എൽ.ഐ.സിയെ സർക്കാർ കൈവിടുന്നോ? ആഴ്ചകൾക്കകം വൻ ഓഹരി വിൽപനക്ക് നീക്കം
text_fieldsമുംബൈ: ആഴ്ചകൾക്കകം രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷൂറൻസ് കമ്പനിയായ എൽ.ഐ.സിയുടെ കൂടുതൽ ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. 13,200 കോടിയിലേറെ രൂപയുടെ ഓഹരികളാണ് വിൽക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. കേന്ദ്ര സർക്കാറിന് 96.5 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് എൽ.ഐ.സി.
സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം ചെയ്യുന്ന പൊതുമേഖല കമ്പനികളിലെ കേന്ദ്ര സർക്കാർ ഓഹരി പങ്കാളിക്കം 25 ശതമാനമെങ്കിലും കുറക്കണമെന്ന സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ചട്ടപ്രകാരമാണ് നീക്കം. നേരത്തെ പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) യിലൂടെ 3.5 ശതമാനം ഓഹരികളാണ് 2022 മേയിൽ സർക്കാർ വിറ്റഴിച്ചത്. ഓഹരി വിപണിയിലെ ഏറ്റവും വലിയ ഐ.പി.ഒയിലൂടെ 22,557 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞിരുന്നു. അടുത്ത ഘട്ടത്തിൽ 6.5 ശതമാനം അതായത് 37,000 കോടി രൂപയുടെ ഓഹരികൾകൂടി വിറ്റൊഴിവാക്കാനാണ് തീരുമാനം. 2027 മേയ് മാസമാണ് ഓഹരി വിൽപ്പനക്കുള്ള സമയ പരിധി.
ഘട്ടംഘട്ടമായായിരിക്കും ഓഹരി വിൽപനയെന്ന് വിഷയവുമായി ബന്ധപ്പെട്ട രഹസ്യ വൃത്തങ്ങൾ അറിയിച്ചു. പെട്ടെന്ന് ഓഹരികൾ കൂട്ടമായി വിൽക്കുന്നത് നിക്ഷേപകർക്ക് കനത്ത നഷ്ടമുണ്ടാക്കുന്നതിനാലാണ് ഘട്ടംഘട്ടമായി വിൽക്കാനുള്ള തീരുമാനം. വൻ പ്രതീക്ഷയോടെ വിപണിയിലെത്തിയ എൽ.ഐ.സി നിക്ഷേപകർക്ക് കനത്ത നിരാശയാണ് സമ്മാനിച്ചത്. 949 രൂപയ്ക്കാണ് ഓഹരികൾ ഐ.പി.ഒയിലൂടെ വിൽപന നടത്തിയിരുന്നത്. എന്നാൽ, മൂന്ന് വർഷങ്ങൾക്ക് ശേഷവും ഐ.പി.ഒ വിലയ്ക്ക് താഴെയാണ് ഓഹരി (907.65 രൂപ) വ്യാപാരം ചെയ്യപ്പെടുന്നത്.
ഓഹരി വിൽപനയുമായി ബന്ധപ്പെട്ട ചർച്ച തുടരുകയാണെന്നും വരുന്ന ആഴ്ച ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് അന്തിമ തീരുമാനമെടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട പൊതുമേഖല സ്ഥാപനങ്ങളിലെ സർക്കാർ ഓഹരി പങ്കാളിത്തം 25 ശതമാനം വിൽക്കണമെന്നാണ് ചട്ടം. ഇതുപ്രകാരം എൽ.ഐ.സിയിലെ ഓഹരി പങ്കാളിത്തം കുറക്കാൻ 2032 വരെ സർക്കാറിന് സമയമുണ്ട്. സർക്കാർ ഓഹരി പങ്കാളിത്തം ഘട്ടംഘട്ടമായി കുറക്കാൻ മറ്റുള്ള പല പൊതുമേഖല കമ്പനികൾക്കും സെബി സമയ പരിധി നീട്ടിനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

