Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightചിപ്പുകൾക്ക് ക്ഷാമം;...

ചിപ്പുകൾക്ക് ക്ഷാമം; സ്മാർട്ട് ഫോൺ, ലാപ്ടോപ് വില കുതിച്ചുയരുന്നു

text_fields
bookmark_border
ചിപ്പുകൾക്ക് ക്ഷാമം; സ്മാർട്ട് ഫോൺ, ലാപ്ടോപ് വില കുതിച്ചുയരുന്നു
cancel

മുംബൈ: രാജ്യത്തെ സ്മാർട്ട് ഫോൺ, ലാപ്ടോപ് വിപണിയിൽ വില കുതിച്ചുയരുന്നു. ഈ വർഷം മാത്രം പത്ത് ശതമാനത്തിന്റെ വർധനവാണുണ്ടായത്. ഫോട്ടോയും മറ്റും സൂക്ഷിച്ചുവെക്കാനുള്ള മെമ്മറി ചിപ്പുകളുടെ ലഭ്യത കുറഞ്ഞതാണ് വില വർധിക്കാൻ കാരണം. ജനുവരിക്ക് ശേഷം മെമ്മറി ചിപ്പുകളുടെ വിലയിൽ 50 ശതമാനത്തിന്റെ വർധനവാണുണ്ടായത്. അടുത്ത വർഷത്തോടെ വിലയിൽ 50 ശതമാനത്തിന്റെകൂടി വർധനയുണ്ടാകുമെന്നാണ് സൂചന. അതോടെ അടുത്ത വർഷം സ്മാർട്ട് ഫോണുകളും ലാപ്ടോപുകളും വാങ്ങുന്നവർ കനത്ത വില നൽകേണ്ടി വരും.

യു.എസിലെ മൈക്രോൺ ടെക്നോളജി, ദക്ഷിണ കൊറിയയിലെ സാംസങ്, എസ്.കെ ഹൈനിക്സ് തുടങ്ങിയ കമ്പനികൾ ഡാറ്റ സെന്ററുകൾക്ക് ആവശ്യമായ ഉയർന്ന ബാൻഡ്‍വിഡ്തിലുള്ള ചിപ്പുകൾക്ക് പ്രാധാന്യം നൽകിയതോടെയാണ് വില വർധിക്കാൻ തുടങ്ങിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററുകൾക്കായി എൻവിഡിയ വിൽക്കുന്ന ഗ്രാഫിക് പ്രോസസ്സിങ് യൂനിറ്റുകളിലാണ് കൂടുതൽ സംഭരണ ശേഷിയുള്ള ചിപ്പുകൾ ഉപയോഗിക്കുന്നത്. ഇതോടെ വില കുറഞ്ഞ സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കുന്ന സാധാരണ ചിപ്പുകൾക്ക് ക്ഷാമം നേരിടുകയായിരുന്നു.

ഒരു സ്മാർട്ട് ഫോൺ നിർമാണത്തിൽ ഏറ്റവും ചെലവ് വരുന്ന ഘടകമാണ് ചിപ്പുകൾ. ​മൊത്തം ഉത്പാദന ചെലവിന്റെ 15 ശതമാനം വരെ മെമ്മറി ചിപ്പുകൾക്ക് മുടക്കേണ്ടി വരും. ഒരു ബജറ്റ് സ്മാർട്ട്‌ഫോണിലോ ലാപ്‌ടോപ്പിലോ ഉപയോഗിക്കുന്ന മെമ്മറി ചിപ്പിന് മാത്രം ഏകദേശം 30 മുതൽ 60 വരെ ഡോളർ, അതായത് 2,689 മുതൽ 5,378 വരെ രൂപ വരും.

ചിപ് ക്ഷാമം കാരണം 20,000 രൂപയിൽ കുറഞ്ഞ സ്മാർട്ട് ഫോണുകളുടെയും 50,000 രൂപയിൽ കുറഞ്ഞ ലാപ്ടോപുകളുടെയും വിലയാണ് വർധിക്കുക. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോണുകളുടെയും ലാപ്‌ടോപ്പുകളുടെയും പകുതിയിലധികവും ഈ വില നിലവാരത്തിൽപെടുന്നവയാണ്.

50,000 രൂപ എന്നത് ലാപ്ടോപിനെ സംബന്ധിച്ച് വളരെ സെൻസിറ്റിവായ വിലയാണ്. വില പത്ത് ശതമാനം പോലും വർധിപ്പി​ച്ചാൽ പലരും ലാപ്ടോപുകൾ വാങ്ങുന്നത് മാറ്റിവെക്കുമെന്ന് ഐ.ഡി.സി ഇന്ത്യ ഗവേഷണ മാനേജർ ഭരത് ഷേണായി പറഞ്ഞു.

മൊബൈൽ ഫോണുകളിലും ടാബ്‍ലറ്റുകളിലും ഉപയോഗിക്കുന്ന എൽ.പി.ഡി.ഡി.ആർ.4എക്സ് (ലോ-പവർ ഡബിൾ ഡാറ്റ റേറ്റ് 4എക്സ്) ചിപ്പുകളുടെ വിലയാണ് ഉയർന്നത്. കുറഞ്ഞ വൈദ്യുതിയിൽ കൂടുതൽ ശക്തമായ മെമ്മറി ലഭിക്കുമെന്നതാണ് ഈ ചിപ്പുകളുടെ പ്രത്യേകത.

അതുപോലെ മൊബൈൽ ഫോണുകളിൽ പവർ ഓഫ് ചെയ്താലും ഡാറ്റ നിലനിർത്തുന്ന നൻഡ് ഫ്ലാഷ് സ്റ്റോറേജ് ചിപ്പിന്റെ വില അഞ്ച് മുതൽ 10 ശതമാനം വരെ വർധിച്ചു.

സ്മാർട്ട്‌ഫോണുകൾക്ക് മെമ്മറി ചിപ്പുകൾ വിതരണം ചെയ്യുന്നതിനേക്കാൾ എ.ഐ ഡാറ്റ സെന്ററുകൾക്ക് ഉയർന്ന ബാൻഡ്‍വിഡ്തിലുള്ള മെമ്മറി ചിപ്പുകൾ നിർമിക്കുന്നതാണ് കമ്പനികൾക്ക് ലാഭമെന്ന് കൗണ്ടർപോയിന്റ് റിസർച്ചിലെ അനലിസ്റ്റ് പർവ് ശർമ്മ പറഞ്ഞു.

ഏറ്റവും പ്രധാനപ്പെട്ട മെമ്മറി, സ്റ്റോറേജ് ഘടകങ്ങൾക്ക് ചെലവ് വർധിച്ചാൽ സ്മാർട്ട് ഫോൺ കമ്പനികൾ ഫീച്ചറുകൾ കുറക്കുകയോ അല്ലെങ്കിൽ വില കൂട്ടുകയോ ചെയ്യുമെന്നാണ് വ്യവസായ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

പുതിയ സ്മാർട്ട്‌ഫോണുകളുടെ വില വർധിപ്പിച്ചതിന് പിന്നാലെ ഉപഭോക്താക്കളിൽനിന്ന് ചൈനീസ് കമ്പനിയായ ഷവോമി വൻ പ്രതിഷേധം നേരിട്ടിരുന്നു. നിർമാണ ചെലവ് വർധിച്ചതിനാൽ വില കൂട്ടാതിരിക്കാൻ നിർവാഹമില്ലെന്നാണ് ഷവോമി പ്രസിഡന്റ് ലു വെയ്ബിങ് സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:affordable phonesmartphone newsBest 5G Smartphone Under 10000
News Summary - Chip crunch hits laptops, budget smartphones
Next Story