Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡിസ്കൗണ്ട് പരസ്യത്തിൽ പഴയ വിലയും പുതിയ വിലയും; ഓൺലൈൻ ഷോപ്പേഴ്സ് അറിയേണ്ട 7 പ്രധാന ഇ-കൊമേഴ്സ് മാറ്റങ്ങൾ

text_fields
bookmark_border
ഡിസ്കൗണ്ട് പരസ്യത്തിൽ പഴയ വിലയും പുതിയ വിലയും; ഓൺലൈൻ ഷോപ്പേഴ്സ് അറിയേണ്ട 7 പ്രധാന ഇ-കൊമേഴ്സ് മാറ്റങ്ങൾ
cancel

ന്യൂഡൽഹി: ഇന്ത്യയിലെ ഓൺലൈൻ ഉപഭോക്താക്കൾക്കായി വിലകൾ, ഡിസ്കൗണ്ടുകൾ, സെർച്ച് ഫലങ്ങൾ, സ്പോൺസർ ചെയ്ത ഉൽപ്പന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിൽ പുതിയ മാറ്റങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം. 2027 ജനുവരി 1 മുതൽ ഇവ നിലവിൽ വരും. വിലകളിൽ സുതാര്യത ഉറപ്പാക്കൽ, സ്പോൺസർ ചെയ്ത ലിസ്റ്റിങ്ങുകൾ, സെർച്ച് ഫലങ്ങളിലെ കൃത്രിമത്വം, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന ‘ഡാർക്ക് പാറ്റേണുകൾ’ എന്നിവ നിയന്ത്രിക്കുന്നതിനായി 2020ലെ ഉപഭോക്തൃ സംരക്ഷണ (ഇ-കൊമേഴ്‌സ്) ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തിയിരിക്കുകയാണ്.

ഓൺലൈൻ ഷോപ്പിങ് കൂടുതൽ സുതാര്യമാക്കാനും ഉപഭോക്താക്കൾക്ക് കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കാനും ഇ-കൊമേഴ്‌സ് കമ്പനികളുടെ ഉത്തരവാദിത്തം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ. പുതിയ ചട്ടങ്ങൾ അറിയാം.

ഡിസ്കൗണ്ടുകളിൽ യഥാർഥ മുൻവില കാണിക്കണം

ഡിസ്കൗണ്ടുകൾ പരസ്യപ്പെടുത്തുന്ന രീതിയിലാണ് ഒരു പ്രധാന മാറ്റം വരുത്തിയിരിക്കുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വിലക്കുറവ് പ്രഖ്യാപിക്കുമ്പോൾ ഡിസ്കൗണ്ട് ചെയ്ത വിലയും മുൻ വിലയും ഒരുപോലെ കാണിക്കേണ്ടി വരും.

ഡിസ്കൗണ്ട് പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള 30 ദിവസത്തിനുള്ളിൽ ഉൽപ്പന്നം വിറ്റഴിച്ച ഏറ്റവും കുറഞ്ഞ വിലയാണ് ‘മുൻ വില’യായി കണക്കാക്കുന്നത്. അവകാശപ്പെടുന്ന ഡിസ്കൗണ്ട് യഥാർഥ വിലക്കുറവാണോ എന്ന് ഉപഭോക്താക്കൾക്ക് വ്യക്തമായി മനസിലാക്കാൻ ഇത് സഹായിക്കും.

സെർച്ച് ഫലങ്ങളിൽ കൃത്രിമത്വം കാണിക്കാൻ പാടില്ല

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ അവരുടെ അന്വേഷണങ്ങൾക്ക് പ്രസക്തമല്ലാത്ത രീതിയിലോ സെർച്ച് ഫലങ്ങളിൽ മാറ്റം വരുത്താൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് അനുവാദമില്ല. ഷോപ്പേഴ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ സെർച്ച് ഫലങ്ങളിൽ ഉൽപ്പന്നങ്ങൾ മനപ്പൂർവം ക്രമീകരിക്കുകയോ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുന്നില്ലെന്ന് പ്ലാറ്റ്‌ഫോമുകൾ ഉറപ്പാക്കണം.

സ്പോൺസർ ചെയ്ത ഉൽപ്പന്നങ്ങൾ വ്യക്തമായി തിരിച്ചറിയണം

സ്പോൺസർ ചെയ്ത ഉൽപ്പന്നങ്ങൾ സെർച്ച് ഓപ്ഷനിൽ വന്നാൽ അത് ഉപഭോക്താക്കളെ വ്യക്തമായി അറിയിച്ചിരിക്കണം. പണം നൽകി പ്രൊമോട്ട് ചെയ്യുന്ന ഉൽപ്പന്നങ്ങളും സെർച്ച് ഫലങ്ങളിൽ സ്വാഭാവികമായി വരുന്ന ഉൽപ്പന്നങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ ഇത് വാങ്ങുന്നവരെ സഹായിക്കും.

‘ഡാർക്ക് പാറ്റേണുകൾക്ക്’ എതിരെയുള്ള കർശന നിയമങ്ങൾ

ഇ-കൊമേഴ്‌സ് കമ്പനികൾ 2023ലെ ഡാർക്ക് പാറ്റേണുകൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. ഉപഭോക്താക്കൾ അറിയാതെ അവരെ സ്വാധീനിക്കാനോ തെറ്റായ തീരുമാനങ്ങൾ എടുപ്പിക്കാനോ ഉപയോഗിക്കുന്ന ഡിസൈൻ രീതികളാണ് ഡാർക്ക് പാറ്റേണുകൾ. പുതിയ ചട്ടപ്രകാരം, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ വർഷത്തിലൊരിക്കൽ സ്വയം ഓഡിറ്റ് നടത്തുകയും കംപ്ലയൻസ് സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കുകയും വേണം.

ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളുടെ ഉത്ഭവ രാജ്യം വെളിപ്പെടുത്തണം

ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ, ഇറക്കുമതി ചെയ്തയാളുടെ വിവരങ്ങളും ഉൽപ്പന്നത്തിന്‍റെ ഉത്ഭവ രാജ്യവും ഉപഭോക്താക്കൾക്ക് കാണാൻ സാധിക്കും. ഉൽപ്പന്നങ്ങൾ എവിടെ നിന്നാണ് വരുന്നത്, അവ ഇറക്കുമതി ചെയ്യുന്നതിന് ഉത്തരവാദികൾ ആരാണ് എന്നതിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ നൽകാനാണ് ഇത് ലക്ഷ്യമിടുന്നത്.

വാങ്ങുന്നതിന് മുമ്പ് കൂടുതൽ പ്രൊഡക്ട് വിവരങ്ങൾ

മികച്ച പർച്ചേസ് തീരുമാനങ്ങൾ എടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിന് മാർക്കറ്റ്‌പ്ലേസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ പ്രധാനപ്പെട്ട ഉൽപ്പന്ന വിവരങ്ങൾ നൽകേണ്ടതാണ്. ഇതിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

  • കാലഹരണപ്പെടുന്ന തീയതികൾ
  • റിട്ടേൺ, റീഫണ്ട് നയങ്ങൾ
  • വാറന്‍റി വിവരങ്ങൾ
  • ഡെലിവറി വിവരങ്ങൾ
  • പെയ്മെന്റ് സംബന്ധമായ വിവരങ്ങൾ

ഉപഭോക്താക്കളുടെ സമ്മതമില്ലാതെ അധിക ഫീസ് ഈടാക്കില്ല

ഭേദഗതി വരുത്തിയ ചട്ടങ്ങൾ പ്രകാരം ഉപഭോക്തൃ വിവരങ്ങൾ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. ഉപഭോക്താവിന്‍റെ വ്യക്തമായ സമ്മതമില്ലാതെ അവരുടെ വിവരങ്ങൾ പ്രത്യേക ആവശ്യങ്ങൾക്കായി പ്ലാറ്റ്‌ഫോമുകൾക്ക് ഉപയോഗിക്കാൻ കഴിയില്ല. ലോയൽറ്റി അല്ലെങ്കിൽ മെമ്പർഷിപ്പ് പ്രോഗ്രാമുകൾ ഒഴികെയുള്ള, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി ബന്ധമില്ലാത്ത സേവനങ്ങൾക്കായി ബണ്ടിൽ ചെയ്ത ഫീസ് (bundled fees) ശേഖരിക്കുന്നതിൽ നിന്നും അവരെ വിലക്കിയിട്ടുണ്ട്.

ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈൻ (NCH) പ്രക്രിയയിൽ ഇ-കൊമേഴ്‌സ് കമ്പനികളും പങ്കാളികളാകണം. കൂടുതൽ സുതാര്യവും ഉത്തരവാദിത്തമുള്ളതും ഉപഭോക്തൃ കേന്ദ്രീകൃതവുമായ ഒരു ഇ-കൊമേഴ്‌സ് ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഈ ഭേദഗതികളുടെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - e commerce rule changes
Next Story