാൻഡായ ഈസ്റ്റേൺ കോണ്ടിമെൻറ്സിെൻറ 67.8 ശതമാനം ഓഹരി ഏറ്റെടുത്ത് ഓർക്ല ഫുഡ്സ് ഗ്രൂപ്. മധ്യയൂറോപ്പിലും ഇന്ത്യയിലും പ്രവർത്തിക്കുന്ന ബ്രാൻഡ് കൺസ്യൂമർ ഉൽപന്നങ്ങളുടെ വിതരണക്കാരായ ഓർക്ല ഗ്രൂപ്പിെൻറ ആസ്ഥാനം നോർേവ തലസ്ഥാനമായ ഓസ്ലോയാണ്. 4360 കോടി ആസ്തിയുള്ള കമ്പനിയുടെ ഇന്ത്യൻ സബ്സിഡിയറിയായ എം.ടി.ആർ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഈസ്റ്റേൺ ഓഹരികൾ വാങ്ങുന്നത്.
ഈസ്റ്റേൺ ഗ്രൂപ് ഉടമകളായ മീരാൻ കുടുംബത്തിൽ നിന്ന് 41.8 ശതമാനം ഓഹരികൾ വാങ്ങാൻ എം.ടി.ആർ കരാർ ഒപ്പിട്ടു. ഇതോടൊപ്പം ഈസ്റ്റേണിൽ മക്കോർമിക് ഇൻഗ്രീഡിയൻറിനുള്ള 26 ശതമാനം ഓഹരിയും എം.ടി.ആർ കൈക്കലാക്കി. വിൽപന പൂർണമാകുന്നതോടെ ഓർക്ല ഗ്രൂപ്പിന് ഈസ്റ്റേണിെൻറ 67.8 ശതമാനം ഓഹരികളും സ്വന്തമാകും. വെള്ളിയാഴ്ചയാണ് വിൽപന വാർത്തക്കുറിപ്പിലൂടെ അറിയിച്ചത്. ഇന്ത്യയിലെ സുഗന്ധവ്യഞ്ജന വിഭാഗത്തിലും അനുബന്ധ മേഖലകളിലും വലിയ വളർച്ചയാണ് ഏറ്റെടുക്കലിലൂടെ ഓർക്ല ഗ്രൂപ് ലക്ഷ്യമിടുന്നത്.
ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ എം.ടി.ആറിലേക്ക് ഈസ്റ്റേൺ ലയിപ്പിക്കുന്നതിന് അപേക്ഷ നൽകുമെന്ന് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ലയനത്തോടെ ഓർക്ലക്കും മീരാൻ കുടുംബത്തിലെ ഫിറോസ്, നവാസ് എന്നിവർക്കും സംയുക്ത ഉടമസ്ഥാവകാശമുള്ള കമ്പനിയായി മാറും. വിവിധ വിപണികളിലെ എഫ്.എം.സി.ജി കാറ്റഗറിയിൽ നേതൃത്വം ഉറപ്പിച്ച ഓർക്ലയുടെ ഭാഗമാകുന്നതിലൂടെ വിജയകരമായ പ്രവർത്തനത്തിന് കരുത്തുള്ള പ്ലാറ്റ്ഫോം തുറന്നുകിട്ടിയതായി ഈസ്റ്റേൺ ചെയർമാൻ നവാസ് മീരാൻ പറഞ്ഞു.
1983ൽ എം.ഇ. മീരാൻ ആരംഭിച്ച ഈസ്റ്റേണിന് 2955 ജീവനക്കാരും ഏഴ് ഉൽപാദന കേന്ദ്രവുമുണ്ട്. ഇടപ്പള്ളിയിലാണ് ആസ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

