അപൂർവ ധാതുക്കൾ യു.എസിന് നൽകരുത്; ഇന്ത്യയുടെ ഉറപ്പ് തേടി ചൈന
text_fieldsമുംബൈ: ഇലക്ട്രിക് വാഹന നിർമാണത്തിന് അടക്കം അത്യാവശ്യമായ അപൂർവ ധാതുക്കൾ ചൈന ഇന്ത്യക്ക് നൽകുമെന്ന് സൂചന. ഇന്ത്യയുടെ ഭാഗത്തുനിന്ന് ചില ഉറപ്പുകൾ ലഭിച്ചാൽ മാത്രമേ അപൂർവ ധാതുക്കൾ കൈമാറൂവെന്നാണ് ചൈനയുടെ നിലപാട്. യു.എസിലേക്ക് കയറ്റി അയക്കരുത്, ആഭ്യന്തര ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ, ആയുധങ്ങൾ നിർമിക്കരുത് തുടങ്ങിയ ഉറപ്പുകളാണ് ചൈന തേടിയത്. ഇക്കാര്യങ്ങൾ കമ്പനികൾ സമ്മതിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ലെന്ന് ഇകണോമിക്സ് ടൈംസ് റിപ്പോർട്ട് പറയുന്നു.
അപൂർവ ധാതുക്കളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് യു.എസുമായി പുതിയ കരാറിലേർപ്പെടാനുള്ള ശ്രമത്തിലാണ് ചൈന. ഈ കരാർ നിലവിൽ വരുന്നതിന് മുമ്പ് മറ്റു വഴികളിലൂടെ അപൂർവ ധാതുക്കൾ യു.എസിന് ലഭിക്കരുതെന്നാണ് ചൈനയുടെ നിലപാട്.
ലോകത്തെ അപൂർവ ധാതുക്കളുടെ ശേഖരത്തിൽ 90 ശതമാനവും ചൈനയിലാണ്. പക്ഷെ, ഇവയുടെ കയറ്റുമതിക്ക് ഈയിടെ അവർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. യു.എസുമായുള്ള വ്യാപാര ചർച്ചയിൽ ചൈനയുടെ പ്രധാന വിലപേശൽ തന്ത്രമായിരിക്കും അപൂർവ ധാതുക്കൾ.
ഇലക്ട്രിക് വാഹന നിർമാണത്തിന് വളരെ അത്യാവശ്യമുള്ള ഘടകമാണ് അപൂർവ ധാതുക്കൾ. പുനരുത്പാദന ഊർജം, ഇലക്ട്രോണിക്സ്, പ്രതിരോധ, വ്യോമയാന ഉപകരണങ്ങളുടെയും നിർമാണത്തിൽ ഇവ കാര്യമായി ഉപയോഗിക്കുന്നുണ്ട്. ചൈന കയറ്റുമതി നിയന്ത്രിച്ചതിനാൽ ഇന്ത്യയിലെ വാഹന നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

