ടാറ്റ ഗ്രൂപ്പിലെ അധികാര തർക്കം പിടിവിടുന്നു; കേന്ദ്രം ഇടപെടും
text_fieldsമുംബൈ: രാജ്യത്തെ ഏറ്റവും വിശ്വസ്ത്വരും ശക്തരുമായ വ്യാവസായ ഗ്രൂപ്പായ ടാറ്റയിലെ ഭിന്നതയും അധികാര തർക്കവും കനത്തതോടെ കേന്ദ്ര സർക്കാർ ഇടപെടുന്നു. തർക്കം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കക്കിടെയാണ് കേന്ദ്രത്തിന്റെ നീക്കം. ഇകണോമിക്സ് ടൈംസാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. നിരവധി കാലം ടാറ്റ ട്രസ്റ്റിനെ നയിച്ച രത്തൻ ടാറ്റയുടെ മരണത്തോടെയാണ് ഗ്രൂപ്പിൽ കടുത്ത അഭിപ്രായ ഭിന്നത തലപ്പൊക്കിയത്.
ഗ്രൂപ്പുമായി അടുത്ത ബന്ധം പുലർത്തുന്ന രണ്ട് കേന്ദ്ര മന്ത്രിമാർ നേതൃത്വവുമായി ഈ ആഴ്ച കൂടിക്കാഴ്ച നടത്തും. ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ, വൈസ് ചെയർമാൻ വേണു ശ്രീനിവാസൻ, ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, ടാറ്റ ട്രസ്റ്റി ദാരിയസ് ഖംബത തുടങ്ങിയവരുമായാണ് കൂടിക്കാഴ്ച നടത്തുക.
ടാറ്റ ട്രസ്റ്റിലെ അംഗങ്ങളും ഗ്രൂപ്പിലെ മുഖ്യ ഓഹരി ഉടമകളും തമ്മിലുള്ള ഭിന്നത പരിഹരിക്കുകയും തർക്കങ്ങൾ ടാറ്റ സൺസിന്റെയും അതിന്റെ കീഴിലുള്ള കമ്പനികളുടെയും പ്രവർത്തനങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയുമാണ് ചർച്ചയുടെ പ്രധാന ലക്ഷ്യം. ടാറ്റ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന പദ്ധതിയും കൂടിക്കാഴ്ചയിൽ പരിഗണിക്കും. ചരിറ്റബിൾ ട്രസ്റ്റായ ടാറ്റ ട്രസ്റ്റാണ് 157 വർഷത്തെ വ്യവസായ പാരമ്പര്യമുള്ള ടാറ്റ സൺസിനെ നിയന്ത്രിക്കുന്നത്. ഉപ്പു മുതൽ സെമികണ്ടക്ടർ വരെ നിർമിക്കുന്ന കമ്പനികളുടെ ഉടമയായ ടാറ്റ സൺസിന് 15.84 ലക്ഷം കോടി രൂപ ആസ്തിയുണ്ട്.
മുൻ പ്രതിരോധ വകുപ്പ് സെക്രട്ടറിയായ വിജയ് സിങ്ങിനെ ടാറ്റ സൺസ് നോമിനി ഡയറക്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതോടെയാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. വിജയ് സിങ്ങിനെ പുറത്താക്കുന്നതും മെഹലി മിസ്ട്രിയെ നിയമിക്കുന്നതും വേണു ശ്രീനിവാസനും നോയൽ ടാറ്റയും എതിർത്തിരുന്നു. എന്നാൽ, നിയമനത്തെ പിന്തുണച്ച് ദാരിയസ് ഖംബത അടക്കം മറ്റ് ചില ട്രസ്റ്റ് അംഗങ്ങൾ രംഗത്തെത്തിയതോടെയാണ് ഗ്രൂപ്പിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള നീക്കണമെന്ന ആരോപണം ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

