Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightചൈനക്ക് മറുപടി, ഇനി...

ചൈനക്ക് മറുപടി, ഇനി അപൂർവ ധാതുക്കൾ ഇന്ത്യ സ്വയം നിർമിക്കും; വൻ പദ്ധതി ഒരുങ്ങി

text_fields
bookmark_border
ചൈനക്ക് മറുപടി, ഇനി അപൂർവ ധാതുക്കൾ ഇന്ത്യ സ്വയം നിർമിക്കും; വൻ പദ്ധതി ഒരുങ്ങി
cancel

മുംബൈ: ലോകത്ത് ഏറ്റവും ചർച്ച ചെയ്യ​പ്പെടുന്ന അപൂർവ ധാതുക്കളുടെ നിർമാണം പ്രോത്സാഹിപ്പിക്കാൻ വൻ പദ്ധതിയുമായി ഇന്ത്യ. 7280 കോടി രൂപയുടെ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയർമാനായ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ഇതാദ്യമായാണ് അപൂർവ ധാതുക്കളുടെ ഉത്പാദനത്തിനും വിതരണത്തിനുമായി കേന്ദ്രം വൻ പദ്ധതി തയാറാക്കുന്നത്. ഒരു വർഷം 6000 ടൺ അപൂർവ ധാതുക്കൾ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം. ഇലക്ട്രിക് വാഹനം, സോളാർ എനർജി, ഇലക്ട്രോണിക്സ്, എ​യറോസ്​പേസ്, പ്രതിരോധം തുടങ്ങിയ വിവിധ മേഖലകൾക്ക് ഏറ്റവും അത്യാവശ്യമായതാണ് അപൂർവ ധാതുക്കൾ. പദ്ധതി പ്രകാരം അഞ്ച് കമ്പനികൾക്കാണ് ഉത്പാദനത്തിന് കരാർ നൽകുക. ഒരു കമ്പനി വർഷം 1200 ടൺ അപൂർവ ധാതുക്കൾ നിർമിക്കണമെന്നാണ് നിർദേശം. അപൂർവ ധാതുക്കൾ വിൽപന നടത്താൻ അഞ്ച് വർഷത്തോളം 6450 കോടി രൂപയുടെ ഇൻസെന്റീവുകളും നിർമാണ സൗകര്യങ്ങൾ വികസിപ്പിക്കാൻ 750 കോടി രൂപയുടെ സബ്സിഡിയുമാണ് കേന്ദ്രം നൽകുക.

ലോകത്ത് ഏറ്റവും കൂടുതൽ അപൂർവ ധാതുക്കളുടെ ​നിക്ഷേപമുള്ള അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാൽ, ഓരോ വർഷവും ആഭ്യന്തര വിപണിക്ക് ആവശ്യമായ 900 ടൺ ഇറക്കുമതി ചെയ്യുകയാണ് രാജ്യം. ചൈന കയറ്റുമതി നിയന്ത്രിച്ചതോടെ ആഭ്യന്തര വിപണിയിലെ പുതിയ തലമുറ വ്യവസായങ്ങൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. ആയുധങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ്​ ചൈന കയറ്റുമതി അവസാനിപ്പിച്ചത്. ഇതിനു പിന്നാലെ, വാഹന നിർമാതാക്കളുടെ സമ്മർദ ഫലമായി അപൂർവ ധാതുക്കൾ ആഭ്യന്തരമായി നിർമിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തയാറാക്കുകയായിരുന്നു.

അഞ്ച് വർഷത്തിനുള്ളിൽ ആഭ്യന്തര വിപണിയിൽ അപൂർവ ധാതുക്കളുടെ ഉപഭോഗം ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്. പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടെ അപൂർവ ധാതുക്കൾ നിർമിക്കാനുള്ള സംയോജിത കേന്ദ്രങ്ങൾ രാജ്യത്ത് നിലവിൽ വരും. തൊഴിലവസരങ്ങളുണ്ടാക്കു​ന്നതിന് പുറമെ, 2070 ഓടെ കാർബൺ മലിനീകരണം ഇല്ലാത്ത രാജ്യമായി മാറുകയെന്ന ലക്ഷ്യത്തിന് ഊർജം പകരാനും പദ്ധതിക്ക് കഴിയുമെന്ന് കേന്ദ്ര സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. അപൂർവ ധാതുക്കൾ നിർമിക്കുന്ന സുപ്രധാന രാജ്യങ്ങളിലൊന്നായി ഭാവിയിൽ ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷ.

കേന്ദ്ര സർക്കാർ പദ്ധതിയെ രാജ്യത്തെ വാഹന നിർമാതാക്കൾ സ്വാഗതം ചെയ്തു. ഇലക്ട്രിക് വാഹനങ്ങൾക്കടക്കം അപൂർവ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ് പദ്ധതിയെന്ന് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേർസ് ​സൊസൈറ്റി പ്രസിഡന്റ് ​ശൈലേഷ് ചന്ദ്ര പറഞ്ഞു. പദ്ധതിയിലൂടെ രാജ്യത്ത് ഇലക്ട്രിക് വാഹന ഉപഭോഗം വർധിപ്പിക്കാനും എണ്ണ ഇറക്കുമതി കുറക്കാനും കാർബൺ മലിനീകരണം കുറക്കാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lithium-ion batterieselectric vehiclesChina rare earthrare earth minarls
News Summary - Cabinet okays 7,280 cr rare-earth magnet scheme
Next Story