ഇലക്ട്രിക് വാഹനങ്ങൾക്ക് കൈനിറയെ സബ്സിഡി: ഇന്ത്യക്കെതിരെ പരാതിയുമായി ചൈന
text_fieldsമുംബൈ: ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററിക്കും ഇന്ത്യ അന്യായ സബ്സിഡി നൽകുന്നതിനെതിരെ പരാതിയുമായി ചൈന രംഗത്ത്. ലോക വ്യാപാര സംഘടനക്കാണ് ചൈനയുടെ വാണിജ്യ മന്ത്രാലയം പരാതി നൽകിയത്. ഇറക്കുമതി നിരുത്സാഹപ്പെടുത്തി ആഭ്യന്തര ഉത്പാദകരെ സഹായിക്കുന്ന ഇന്ത്യയുടെ നിലപാട് ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൈന ആരോപിച്ചു. ഇന്ത്യയുടെ നിരവധി സാമ്പത്തിക, വ്യാപാര നയങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അവ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, ആഭ്യന്തര വ്യവസായങ്ങളുടെ താൽപര്യങ്ങളും അവകാശങ്ങളും നിയമപരമായി സംരക്ഷിക്കുന്നത് തുടരുമെന്നും ചൈന വ്യക്തമാക്കി.
ഇലക്ട്രിക് വാഹന നിർമാണത്തിന് ആവശ്യമായ അപൂവം ധാതുക്കൾ കയറ്റുമതി ചെയ്യുന്നത് നിയന്ത്രിച്ചതിന് പിന്നാലെയാണ് ചൈനയുടെ പുതിയ നീക്കം. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് ഏറ്റവും അധികം സബ്സിഡി നൽകുന്നത്. രാജ്യത്തെ ഏറ്റവും വിൽപനയുള്ള ടാറ്റ നെക്സൺ കാറിന്റെ വിലയുടെ 46 ശതമാനം നേരിട്ടും അല്ലാതെയും സബ്സിഡി ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കുറഞ്ഞ ജി.എസ്.ടിക്കും റോഡ് നികുതി ഇളവിനും പുറമെ, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം പ്രകാരവും വാഹന നിർമാതാക്കൾക്ക് സബ്സിഡി ലഭിക്കുന്നുണ്ട്.
അതേസമയം, ചൈനയിൽ ഏറ്റവും ജനപ്രിയ ഇ.വി കാറിന് 10 ശതമാനം മാത്രമാണ് സബ്സിഡി ലഭിക്കുന്നത്. കൊറിയയിൽ 16 ശതമാനവും ജർമനിയിൽ 20 ശതമാനവും യു.എസിലും ജപ്പാനിലും 26 ശതമാനവുമാണ് ഇ.വി സബ്സിഡി നിരക്ക്. ഇത്രയേറെ സബ്സിഡിയും സഹായവും ചെയ്തിട്ടും മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മൊത്തം വാഹനങ്ങളിൽ വെറും രണ്ട് ശതമാനം മാത്രമാണ് ഇ.വികൾ. ലോക വ്യാപാര ചട്ടങ്ങൾ പ്രകാരം മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വ്യവസായത്തെയും കയറ്റുമതിയെയും തകർക്കുന്ന സബ്സിഡികൾ വിലക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

