സർക്കാർ നടപടിക്ക് സാധ്യത; ഉത്പന്നങ്ങൾക്ക് വില വർധിപ്പിക്കാതെ കമ്പനികൾ
text_fieldsമുംബൈ: ഉത്പാദന ചെലവ് കുതിച്ചുയർന്നിട്ടും ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ കഴിയാതെ കമ്പനികൾ. ജി.എസ്.ടി ഇളവ് അവസരമാക്കി വൻ ലാഭം കൊയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ നടപടി സ്വീകരിച്ചേക്കുമെന്നാണ് ഹിന്ദുസ്ഥാൻ യൂനിലിവർ, നെസ്ലെ തുടങ്ങിയ കമ്പനികളുടെ ആശങ്ക. സോപ്, ബിസ്കറ്റ്, ഡിറ്റർജന്റ്, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് തുടങ്ങിയ കമ്പനികളുടെ ഉത്പാദന ചെലവിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. എന്നാൽ, വില വർധന അത്യാവശ്യമാണെന്ന കാര്യം സർക്കാറുമായും ജി.എസ്.ടി അധികൃതരുമായും ചർച്ച ചെയ്യാനാണ് വൻകിട കമ്പനികളുടെ തീരുമാനം.
വാഹന നിർമാണ കമ്പനികൾ സാധാരണ ജനുവരിയിലാണ് വില വർധിപ്പിക്കാറുള്ളത്. എന്നാൽ, ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞതിനാൽ ഇറക്കുമതി ചെയ്യുന്ന വാഹന ഘടകങ്ങൾക്ക് കൂടുതൽ പണം മുടക്കേണ്ട അവസ്ഥയിലാണ് അവർ. എന്നാൽ, സർക്കാർ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ ഇത്തവണ ജനുവരിയിൽ വില വർധിപ്പിക്കാൻ സാധ്യതയില്ലെന്നാണ് വ്യവസായ മേഖലയുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന. മാരുതി സുസുകി, ഹ്യൂണ്ടായ് മോട്ടോർസും ഇതുവരെ വില വർധന സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.
എ.സി, ടെലിവിഷൻ നിർമാതാക്കളായ എൽ.ജി വില വർധന തൽക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ടെലിവിഷനിൽ ഉപയോഗിക്കുന്ന മെമ്മറി ചിപ്പുകളുടെ വില ആഗോള വിപണിയിൽ 60 ശതമാനം വരെയും ചട്ടങ്ങൾ കടുപ്പിച്ചത് എ.സി നിർമാണ ചെലവ് ഒമ്പത് ശതമാനം വരെയും ഉയർന്നിട്ടും വില വർധന മാറ്റിവെക്കുന്നത് സാമ്പത്തിക നഷ്ടത്തിനിടയാക്കാനാണ് സാധ്യത.
യു.എസ് താരിഫ് അടക്കം ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ വിപണിക്ക് ഊർജം നൽകുകയെന്ന ലക്ഷ്യമിട്ടാണ് സർക്കാർ ജി.എസ്.ടി ഇളവ് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ അടുത്ത വർഷം മാർച്ച് വരെ കമ്പനികൾ വില വർധിപ്പിക്കാൻ സാധ്യതയില്ലെന്ന് പ്രമുഖ ബിസ്കറ്റ് കമ്പനി സെയ്ൽസ് തലവൻ പറഞ്ഞു.
ദീപാവലി സീസണിൽ ഡിമാൻഡ് ശക്തമായിരുന്നിട്ടും വില കുറക്കാൻ ഓട്ടോമൊബൈൽ കമ്പനികൾ തയാറായിട്ടില്ല. ഡിസംബർ വരെയുള്ള സ്റ്റോക്കുകൾ വിറ്റൊഴിവാക്കാനാണ് ജനുവരിയിൽ വില വർധിപ്പിക്കുന്നത്. ഉത്സവ സീസൺ കഴിഞ്ഞിട്ടും ഡിമാൻഡ് വളരെ ശക്തമാണ്. എന്നാൽ, ഉത്പാദനത്തിൽ കമ്പനികൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ജനപ്രിയ മോഡലുകൾക്ക് പോലും ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയാണെന്നും ഓട്ടോമൊബൈൽ കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, അടുത്ത വർഷം ജനുവരി അവസാനം വരെ ഉത്പന്നങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് വിപ്രോ കൺസ്യൂമർ കെയർ അറിയിച്ചു. ലാഭത്തിൽ ഇടിവുണ്ടാകുമെങ്കിലും ജി.എസ്.ടി ഇളവ് കാരണം ഡിമാൻഡ് ഉയർന്ന സാഹചര്യത്തിൽ ഉത്പാദനം വർധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിങ് ചീഫ് എക്സികുട്ടിവ് വിനീത് അഗർവാൾ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ എഫ്.എം.സി.ജി കമ്പനികളിലൊന്നായ നെസ്ലെ, ജി.എസ്.ടി ഇളവ് ബാധകമാകാത്ത യോഗേർട്ട് പാക്കുകളുടെ വില മാത്രമാണ് രണ്ട് നഗരങ്ങളിൽ നാമമാത്രം വർധിപ്പിച്ചത്. രൂപയുടെ മൂല്യം വെള്ളിയാഴ്ച സർവകാല റെക്കോഡിലേക്ക് ഇടിഞ്ഞിരുന്നു. ഒരു ഡോളർ വാങ്ങണമെങ്കിൽ ഇനി 89.49 രൂപ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

