കമോൺ കേരള ബിസിനസ് ഐക്കൺ അവാർഡ് എ.കെ. ഷാജിക്ക് സമ്മാനിച്ചു
text_fieldsകമോൺ കേരള ബിസിനസ് ഐക്കൺ അവാർഡ് മൈജി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജി ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ ഹംസ അബ്ബാസിൽനിന്ന് ഏറ്റുവാങ്ങുന്നു
ദുബൈ: 2025ലെ ‘മാധ്യമം കമോൺ കേരള ബിസിനസ് ഐക്കൺ അവാർഡ്’ മൈജി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജിക്ക് സമ്മാനിച്ചു. കമോൺ കേരളയുടെ ഏഴാം എഡിഷന്റെ ഭാഗമായി ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ എ.കെ. ഷാജി ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ ഹംസ അബ്ബാസിൽനിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയിൽ ശൃംഖല എന്ന നിലയിലേക്ക് മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വളർന്നത് എ.കെ. ഷാജിയുടെ ദീർഘവീക്ഷണം കൊണ്ടായിരുന്നു. കേരളത്തിലെ മൊബൈൽ ഫോൺ സാങ്കേതികവിദ്യയുടെ സാധ്യതകളും ഭാവിയും മനസ്സിലാക്കി 2006ൽ കോഴിക്കോട് മാവൂർ റോഡിലാണ് കേരളത്തിലെതന്നെ ആദ്യ എക്സ് ക്ലൂസിവ് മൊബൈൽ ഷോറൂം എ.കെ. ഷാജിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്നത്. തന്റെ ആ ആശയത്തിന് ത്രീജി ഡിജിറ്റൽ വേൾഡ് എന്നാണ് അന്ന് പേരിട്ടത്. എ.കെ. ഷാജി വിപണന രംഗത്ത് കാഴ്ചവെച്ച പുത്തൻ കാഴ്ചപ്പാടുകളും സമാനതകളില്ലാത്ത ആശയങ്ങളും ത്രീജിയെ വളരെ വേഗം ഒന്നാം നമ്പർ ബ്രാൻഡ് എന്ന നിലയിലേക്ക് ഉയർത്തി.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഏറ്റവും മികച്ച, ഗുണനിലവാരത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ഉദ്യമം തന്റെ കടമയായിത്തന്നെ അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് 2016ൽ, ത്രീജി ഡിജിറ്റൽ വേൾഡിന്റെ കൊച്ചി ഷോറൂം ആരംഭിച്ചപ്പോൾ, അത് മൈജി, മൈ ജനറേഷൻ ഡിജിറ്റൽ ഹബ് എന്ന പുത്തൻപേരുമായി, ഡിജിറ്റൽ രംഗത്തെ വിസ്മയമായി അതു മാറി. കൺസ്യൂമർ ഇലക്ട്രോണിക്സ് വിപണിയിലെ വൻ ഡിമാൻഡ് കണക്കിലെടുത്ത് മൈജി ഫ്യൂച്ചർ സ്റ്റോറുകളും തുടങ്ങി.
20 വർഷംകൊണ്ട് ഇലക്ട്രോണിക് ഗാഡ്ജെറ്റ് ആൻഡ് ഹോം അപ്ലയൻസസ് റീട്ടെയിൽ സ്റ്റോറുകളുടെ ഒരു വലിയ ശൃംഖല തന്നെ സൃഷ്ടിച്ച് ദക്ഷിണേന്ത്യയുടെ ഡിജിറ്റൽ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയായിരുന്നു എ.കെ. ഷാജി. ഹാജിറ ഷാജിയാണ് ഭാര്യ. മുഹമ്മദ് ഹാനി ഷാജി, ഹീന ഫാത്തിമ, ഹനീന എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

