Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐഡിബിഐയ്ക്ക് പുറമെ നാല് ബാങ്കുകളുടെയും ഓഹരികൾ വിൽക്കാൻ കേന്ദ്രം; 75 ശതമാനായി കുറക്കാൻ നീക്കം

text_fields
bookmark_border
ഐഡിബിഐയ്ക്ക് പുറമെ നാല് ബാങ്കുകളുടെയും ഓഹരികൾ വിൽക്കാൻ കേന്ദ്രം; 75 ശതമാനായി കുറക്കാൻ നീക്കം
cancel

ന്യൂഡൽഹി: ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരികൾ വിൽക്കാൻ അനുമതി നൽകിയതിന് പിന്നാലെ നാല് ബാങ്കുകളുടെ ഓഹരികൾ കൂടി വിൽക്കാൻ കേന്ദ്ര സർക്കാർ. പൊതുമേഖലാ ബാങ്കുകളായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയിലെ ഓഹരികളാണ് വിൽക്കാൻ പദ്ധതിയിടുന്നത്.

സെബിയുടെ ചുരുങ്ങിയ പൊതു ഓഹരി മാനദണ്ഡം പാലിക്കുന്നതിനായി ഈ ബാങ്കുകളിലെ ഓഹരി 75 ശതമാനമായി കുറക്കാനാണ് നീക്കമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. നിലവിൽ സർക്കാരിന് ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 92.44 ശതമാനം, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 81.19 ശതമാനം, യൂക്കോ ബാങ്കിൽ 90.95 ശതമാനം, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിൽ 93.85 ശതമാനം എന്നിങ്ങനെയാണ് ഓഹരികളാണുള്ളത്.

ഓഹരി വിൽപ്പനയ്ക്ക് പുറമെ, പൊതുമേഖലാ ബാങ്കുകളുടെ അടുത്ത ഘട്ട ലയനത്തിനുള്ള പദ്ധതിയും സർക്കാർ തയ്യാറാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി രണ്ട് ബാങ്കുകളെ കൂടി സ്വകാര്യവൽക്കരണത്തിനായി കണ്ടെത്തിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഓഹരി വിൽപ്പനയിലൂടെ നാല് ബാങ്കുകളിലെയും പൊതു നിക്ഷേപക രുടെ ഓഹരികൾ വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. "ഒരു വർഷത്തിനുള്ളിൽ നാല് ബാങ്കുകളിലെയും പൊതു ഓഹരി വർധിപ്പിക്കുകയാണ് ആദ്യപടി. വിപണി സാഹചര്യങ്ങൾ അനുസരിച്ച് ഓഫർ ഫോർ സെയിൽ (ഒ.എഫ്.എസ്) വഴി ഓഹരികൾ വിൽക്കും. ബാങ്കുകൾക്കും സ്വന്തം പദ്ധതികൾ അനുസരിച്ച് വിപണിയിൽ നിന്ന് ഫണ്ട് സമാഹരിക്കാം," ഉദ്യോഗസ്ഥൻ പറഞ്ഞു.

മൂന്നോ നാലോ വലിയ പൊതുമേഖലാ ബാങ്കുകൾ നിലനിർത്തുകയെന്ന ദീർഘകാല ലക്ഷ്യത്തോടെയാണ് പൊതുമേഖലാ ബാങ്ക് ലയന ത്തിന് കേന്ദ്ര സർക്കാർ പദ്ധതികൾ തയ്യാറാകുന്നത്. സ്വകാര്യവൽക്കരണത്തിനായി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയെയും ഇന്ത്യൻ ഓവർസീസ് ബാങ്കിനെയും നിതി ആയോഗ് ഷോർട്ട്‌ലിസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇരു ബാങ്കുകളെയും സ്വകാര്യവൽക്കരിക്കാൻ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ പ്രക്രിയയ്ക്ക് ബാങ്കുകളുടെ നിർദേശങ്ങളും ആവശ്യമാണെന്ന് റിപ്പോർട്ടിലുണ്ട്. സ്വകാര്യവൽക്കരണത്തിന് ബാങ്കിങ് കമ്പനീസ് നിയമത്തിൽ ഭേദഗതികൾ ആവശ്യമാണ്. ലയന പ്രക്രിയയ്‌ക്കൊപ്പം ഈ ഭേദഗതികളും കൊണ്ടു വന്നേക്കാമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

2021-22 കേന്ദ്ര ബജറ്റിൽ ഐ.ഡി.ബി.ഐ ബാങ്കിന് പുറമെ രണ്ട് പൊതുമേഖലാ ബാങ്കുകളും ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയും സ്വകാര്യവൽക്കരിക്കാനുള്ള പദ്ധതി സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഐ.ഡി.ബി.ഐ ബാങ്കിൻറെ ഭൂരിപക്ഷം ഓഹരികളും 52,878 കോടി രൂപയ്ക്ക് കാനഡ ആസ്ഥാനമായുള്ള ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സിന് വിറ്റതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാറും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (LIC) കൈവശം വച്ചിരിക്കുന്ന ആകെ 60.72 ശതമാനം ഓഹരികളാണ് ഫെയർഫാക്സ് സ്വന്തമാക്കിയത്. ഇതിൽ സർക്കാർ 30.48 ശതമാനവും എൽ.ഐ.സി 30.24 ശതമാനം ഓഹരികളുമാണ് വിറ്റഴിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Government plans to pare stakes in 4 PSU banks to 75%
Next Story