വ്യാജ സംഭാവനകൾ പെരുകുന്നു; നികുതി വെട്ടിപ്പ് നടത്തുന്നവർ വലയിലാകും
text_fieldsമുംബൈ: ആദായ നികുതി ഇളവ് ലഭിക്കാൻ വ്യാജ സംഭാവന കണക്കുകൾ നൽകുന്നവരുടെ എണ്ണം വർധിക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്കും ചാരിറ്റി സംഘടനകൾക്കും സംഭാവന നൽകിയെന്ന് കാണിച്ചാണ് പലരും ആദായ നികുതി ഇളവ് നേടുന്നത്. വ്യാജ സംഭാവന കണക്ക് നൽകി നികുതി വെട്ടിപ്പ് നടത്തുന്നവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി). ഇതിനായി ഒരു കാമ്പയിൻ തുടങ്ങിയിരിക്കുകയാണ് സി.ബി.ഡി.ടി. കാമ്പയിനിൽ വ്യാജ സംഭാവന കണക്കുകൾ കണ്ടെത്തിയാൽ ആദായ നികുതി റിട്ടേൺ സമർപ്പിച്ചത് തിരുത്തേണ്ടി വരും.
തെരഞ്ഞെടുപ്പ് കമ്മീഷനിൽ റജിസ്റ്റർ ചെയ്യപ്പെട്ട കുഞ്ഞു രാഷ്ട്രീയ പാർട്ടികൾക്ക് സംഭവന നൽകിയെന്ന് കാണിച്ചാണ് നികുതിദായകർ ആദായ നികുതി ഇളവ് ആവശ്യപ്പെടുന്നത്. എന്നാൽ, നികുതിദായകർ പറയുന്ന പല രാഷ്ട്രീയ പാർട്ടികളും നിലവിലില്ലെന്നും ഒരു രാഷ്ട്രീയ പ്രവർത്തനവും നടത്തുന്നില്ലെന്നും കണ്ടെത്തി. കമ്മീഷൻ വാങ്ങിയാണ് നികുതി ഇളവ് ക്ലെയിം അപേക്ഷകൾ ഇടനിലക്കാർ തയാറാക്കി നൽകുന്നതെന്നും ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ വ്യക്തമായി. ഇടനിലക്കാർ നൽകുന്ന വ്യാജ സംഭാവന റെസീറ്റുകൾ ഉപയോഗിച്ച് നികുതി ഇളവ് മാത്രമല്ല, വൻതുക റീഫണ്ടും നേടുന്നുണ്ട്. ഇടനിലക്കാർക്ക് എതിരെ നടപടി തുടങ്ങിയതായും സി.ബി.ഡി.ടി അറിയിച്ചു. വ്യക്തികൾക്കെതിരെ മാത്രമല്ല, കമ്പനികളുടെ സംഭാവന കണക്കുകളും കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് വിവരങ്ങളും പരിശോധിക്കും. കള്ളപ്പണ ഇടപാട് നടത്തുന്ന ചില സ്ഥാപനങ്ങളെ കണ്ടെത്തിയതായും ഇവയ്ക്കെതിരെ നടപടി സ്വീകരിച്ചുതുടങ്ങിയതായും സി.ബി.ഡി.ടി വ്യക്തമാക്കി.
നികുതിദായകർ സമർപ്പിച്ച ഡാറ്റ വിശകലനം ചെയ്താണ് വ്യാജ സംഭാവനകളും ഇടപാടുകളും കണ്ടെത്തിയത്. വിശദീകരണം തേടിയപ്പോൾ പലർക്കും തെളിവുകൾ സമർപ്പിക്കാൻ കഴിഞ്ഞില്ല. ഇതേതുടർന്ന് ഇവർ തെറ്റു തിരുത്തി റിട്ടേൺസ് സമർപ്പിച്ചതായും സി.ബി.ഡി.ടി പറഞ്ഞു. കാമ്പയിൻ സംബന്ധിച്ച് നികുതിദായകർക്ക് എസ്.എം.എസും ഇ-മെയിലുകളും അയച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങൾ തിരുത്തി റിട്ടേൺസ് വീണ്ടും സമർപ്പിക്കാൻ നികുതിദായകർ സ്വയം തയാറാകണമെന്നും സി.ബി.ഡി.ടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

