റഷ്യൻ എണ്ണ പകുതിയോളം കുറച്ച് ഇന്ത്യ, വാങ്ങിക്കൂട്ടി ചൈനയും യൂറോപും
text_fieldsമുംബൈ: ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്. നവംബറിനെ അപേക്ഷിച്ച് ഡിസംബറിൽ 40 ശതമാനത്തിന്റെ കുറവാണുണ്ടായത്. റോസ്നെഫ്റ്റ്, ലുകോയിൽ തുടങ്ങിയ റഷ്യയുടെ എണ്ണക്കമ്പനികൾക്കുമേൽ യു.എസ് പ്രഖ്യാപിച്ച ഉപരോധം നിലവന്നതോടെയാണ് ഇറക്കുമതി ഗണ്യമായി കുറഞ്ഞത്. എണ്ണ ഇറക്കുമതി മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയതായി നാവിക വ്യാപാര ഗവേഷണ സ്ഥാപനമായ കെപ്ലർ അറിയിച്ചു. നവംബറിൽ ദിനംപ്രതി 1.84 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ, ഡിസംബറിൽ 1.2 ദശലക്ഷം ബാരലായി കുറഞ്ഞു. ഡിസംബറിലെ പൂർണ വിവരങ്ങൾ വരും ദിവസങ്ങളിൽ മാത്രമേ പുറത്തുവരൂ.
റഷ്യയിൽനിന്നുള്ള എണ്ണക്കപ്പലുകൾ 30 മുതൽ 40 വരെ ദിവസങ്ങളെടുത്താണ് ഇന്ത്യയിലെത്തുക. നവംബർ 21നാണ് റഷ്യൻ കമ്പനികൾക്കെതിരായ യു.എസ് ഉപരോധം പ്രാബല്യത്തിൽ വന്നത്. 2022ന് ശേഷം ആദ്യമായാണ് ഇറക്കുമതി ഇത്രയും കുറഞ്ഞതെന്നും ഇന്ത്യൻ കമ്പനികളുടെ നടപടി താൽകാലികം മാത്രമാണെന്നും കെപ്ലറിന്റെ മുഖ്യ ഗവേഷകനായ സുമിത് റിതോലിയ അറിയിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, ന്യൂ മാംഗളൂർ തുടങ്ങിയ കമ്പനികളാണ് ഡിസംബറിൽ ഏറ്റവും അധികം ഇറക്കുമതി കുറച്ചത്. ജനുവരിയോടെ പുതിയ ഇടനിലക്കാർ വരികയും വിതരണ ശൃംഖല പുനസ്ഥാപിക്കുകയും ചെയ്യുന്നതോടെ ഇറക്കുമതി ഉയരുമെന്നാണ് പ്രതീക്ഷയെന്നും റിതോലിയ വ്യക്തമാക്കി.
അതേസമയം, ഇന്ത്യയെക്കാൾ ചൈനയും യൂറോപ്യൻ യൂനിയനുമാണ് റഷ്യൻ എണ്ണ വാങ്ങുന്നതെന്നാണ് കണക്കുകൾ പറയുന്നത്. യുക്രെയ്നെതിരായ റഷ്യൻ യുദ്ധം നാലാം വർഷത്തിലേക്ക് കടന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നത്. റഷ്യൻ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി ഇന്ത്യയുടെ മേൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 50 ശതമാനം നികുതി ചുമത്തിയിരുന്നു. ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചിട്ടും നികുതി പിൻവലിക്കാൻ യു.എസ് തയാറായിട്ടില്ല. റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈന, യു.എസിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യയേക്കാൾ വളരെ കുറച്ചു നികുതി മാത്രമേ നൽകുന്നുള്ളൂ. ഇന്ത്യക്കെതിരെ നിരവധി ഉപരോധങ്ങൾ ഏർപ്പെടുത്തിയ യൂറോപ്യൻ യൂനിയൻ, റഷ്യൻ എണ്ണ വാങ്ങുന്നതിൽ രണ്ടാം സ്ഥാനത്താണ്. റഷ്യയുടെ എണ്ണ വരുമാനത്തിൽ 22 ശതമാനവും സംഭാവന ചെയ്യുന്നത് യൂറോപ്യൻ യൂനിയനാണ്. 46 ശതമാനവുമായി ചൈനയാണ് ഒന്നാം സ്ഥാനത്തെന്നും ഫിൻലൻഡിലെ ഊർജ, ശുദ്ധവായു ഗവേഷണ കേന്ദ്ര (സി.ആർ.ഇ.എ) വ്യക്തമാക്കി.
2022 ഫെബ്രുവരിയിൽ യുക്രെയ്‌ൻ അധിനിവേശം തുടങ്ങിയത് മുതൽ അസംസ്കൃത എണ്ണയുടെ കയറ്റുമതിയിൽനിന്ന് റഷ്യ 996 ബില്ല്യൻ യൂറോ (1.2 ലക്ഷം കോടി ഡോളർ) വരുമാനം നേടിയിട്ടുണ്ട്. ഇന്ത്യ 160 ബില്ല്യൻ യൂറോയുടെയും തുർക്കിയ 117 ബില്ല്യൻ യൂറോയുടെയും എണ്ണയാണ് ഈ കാലയളവിൽ വാങ്ങിയത്. ചൈന 292 ബില്ല്യൻ യൂറോയുടെ എണ്ണ വാങ്ങി.
എന്നാൽ, യുക്രെയ്ന് ആയുധം വിറ്റതിലൂടെയുള്ള വരുമാനം മാറ്റിനിർത്തിയാലും റഷ്യൻ യുദ്ധത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് യു.എസാണ്. 2021 വരെ യൂറോപിന് തുച്ചമായ വിലയ്ക്ക് പ്രകൃതി വാതകം നൽകിയിരുന്നത് റഷ്യയായിരുന്നു. എന്നാൽ, യുദ്ധത്തിന് ശേഷം യൂറോപിന് പ്രകൃതി വാതകം വിറ്റതിലൂടെ യു.എസിന് കോടിക്കണക്കിന് ഡോളർ വരുമാനമാണ് ലഭിച്ചത്. 2015ലെ കണക്ക് പ്രകാരം യൂറോപിലേക്ക് യു.എസ് പ്രകൃതി വാതകം കയറ്റുമതി ചെയ്തിരുന്നില്ല. നിലവിൽ യൂറോപ് ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകത്തിന്റെ 57 ശതമാനം യു.എസിന്റെതാണെന്ന് എനർജി, ഇകണോമിക്സ്, ഫിനാൻഷ്യൽ അനാലിസിസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അന മരിയ ജാലർ-മകാരെവിച്ച്സ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

