വാങ്ങുന്നത് ഒറിജിനൽ വെള്ളിയാണോ? ഉറപ്പാക്കാൻ ഹാൾമാർക്കിങ്‍ വരുന്നു
text_fieldsമുംബൈ: വെള്ളി ആഭരണങ്ങൾ വാങ്ങുമ്പോൾ പരിശുദ്ധമാണോയെന്ന് എപ്പോഴെങ്കിലും നിങ്ങൾ നോക്കിയിട്ടുണ്ടോ? പലരും ജ്വല്ലറികളെ കണ്ണടച്ച് വിശ്വസിച്ചാണ് വെള്ളി വാങ്ങിക്കുന്നത്. വില കുതിച്ചുയർന്ന സാഹചര്യത്തിൽ തട്ടിപ്പ് സാധ്യത വർധിച്ചിരിക്കുകയാണ്. എന്നാൽ, തട്ടിപ്പ് തടയാൻ വെള്ളി ആഭരണങ്ങളിൽ ഹാൾമാർക്കിങ് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ.
വിപണിയിൽ വെള്ളി ആഭരണങ്ങളുടെ ആധികാരികത പരിശോധിക്കാനും വ്യാജ വിൽപന തടയുന്നതിനുമാണ് ഹാൾമാർക്കിങ് നിർബന്ധമാക്കുന്നത്. ആദ്യ ഘട്ടമായി തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാണ് പരിശോധനക്കും സർട്ടിഫിക്കേഷനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കുക. രാജ്യത്തെ വൻകിട ജ്വല്ലറികളെ പദ്ധതിയുടെ ഭാഗമാക്കിയാണ് ഹാൾമാർക്കിങ് പദ്ധതി തുടങ്ങുകയെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്) ഡയറക്ടർ ജനറൽ സഞ്ജയ് ഗാർഗ് പറഞ്ഞു.
വെള്ളി ആഭരണങ്ങൾക്ക് സ്വമേധയാ ഹാൾമാർക്കിങ് നൽകാൻ കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ജ്വല്ലറികൾക്ക് അനുമതിയുണ്ട്. ഹാൾമാർക്ക് ചെയ്തിട്ടുള്ള ഏതൊരു വെള്ളി ഉൽപന്നത്തിലും ബി.ഐ.എസ് നൽകുന്ന ആറക്ക ആൽഫാന്യൂമെറിക് കോഡായ ഹാൾമാർക്ക് യുനീക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) ഉണ്ടാകും. ഓരോ വെള്ളി ആഭരണത്തിലെയും എച്ച്.യു.ഐ.ഡിയിൽനിന്ന് അവ നിർമിച്ച കമ്പനിയുടെയും ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തിയ കേന്ദ്രത്തിന്റെയും പൂർണ വിവരങ്ങൾ ലഭിക്കും. ഉപഭോക്താക്കൾക്ക് ബി.ഐ.എസ് കെയർ ആപ് അല്ലെങ്കിൽ വെബ്സൈറ്റിലൂടെ ഹാൾമാർക്കിങ് പരിശോധിക്കാം.
ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കഴിഞ്ഞ ഡിസംബർ 31വരെയുള്ള കണക്ക് പ്രകാരം 23 ലക്ഷം വെള്ളി ആഭരണങ്ങളാണ് എച്ച്.യു.ഐ.ഡി പതിച്ച് ഹാൾമാർക്ക് ചെയ്തത്. സ്വർണാഭരണങ്ങൾക്ക് നിർബന്ധിത ഹാൾമാർക്കിങ് നടപ്പാക്കുമ്പോൾ നേരിട്ട വെല്ലുവിളികൾ വിലയിരുത്തി പ്രശ്നങ്ങൾ പരിഹരിച്ച ശേഷം പുതിയ പദ്ധതി മുന്നോട്ടുകൊണ്ടുപോകുകയെന്ന് ഗാർഗ് വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. സ്വർണാഭരണങ്ങളിൽനിന്ന് വ്യത്യസ്തമായി വെള്ളിയുടെ ഹാൾമാർക്കിങ് പ്രകൃയ കൂടുതൽ കടുത്തതാണ്. അടിസ്ഥാന സൗകര്യങ്ങൾ യാഥാർഥ്യമായാൽ ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം വില സർവകാല റെക്കോഡ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ സ്വർണത്തിന് ബദൽ നിക്ഷേപമായാണ് വെള്ളിയെ കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ വെള്ളിയുടെ ഹാൾ മാർക്കിങ്ങിന് ഏറെ പ്രാധാന്യമുള്ളതായി കൺസ്യൂമർ വോയിസ് ചീഫ് എക്സികുട്ടിവ് ഓഫിസർ ആഷിം സൻയാൽ പറഞ്ഞു. വരും വർഷങ്ങളിൽ വെള്ളിയുടെ ഉപഭോഗം വർധിക്കുന്നതിനാൽ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നത് വ്യാജ വിൽപന തടയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിക്ക് അസാധാരണമായ വിലക്കയറ്റമാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. വില ഒരു വർഷത്തിനിടെ 150 ശതമാനത്തിലധികം ഉയർന്നു. 2025 ജനുവരിയിൽ ഒരു കിലോഗ്രാം വെള്ളിക്ക് 81,000 രൂപയായിരുന്നു വില. ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം വില 2.06 ലക്ഷമായി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

