പാനീയ കാൻ നിർമാണത്തിലെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സർക്കാർ നീട്ടി
text_fieldsമുംബൈ: അലുമിനിയം പാനീയ കാനുകളുടെ നിർബന്ധിത ഗുണനിലവാര സർട്ടിഫിക്കേഷൻ പാലിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സർക്കാർ ആറ് മാസത്തേക്ക് നീട്ടി. 2027 ഏപ്രിൽ വരെയാണ സമയം അനുവദിച്ചിരിക്കുന്നത്. ഡയറ്റ് കോക്ക്, ചില ബിയർ ബ്രാൻഡുകൾ എന്നിവയുടെ വിതരണത്തെ ബാധിച്ച ഉൽപ്പാദന ക്ഷാമത്തിനിടയിൽ, ഉൽപ്പാദനം വർധിപ്പിക്കാൻ നിർമാതാക്കൾക്ക് കൂടുതൽ സമയം നൽകുന്നതാണ് ഈ തീരുമാനം. ഒക്ടോബർ 31 ആയിരുന്നു ഇതിനായി മുമ്പ് നിശ്ചയിച്ചിരുന്ന അവസാന തീയതി.
വൻകിട സംരംഭങ്ങൾ 2027 ഏപ്രിൽ 1 മുതലും, ചെറുകിട സംരംഭങ്ങൾ ജൂലൈ 1 മുതലും, മൈക്രോ സംരംഭങ്ങൾ 2027 ഒക്ടോബർ 1 മുതലും ഈ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കേണം. ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന ബിയറുകളുടെയും സോഫ്റ്റ് ഡ്രിങ്കുകളുടെയും വാർഷിക വിൽപനയുടെ നാലിലൊന്നിലധികവും അലുമിനിയം കാനുകളിലാണ്. ഉപഭോക്താക്കൾക്കിടയിൽ പ്രിയം കൂടിയതോടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇവയുടെ വിപണി വിഹിതം ഇരട്ടിയായി വർധിച്ചു. എന്നാൽ, വർധിച്ചുവരുന്ന ആവശ്യത്തിനനുസരിച്ച് ഉൽപ്പാദനം ഉയർത്താൻ ആഭ്യന്തര നിർമാതാക്കൾക്ക് സാധിച്ചിട്ടില്ല. കൂടാതെ, പശ്ചിമേഷ്യൻ ഉപരോധങ്ങളും യുദ്ധാന്തരീക്ഷവും ഇവയുടെ ആഗോള വിതരണത്തിൽ ആശങ്ക സൃഷ്ടിക്കുകയും വികസന പദ്ധതികളെ ബാധിക്കുകയും ചെയ്തു.
രാജ്യത്തിനുള്ളിൽ അധികമായി 600 ദശലക്ഷം കാനുകൾ ഉൽപ്പാദിപ്പിക്കാനാണ് നിർമാതാക്കൾ ലക്ഷ്യമിട്ടിരുന്നതെങ്കിലും അതിന്‍റെ പകുതി മാത്രമേ കൈവരിക്കാനായുള്ളൂ എന്ന് ബ്രൂവേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ വിനോദ് ഗിരി പറഞ്ഞു. ബിയറിനും മറ്റ് പാനീയങ്ങൾക്കും വൻ ഡിമാൻഡ് അനുഭവപ്പെടുന്ന വേനൽക്കാലത്തിന് മുന്നോടിയായി പാക്കിങ് സാമഗ്രികൾ ഉറപ്പാക്കാൻ ഈ സമയപരിധി നീട്ടൽ വ്യവസായ മേഖലയ്ക്ക് സഹായകരമാകും.
ഉൽപ്പന്നങ്ങളുടെ സുരക്ഷ, പുതുമ, പുനരുപയോഗ സാധ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ വർഷം ഏപ്രിലിൽ പുറപ്പെടുവിച്ച ക്വാളിറ്റി കൺട്രോൾ ഓർഡറിലൂടെയാണ് അലുമിനിയം കാനുകളെ ബി.ഐ.എസ് നിർബന്ധിത സർട്ടിഫിക്കേഷന് കീഴിൽ കൊണ്ടുവന്നത്. ഇതിനായി ഉപയോഗിക്കുന്ന വസ്തുക്കൾ, വലിപ്പം, സീലിങ്, മർദ്ദത്തെ പ്രതിരോധിക്കാനുള്ള ശേഷി, ചോർച്ചയില്ലെന്ന് ഉറപ്പാക്കൽ, സംരക്ഷണ കോട്ടിംഗുകൾ എന്നീ സാങ്കേതിക മാനദണ്ഡങ്ങൾ ആഭ്യന്തര-വിദേശ നിർമാതാക്കൾ പാലിക്കേണ്ടതുണ്ട്.
വിദേശത്തുള്ള നിർമാണ പ്ലാന്റുകളിൽ നേരിട്ടെത്തി പരിശോധന നടത്തുന്നതടക്കമുള്ള ദൈർഘ്യമേറിയ പ്രക്രിയയായതിനാൽ, പുതിയ വിതരണക്കാർക്ക് അംഗീകാരം ലഭിക്കാൻ കൂടുതൽ സമയം ആവശ്യമായി വരും. 2027ലെ വേനൽക്കാലത്തേക്ക് ആവശ്യമായ സ്റ്റോക്ക് മുൻകൂട്ടി ആസൂത്രണം ചെയ്യാനും സംഭരിക്കാനും ബിയർ കമ്പനികളെ ഇത് സഹായിക്കുമെന്നതിനാൽ, ഈ സമയപരിധി നീട്ടൽ വളരെ നിർണായകമാണ്. കാനുകൾക്ക് ക്ഷാമം നേരിട്ടതോടെ പാനീയ നിർമാതാക്കൾ യു.എ.ഇ, ശ്രീലങ്ക, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ തുടങ്ങി. എന്നാൽ ഇറക്കുമതി ചെയ്യുന്ന കാനുകൾക്ക് ആഭ്യന്തര കാനുകളേക്കാൾ 25-30% വരെ ചെലവ് കൂടുതലാണ്.
നിലവിലുള്ള ആഭ്യന്തര നിർമാണ ശേഷി പ്രമുഖ വിതരണക്കാർ പൂർണ്ണമായി ഉപയോഗിച്ചു കഴിഞ്ഞു. പുതിയ ഉൽപ്പാദന യൂണിറ്റുകൾ പ്രവർത്തനക്ഷമമാകാൻ ഒരു വർഷം വരെ സമയമെടുക്കും. കാനുകൾക്കുള്ള ഡിമാൻഡ് ഉയരുകയും ആഭ്യന്തര നിർമാതാക്കൾ ഉൽപ്പാദനം കൂട്ടാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിൽ, നിർമാതാക്കൾക്ക് അനുകൂലമായ നിയന്ത്രണ ഇളവുകൾക്കായി വ്യവസായ മേഖല നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു.

