കന്നിയാത്ര വിജയകരമാക്കി ചൈനയുടെ സ്വന്തം യാത്രാവിമാനം
text_fieldsബെയ്ജിങ്: ചൈന ആഭ്യന്തരമായി നിർമിച്ച ആദ്യത്തെ യാത്രാ ജെറ്റ് വിമാനത്തിന്റെ കന്നിയാത്ര വിജയകരമായി പൂർത്തിയാക്കി. ഷാങ്ഹായിൽനിന്ന് ബെയ്ജിങ്ങിലേക്കാണ് സി 919 വിമാനം യാത്ര നടത്തിയത്.
യാത്രാവിമാനങ്ങളുടെ കാര്യത്തിൽ ബോയിങ്ങിന്റെയും എയർബസിന്റെയും കുത്തക തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കമേഴ്സ്യൽ ഏവിയേഷൻ കോർപറേഷൻ ഓഫ് ചൈന (കൊമാക്) സ്വന്തമായി യാത്രാവിമാനം നിർമിക്കുന്നത്. അതേസമയം, 164 സീറ്റുള്ള വിമാനത്തിന്റെ എൻജിൻ ഉൾപ്പെടെ പ്രധാന ഭാഗങ്ങളെല്ലാം പാശ്ചാത്യ നിർമിതമാണ്. മൂന്ന് മണിക്കൂർ സമയംകൊണ്ടാണ് 130 യാത്രക്കാരുമായി വിമാനം ബെയ്ജിങ്ങിലെത്തിയത്. സർക്കാർ പിന്തുണയുള്ള ചൈന ഈസ്റ്റേൺ എയർലൈൻ അഞ്ച് വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. പ്രതിവർഷം 150 വിമാനം വീതം നിർമിക്കാനാണ് ലക്ഷ്യം.

