ടാറ്റാ ഗ്രൂപ്പിനുള്ളിൽ അസ്വാരസ്യങ്ങൾ പുകയുന്നു
text_fieldsരത്തൻ ടാറ്റ മരണപ്പെട്ട് ഒരു വർഷം കഴിയുമ്പോൾ ടാറ്റ ഗ്രൂപ്പിൽ അനൈക്യത്തിന്റെയും അസ്വാരസ്യങ്ങളുടെയും പുകച്ചിൽ. ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ നോയല്‍ ടാറ്റയും ട്രസ്റ്റി മെഹ്‍ലി മിസ്ത്രിയുമായുണ്ടായ അസ്വാരസ്യം പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ അധികാരം ട്രസ്റ്റ്സ് ചെയര്‍മാന്‍ നോയല്‍ ടാറ്റയിലേക്ക് കേന്ദ്രീകരിക്കുന്നതിൽ കുടുംബത്തിലെയും കമ്പനി തലപ്പത്തെയും പലർക്കും വിയോജിപ്പുണ്ട്.
ടാറ്റ ട്രസ്റ്റിൽനിന്ന് രാജിവെക്കുന്നതായി അറിയിച്ച് മെഹ്‍ലി മിസ്ത്രി നോയൽ ടാറ്റക്ക് അയച്ച കത്തിൽ ഒളിയമ്പുകളുണ്ട്. രത്തൻ ടാറ്റയുടെ ദർശനത്തോടും മൂല്യങ്ങളോടും തനിക്ക് പ്രതിബദ്ധതയുണ്ടെന്നും സുതാര്യത, സദ്ഭരണം, പൊതുതാൽപര്യം എന്നിവ മറ്റു ട്രസ്റ്റികളെ മുന്നോട്ട് നയിക്കട്ടെയെന്നും ആരും സ്ഥാപനത്തേക്കാൾ വലുതല്ലെന്നും മിസ്ത്രി കത്തിൽ വ്യക്തമാക്കി. രത്തൻ ടാറ്റയുടെ സഹോദരിമാരായ ഷിറീൻ ജിജീബോയ് (73), ദിയാന്ന ജിജീബോയ് (72) എന്നിവർ മിസ്ത്രിക്ക് പിന്തുണയുമായി പരസ്യമായി രംഗത്തെത്തി. രത്തൻ ടാറ്റയുടെ മൂല്യങ്ങൾ ഭീഷണി നേരിടുകയാണെന്ന് ഇരുവരും പരസ്യമായി പറഞ്ഞു.
ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ നോയല്‍ ടാറ്റ പിടിമുറുക്കുന്നതാണ് ഒടുവിലത്തെ ചിത്രം. നോയൽ ടാറ്റയുടെ മകൻ നെവില്ലെ ടാറ്റയെയും വിശ്വസ്തൻ ഭാസ്കർ ഭട്ടിനെയും സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡിലെത്തിച്ച് നോയൽ കരുത്തുകാട്ടി. സൂഡിയോ ബ്രാൻഡിനെ മുന്നിൽനിന്ന് നയിച്ച നെവില്ലെയും ടൈറ്റാൻ മുൻ എം.ഡി ഭാസ്കർ ഭട്ടും കഴിവ് തെളിയിച്ചവരാണെന്നത് വേറെ കാര്യം. ട്രസ്റ്റിമാരുടെ പുനർനിയമനമടക്കം വിഷയങ്ങളിൽ തർക്കം നിയമ പോരാട്ടത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
സ്ഥിതി വഷളാവാതിരിക്കാൻ കോർപറേറ്റ് തലത്തിലെ ഉന്നതരും കേന്ദ്രസർക്കാർ തന്നെയും ഇടപെടുന്നതായാണ് വിവരം. ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ നോയല്‍ ടാറ്റ, വൈസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍, ട്രസ്റ്റി ഡേരിയസ് ഖംബട്ടാ എന്നിവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സിതാരാമന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
2024ല്‍ രത്തന്‍ ടാറ്റയുടെ മരണത്തിന് ശേഷം ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നോയല്‍ ടാറ്റയുടെ പേര് നിര്‍ദ്ദേശിച്ചത് മെഹ്‍ലി മിസ്ത്രിയാണ്. എന്നാൽ, അദ്ദേഹത്തിന്റെ പുനർനിയമനത്തിന് ഉടക്കിട്ടത് നോയൽ തന്നെയാണ്. മിസ്ട്രിയുടെ പുനര്‍നിയമനത്തെ എതിര്‍ക്കാന്‍ രംഗത്തുണ്ടായിരുന്നത് നോയല്‍ ടാറ്റയാണെന്നത് വിരോധാഭാസം. ടാറ്റ ട്രസ്റ്റ്സിനെ കയ്യടക്കാന്‍ മിസ്ത്രി ക്യാമ്പ് ശ്രമിക്കുന്നു എന്നാണ് മറുപക്ഷം പറയുന്നത്. മിസ്ത്രിയെ പിന്തുണക്കുന്നവർ ട്രസ്‌റ്റിലും ടാറ്റ കുടുംബത്തിലും ള്ളതിനാൽ അദ്ദേഹത്തിന്റെ രാജിയോടെ പ്രതിസന്ധി അവസാനിക്കില്ല എന്നർഥം.
ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ മാതൃകമ്പനിയായ ടാറ്റ സൺസിൽ 66 ശതമാനം ഓഹരിപങ്കാളിത്തമുള്ള ടാറ്റ ട്രസ്റ്റ്സിലെ ചേരിപ്പോര് കാര്യങ്ങൾ വഷളാക്കുന്നുണ്ട്. ടാറ്റ സണ്‍സിന്റെ പ്രധാന ഓഹരി ഉടമകളുടെ ട്രസ്റ്റുകളില്‍ ഒന്നായ ദൊറാബ്ജി ടാറ്റ ട്രസ്റ്റിലാണ് ഭിന്നത രൂക്ഷം. ടാറ്റ സൺസിന്റെ ബോർഡിലേക്ക് മൂന്നിലൊന്ന് അംഗങ്ങളെ നിയമിക്കാനും തീരുമാനങ്ങൾ വീറ്റോ ചെയ്യാനും ട്രസ്‌റ്റിന് അധികാരമുണ്ട്.
പകരക്കാരനില്ലാത്ത രത്തൻ ടാറ്റ
രത്തൻ ടാറ്റയുടെ വിയോഗം തന്നെയാണ് ടാറ്റ ഗ്രൂപ്പിലെ അസ്വാരസ്യങ്ങളുടെ അടിസ്ഥാന കാരണം. വർഷങ്ങളായി ട്രസ്റ്റുകൾക്ക് നേതൃത്വം നൽകിയിരുന്നത് രത്തൻ ടാറ്റയാണ്. അദ്ദേഹത്തിന് നിർണായക അധികാരവും സ്വാധീനവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ആരും ചോദ്യം ചെയ്തില്ല. വ്യക്തിപരമായ സ്വാധീനത്താല്‍ എല്ലാവരെയും ഒന്നിപ്പിച്ച് നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
രത്തൻ ടാറ്റയുടെ വിയോഗത്തെ തുടർന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും നോയൽ ടാറ്റക്ക് ഈ പൊതുസ്വീകാര്യത നിലനിർത്താൻ കഴിഞ്ഞില്ല. നോയല്‍ ടാറ്റ നേരിട്ട് തീരുമാനമെടുക്കുന്നത് ചില ട്രസ്റ്റിമാർക്ക് അതൃപ്തിയുണ്ടാക്കി. ടാറ്റാ സണ്‍സിന്റെ ബോര്‍ഡ് യോഗങ്ങളില്‍ നിന്നുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ വേണ്ടരീതിയില്‍ പങ്കുവെക്കുന്നില്ല എന്ന പരിഭവം പലർക്കുമുണ്ടായി.
ടാറ്റാ സണ്‍സ് ബോര്‍ഡിലേക്ക് പുതിയ ഡയറക്ടര്‍മാരെ നാമനിര്‍ദ്ദേശം ചെയ്യുന്നതിലും തര്‍ക്കമുണ്ട്. നോമിനി ഡയറക്ടറായ വിജയ് സിങ്ങിന്റെ പുനര്‍നിയമനത്തെ നാല് ട്രസ്റ്റിമാര്‍ എതിർത്തു. ടാറ്റ സൺസിന്റെ ഓഹരി വിപണിയിലെ ലിസ്റ്റിങ് ആണ് മറ്റൊരു തർക്ക വിഷയം. ട്രസ്റ്റിമാരെയും ടാറ്റ കുടുംബത്തെയും ഒരുമിച്ച് കൊണ്ടുപോകാന്‍ നോയല്‍ ടാറ്റക്ക് കഴിയുമോ എന്നാണ് കോര്‍പറേറ്റ് ലോകം ഉറ്റുനോക്കുന്നത്.
ഒലിച്ചുപോയത് ഏഴ് ലക്ഷം കോടിയുടെ വിപണിമൂല്യം
രത്തൻ ടാറ്റയുടെ വിയോഗത്തിന് ശേഷം ഒരു വർഷത്തിനിടെ ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യത്തിലുണ്ടായ കുറവ് ഏഴ് ലക്ഷം കോടി രൂപയാണ്. 21 ശതമാനത്തിന്റെ കുറവാണുണ്ടായത്.
പൊതുവെ ഓഹരി വിപണിയിലുണ്ടായ തിരിച്ചടികൾക്കൊപ്പം ഗ്രൂപ്പിലെ അസ്വാരസ്യങ്ങളും ഇതിന് കാരണമായിട്ടുണ്ട്. തർക്കം പുറത്തുവരുമ്പോൾ നഷ്ടപ്പെടുന്നത് നിക്ഷേപകരുടെ വിശ്വാസമാണ്. തർക്കങ്ങൾ കമ്പനികളുടെ പ്രവർത്തനത്തെ നേരിട്ട് ബാധിച്ചുതുടങ്ങിയതായി ഇതുവരെ റിപ്പോർട്ടില്ലെങ്കിലും അതും ആളുകൾ പ്രതീക്ഷിക്കുന്നുണ്ട്.
23 കമ്പനികളാണ് ടാറ്റ ഗ്രൂപ്പിന് കീഴിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ലിസ്റ്റ് ചെയ്യാത്ത മൂന്ന് കമ്പനികളുണ്ട്. 157 വർഷത്തെ പാരമ്പര്യമുള്ള, ലക്ഷക്കണക്കിന് തൊഴിലാളികൾ ജോലിയെടുക്കുന്ന വ്യവസായ സാമ്രാജ്യം തകർച്ചയിലേക്ക് നീങ്ങിയാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് തന്നെ കനത്ത തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

