മുകേഷ് അംബാനിയെ മറികടന്നു; ഏഷ്യയിലെ അതിസമ്പന്നരിൽ രണ്ടാമനായി ഈ ചൈനീസ് വ്യവസായി
text_fieldsബീജിങ്: ഇന്ത്യൻ ശതകോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയെ പിന്തള്ളി ചൈനീസ് വ്യവസായിയും ടിക്ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന്റെ സ്ഥാപകനുമായ ഷാങ് യീമിങ് ഏഷ്യയിലെ രണ്ടാമത്തെ അതിസമ്പന്നനായി. സോഷ്യൽ മീഡിയ രംഗത്തെ കുതിപ്പിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ബൈറ്റ്ഡാൻസ് കൈവരിച്ച മുന്നേറ്റമാണ് ഷാങ്ങിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്.
ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ഷാങ് യീമിങ്ങിന്റെ ആകെ ആസ്തി 92.8 ബില്യൺ ഡോളറായി (8,88,537.26 കോടി) ഉയർന്നു. ഇതോടെ അദ്ദേഹം ചൈനയിലെ ഏറ്റവും വലിയ കോടീശ്വരനെന്ന പദവിയും സ്വന്തമാക്കി. 2019ൽ ബ്ലൂംബെർഗ് ആദ്യമായി ഷാങ്ങിന്റെ ആസ്തി കണക്കാക്കുമ്പോൾ 13 ബില്യൺ ഡോളറായിരുന്നു സമ്പാദ്യം. അവിടെനിന്നാണ് വെറും ഏഴ് വർഷം കൊണ്ട് ഏഴ് ഇരട്ടിയിലധികം വളർച്ച അദ്ദേഹം കൈവരിച്ചത്. പുതിയ പട്ടിക പ്രകാരം ഗൗതം അദാനി മൂന്നാം സ്ഥാനത്തും മുകേഷ് അംബാനി നാലാം സ്ഥാനത്തുമാണ്.
അമേരിക്ക പോലുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട കടുത്ത നിയന്ത്രണങ്ങളെയും നിരോധന ഭീഷണികളെയും അതിജീവിച്ചാണ് ബൈറ്റ്ഡാൻസ് ഈ സാമ്പത്തിക വിജയം നേടിയത്. അമേരിക്കൻ നിക്ഷേപകർക്ക് ഓഹരികൾ കൈമാറി കമ്പനി പുനഃക്രമീകരിച്ചത് ആഗോള വിപണിയിൽ വിശ്വാസ്യത വർധിപ്പിച്ചു. ടിക്ടോക്കിന്റെ ആഗോള ജനപ്രീതിക്ക് പുറമെ, കമ്പനി പുറത്തിറക്കിയ 'ദൗബാവോ' എന്ന എ.ഐ ചാറ്റ്‌ബോട്ടിന്റെ വിജയമാണ് ഷാങ്ങിന്റെ വരുമാനം കുത്തനെ ഉയർത്തിയത്. നിലവിൽ ചൈനയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഈ എ.ഐ ടൂളിന് പ്രതിമാസം 300 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്.
ബ്ലാക്ക്‌റോക്ക്, ഫിഡിലിറ്റി ഇൻവെസ്റ്റ്‌മെന്റ്‌സ് തുടങ്ങിയ ആഗോള സാമ്പത്തിക ഭീമന്മാർ കമ്പനിയുടെ മൂല്യം ഉയർത്തിയതോടെ കഴിഞ്ഞ മാസം മാത്രം ഷാങ്ങിന്റെ സമ്പത്തിൽ 24 ബില്യൺ ഡോളറിന്റെ വർധനയാണുണ്ടായത്. ആഗോള ടെക് കമ്പനികളോട് മത്സരിക്കാൻ ഈ വർഷം മാത്രം എ.ഐ സാങ്കേതികവിദ്യക്കായി 70 ബില്യൺ ഡോളർ ചെലവഴിക്കാനാണ് ബൈറ്റ്ഡാൻസ് പദ്ധതിയിടുന്നത്. ഒരു സാധാരണ സോഫ്റ്റ്‌വെയർ എൻജിനീയറിൽ നിന്ന് ആരംഭിച്ച് ലോകത്തെ ഏറ്റവും സ്വാധീനമുള്ള ടെക് ഭീമന്മാരിലൊരാളായി മാറിയ ഷാങ് യീമിങ്ങിന്റെ ഈ കുതിപ്പ് ആഗോള ബിസിനസ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

