Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഹൃതിക് റോഷൻ മുതൽ കാജോൾ...

ഹൃതിക് റോഷൻ മുതൽ കാജോൾ വരെ; വാടക വാങ്ങി കോടികൾ കീശയിലാക്കി ബോളിവുഡ് താരങ്ങൾ

text_fields
bookmark_border
ഹൃതിക് റോഷൻ മുതൽ കാജോൾ വരെ; വാടക വാങ്ങി കോടികൾ കീശയിലാക്കി ബോളിവുഡ് താരങ്ങൾ
cancel

മുംബൈ: അഭിനയത്തികവിൽ മാത്രമല്ല ദീർഘകാല നിക്ഷേപത്തിലൂടെ സമ്പത്ത് വളർത്തുന്ന കാര്യത്തിലും ബോളിവുഡ് താരങ്ങൾ മിടുക്കരാണ്. വ്യവസായ നഗരമായ മുംബൈയുടെ റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തിലെ രാജക്കന്മാരാണ് ഹിന്ദി സിനിമ ആരാധകരുടെ ഇഷ്ട താരങ്ങൾ. മുമ്പ് കണ്ണായ സ്ഥലങ്ങളിൽ ഫ്ലാറ്റുകളും വില്ലകളും മാത്രം വാങ്ങിയിരുന്ന അവരെ ഇപ്പോൾ ആകർഷിക്കുന്നത് വാണിജ്യ സമുച്ചയങ്ങളാണ്.

കാർത്തിക് ആര്യൻ, സൈഫ് അലി ഖാൻ, ഹൃതിക് റോഷൻ, കാജോൾ തുടങ്ങിയ നിരവധി താരങ്ങളും കുടുംബങ്ങളുമാണ് വാണിജ്യ സമുച്ചയങ്ങൾ വാങ്ങുകയും വിൽക്കുകയും വാടകക്ക് നൽകുകയും ചെയ്യുന്നത്. അതേസമയം, സൂപ്പർ സ്റ്റാറുകൾ ജീവിക്കുന്നത് 100 കോടിയുടെ ഫ്ലാറ്റുകളിലാണെങ്കിലും അവരുടെ ഓഫിസുകൾ പ്രവർത്തിക്കുന്നത് മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ഒറ്റപ്പെട്ട കെട്ടിടങ്ങളിലാണ്.

2024 മുതൽ 2025 വരെയുള്ള കാലയളവിൽ ബോളിവുഡ് താരങ്ങൾ 60 ഓളം വാണിജ്യ കെട്ടിടങ്ങൾ വാങ്ങുകയോ വിൽക്കുകയോ വാടകക്ക് നൽകുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഓൺലൈൻ റിയൽ എസ്റ്റേറ്റ് കമ്പനിയായ സ്ക്വയർ യാഡ്സാണ് താരങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി ഇടപാടിന്റെ വിവരങ്ങൾ ശേഖരിച്ചത്.

കോവിഡ് മഹാമാരിക്ക് ശേഷം അമിതാഭ് ബച്ചൻ, മകൻ അഭിഷേക്, ജാൻവി കപൂർ, രൺവീർ സിങ്, ദീപിക പദുകോൺ തുടങ്ങിയ നിരവധി അഭിനേതാക്കൾ കോടിക്കണക്കിന് രൂപ മുടക്കി പ്രധാനപ്പെട്ട സ്ഥലങ്ങളിൽ കടലിനോട് ചേർന്നുനിൽക്കുന്ന വീടുകൾ വാങ്ങിയിരുന്നു. സ്വന്തം ആവശ്യത്തിനോ വാടകക്ക് നൽകാനോ ആയിരുന്നു ഈ ആഢംബര ഭവനങ്ങൾ.

ഉയർന്ന വാടക ലഭിക്കുന്നതാണ് സെലിബ്രിറ്റികളെ ഓഫിസ്, റീട്ടെയിൽ ആവശ്യങ്ങൾക്കുള്ള വാണിജ്യ കെട്ടിടങ്ങളിലേക്ക് ആകർഷിക്കുന്നത്. മുംബൈ പോലുള്ള നഗരങ്ങളിലെ ഓഫിസ് പ്രോപ്പർട്ടികൾ നിക്ഷേപകന് ആറ് മുതൽ ഒമ്പത് ശതമാനം വരെ വാർഷിക ലഭം ഉറപ്പുനൽകുന്നുണ്ട്. കൂടാതെ ഇടക്കിടെ വാടക വർധനവും ഉണ്ടാകും. റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽനിന്ന് രണ്ട് മുതൽ മൂന്ന് ശതമാനം വരെ മാത്രമേ ലാഭം ലഭിക്കാറുള്ളൂ. കോവിഡാനന്തരം ​കൊമേഴ്സ്യൽ പ്രോപർട്ടി മേഖലയിൽ ശക്തമായ വളർച്ചയുണ്ടായതോടെയാണ് താരങ്ങളുടെ താൽപര്യം വർധിച്ചത്. ദീർഘകാല നിക്ഷേപത്തിലൂടെ മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കാമെന്നതാണ് വാണിജ്യ കെട്ടിടങ്ങളുടെ പ്രത്യേകത.

2025 ജനുവരി മുതൽ സെപ്റ്റംബർ വരെ ഏകദേശം 60 ദശലക്ഷം ചതുരശ്ര അടി ഓഫിസ് സ്​പേസ് വാടകക്ക് നൽകിയെന്നാണ് ആഗോള റിയൽ എസ്റ്റേറ്റ് മേഖലയിലെ ബഹുരാഷ്ട്ര നിക്ഷേപകരായ സി.ബി.ആർ.ഇയുടെ കണക്ക്. ഈ വർഷം പൂർത്തിയാകുന്നതോടെ സ്​പേസ് 80 ദശലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 79 ദശലക്ഷം ചതുരശ്ര അടി ഓഫിസ് സ്​പേസാണ് വാടകക്ക് നൽകിയിരുന്നത്.

നടൻ കാർത്തിക ആര്യനാണ് വാണിജ്യ കെട്ടിടങ്ങൾ ഏറ്റവും കൂടുതൽ വാങ്ങിക്കൂട്ടിയവരിൽ പ്രധാനി. നവംബറിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളായ മാല തിവാരിയും മനീഷ് തിവാരിയും 10.83 കോടി രൂപക്ക് മുംബൈയിലെ വൈൽ പാർലെയുടെ പുറത്ത് 1,228 ചതുരശ്ര അടി വിസ്തീർണമുള്ള ഓഫിസ് വാങ്ങിയിരുന്നു. സെപ്റ്റംബറിൽ, ആര്യനും മാതാപിതാക്കളും മുംബൈയിലെ അന്ധേരി വെസ്റ്റിൽ 13 കോടി രൂപക്ക് ഓഫിസ് കെട്ടിടം വാങ്ങി. ഈ വർഷം, അഭിനന്ദൻ ഹൗസ് ലോധയുടെ പ്രോജക്റ്റായ ചാറ്റോ ഡി അലിബാഗിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന 2,000 ചതുരശ്ര അടിയുള്ള പ്ലോട്ടും ആര്യൻ സ്വന്തമാക്കി.

നടൻ ഹൃതിക് റോഷനും മാതാപിതാക്കളായ രാകേഷും പ്രമീളയും അവരുടെ കമ്പനിയായ എച്ച്.ആർ.എക്സ് ഡിജിടെക് എൽ.എൽ.പിയും 2024 ലും 2025 ലും ഒന്നിലധികം ഓഫിസ് സ്ഥലങ്ങൾ വാങ്ങിയെന്നാണ് വിവരം. ജൂലൈയിൽ മുംബൈയിലെ ചണ്ഡിവാലിയിൽ 31 കോടി രൂപക്ക് മൂന്ന് ഓഫീസ് യൂനിറ്റുകൾ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വർഷം ബൂമറാങ് എന്ന പേരിൽ അഞ്ച് ഓഫിസ് യൂനിറ്റുകൾ 37.75 കോടി രൂപക്കാണ് സ്വന്തമാക്കിയത്. ഈ കെട്ടിടത്തിലാണ് ശതകോടീശ്വനായ ഇലോൺ മസ്കിന്റെ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന്റെ ഹബ് തുടങ്ങുന്നത്.

നടി കാജോൾ മുംബൈയിലെ ഗോരേഗാവിലുള്ള റീട്ടെയിൽ കെട്ടിടം എച്ച്.ഡി.എഫ്.സി ബാങ്കിന് ഒമ്പത് വർഷത്തേക്ക് 8.6 കോടി രൂപക്ക് വാടകക്ക് നൽകിയിരിക്കുകയാണ്. കഴിഞ്ഞ വർഷം 28.78 കോടി രൂപക്കാണ് ഈ കെട്ടിടം അവർ വാങ്ങിയത്. സെയ്ഫ് അലി ഖാനും കൊമേഴ്സ്യൽ പ്രോപർട്ടി നിക്ഷേപത്തിൽ പിന്നിലല്ല. അന്ധേരിയിലെ രണ്ട് കെട്ടിടങ്ങൾ അദ്ദേത്തിന്റെ പേരിലുണ്ട്.

പരമ്പരാഗത ആസ്തികൾക്ക് പുറമെ, നിക്ഷേപം വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ബോളിവുഡിലെ സെലിബ്രിറ്റികൾ ​കൊമേഴ്സ്യൽ പ്രോപർട്ടികൾ വാങ്ങിക്കൂട്ടുന്നതെന്ന് സ്ക്വയർ യാർഡ്സിന്റെ മുഖ്യ പാർട്ണറും ചീഫ് സെയിൽസ് ഓഫിസറുമായ ദീപക് ഖണ്ഡേവാൾ പറഞ്ഞു. മാത്രമല്ല, കൊമേസ്യൽ പ്രോപർട്ടികൾക്ക് 10 ശതമാനം നികുതി ഇളവ് അനുവദിക്കുമെന്ന പ്രത്യേകതകൂടിയുണ്ട്. റെസിഡൻഷ്യൽ പ്രോപർട്ടികൾക്ക് അഞ്ച് ശതമാനം നികുതി ഇളവ് മാത്രേമേ ലഭിക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Bollywood actors make huge investment in commercial properties
Next Story