Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യ-ബ്രിട്ടൻ...

ഇന്ത്യ-ബ്രിട്ടൻ വ്യാപാര കരാർ: നേട്ടം കയറ്റുമതി മേഖലക്ക്, പക്ഷേ....

text_fields
bookmark_border
ഇന്ത്യ-ബ്രിട്ടൻ വ്യാപാര കരാർ: നേട്ടം കയറ്റുമതി മേഖലക്ക്, പക്ഷേ....
cancel

ന്യൂഡൽഹി: നിര്‍ണായകമായ ഇന്ത്യ ബ്രിട്ടൻ കരാർ നേട്ടമായി ഇറക്കുമതി ഉൽപ്പന്നങ്ങളുടെ വില കുറയുന്നത് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിക്കുമ്പോൾ, ഇന്ത്യയുടെ കയറ്റുമതി മേഖലക്കാണ് ഈ കരാറിലൂടെ യഥാർഥ നേട്ടമുണ്ടാകുന്നതെന്നാണ് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നത്.

ബ്രിട്ടനിലേക്കുള്ള ഇന്ത്യയുടെ മിക്കവാറും എല്ലാ കയറ്റുമതി ഉൽപ്പന്നങ്ങൾക്കും ഇനി മുതൽ നികുതിരഹിത പ്രവേശനം ലഭിക്കും. ഇത് ഇപ്പോഴും ഇറക്കുമതി തീരുവ നേരിടുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിതരണക്കാരെ അപേക്ഷിച്ച് ഇന്ത്യൻ കയറ്റുമതി ഉൽപ്പന്നങ്ങൾക്ക് മത്സരക്ഷമത വർധിപ്പിക്കും. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (GTRI) വിശകലനം അനുസരിച്ച്, ഇന്ത്യക്ക് മികച്ച ഉൽപ്പാദന ശേഷി ഉണ്ടായിരിക്കുക, ബ്രിട്ടനിൽ വലിയ ഇറക്കുമതി ആവശ്യകത ഉണ്ടായിരിക്കുക, ഇറക്കുമതി തീരുവ ഗണ്യമായി കുറക്കുക ഇവ മൂന്നും ഒചത്തു വന്നാൽ ഇന്ത്യക്ക് വ്യാപാര കരാർ കൊണ്ട് മികച്ച നേട്ടമുണ്ടാകും.

ഇതിന്‍റെ ഗുണഭോക്താക്കളാകുന്ന പ്രധാന മേഖലകൾ

വസ്ത്രങ്ങൾ: ഇന്ത്യ ഇതിനകം 1.3 ബില്യൺ ഡോളറിലധികം മൂല്യമുള്ള വസ്ത്രങ്ങൾ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ബ്രിട്ടന്‍റെ വസ്ത്ര ഇറക്കുമതിയുടെ ഏകദേശം 6 ശതമാനം ഇന്ത്യയിൽ നിന്നാണ്. തീരുവകൾ ഒഴിവാക്കിയതോടെ, മറ്റ് രാജ്യങ്ങളിലെ എതിരാളികളെ അപേക്ഷിച്ച് ഇന്ത്യൻ വസ്ത്ര കയറ്റുമതിക്കാർക്ക് കൂടുതൽ മത്സരക്ഷമത കൈവരിക്കാനാകും.

ടെക്സ്റ്റൈൽസ്, തുകൽ, പാദരക്ഷകൾ: ഇന്ത്യയുടെ പാദരക്ഷാ കയറ്റുമതിയുടെ 10 ശതമാനത്തിലധികം ബ്രിട്ടനിലേക്കാണ്. ടെക്സ്റ്റൈൽസ്, തുകൽ ഉൽപ്പന്നങ്ങൾ എന്നിവയിലും ഇന്ത്യക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകളിൽ ഇവ ഉൾപ്പെടുന്നു.

സംസ്കരിച്ച ഭക്ഷണങ്ങൾ: റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ, സോസുകൾ, ബേക്കറി ഉൽപ്പന്നങ്ങൾ, പരമ്പരാഗത ഭക്ഷണങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ വലിയ വർധനവുണ്ടാകാം. പക്ഷേ ബ്രിട്ടന്‍റെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കയറ്റുമതിയിൽ നിർണായകമായിരിക്കും.

സമുദ്രവിഭവങ്ങൾ: ബ്രിട്ടനിലേക്കുള്ള സമുദ്രവിഭവ ഇറക്കുമതിയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇന്ത്യയിൽ നിന്ന് എത്തുന്നത്. കയറ്റുമതിക്കാർ ശുചിത്വ മാനദണ്ഡങ്ങളും കണ്ടെത്താനുള്ള സൗകര്യങ്ങളും പാലിക്കുകയാണെങ്കിൽ ഈ മേഖലയിൽ വലിയ വളർച്ചക്ക് സാധ്യതയുണ്ട്.

വാഹനങ്ങളും ഓട്ടോ പാർട്സും: ബ്രിട്ടൻ പ്രതിവർഷം 92 ബില്യൻ ഡോളറിലധികം വിലമതിക്കുന്ന വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും, ഇന്ത്യക്ക് നിലവിൽ 0.4 ശതമാനം വിപണി വിഹിതം മാത്രമാണുള്ളത്. കുറഞ്ഞ തീരുവ ഇന്ത്യൻ വാഹന നിർമ്മാതാക്കൾക്കും ഘടക നിർമാതാക്കൾക്കും ദീർഘകാല അവസരങ്ങൾ സൃഷ്ടിച്ചേക്കാം.

എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, യന്ത്രങ്ങൾ: ഈ മേഖലകളിലെ കയറ്റുമതി വളരുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, ഇതിന്‍റെ വിജയം തീരുവയെക്കാൾ ഉപരി ഉൽപ്പന്നത്തിന്‍റെ ഗുണനിലവാരം, സർട്ടിഫിക്കേഷൻ, ബ്രിട്ടന്‍റെ വിതരണ ശൃംഖലകളുമായുള്ള സംയോജനം എന്നിവയെ ആശ്രയിച്ചിരിക്കും.

പരിമിതമായ നേട്ടം ലഭിക്കുന്ന മേഖലകൾ:

തീരുവ കുറക്കുന്നത് കൊണ്ട് മാത്രം പല വ്യവസായങ്ങളിലെയും ഘടനാപരമായ തടസങ്ങളെ മറികടക്കാൻ കഴിയില്ലെന്ന് GTRI പറയുന്നു. ഫാർമസ്യൂട്ടിക്കൽസ് (റെഗുലേറ്ററി അംഗീകാരങ്ങൾക്ക് ഇവിടെ മുൻഗണനയുണ്ട്), കെമിക്കൽസ്, പ്ലാസ്റ്റിക്, റബ്ബർ, അമൂല്യ ലോഹങ്ങൾ, ഇരുമ്പ്, ഉരുക്ക്, പെട്രോളിയം ഉൽപ്പന്നങ്ങൾ, പുകയില, മദ്യം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം മേഖലകളിൽ പലതിലും സാങ്കേതിക മാനദണ്ഡങ്ങൾ, പരിസ്ഥിതി നിയമങ്ങൾ, സർട്ടിഫിക്കേഷൻ ആവശ്യകതകൾ അല്ലെങ്കിൽ വിപണിയിലെ ദുർബലമായ സാന്നിധ്യം എന്നിവയാണ് തീരുവയെക്കാൾ വലിയ വെല്ലുവിളികൾ.

GTRI സ്ഥാപകൻ അജയ് ശ്രീവാസ്തവ ചൂണ്ടിക്കാണിച്ചതുപോലെ, ഈ കരാർ വിപണിയിലേക്കുള്ള പ്രവേശനം മാത്രമാണ് ഉറപ്പുനൽകുന്നത്, കയറ്റുമതി ഉറപ്പുനൽകുന്നില്ല. മാനദണ്ഡങ്ങൾ, ലോജിസ്റ്റിക്സ്, സർട്ടിഫിക്കേഷനുകൾ, വാങ്ങുന്നവരുടെ ശൃംഖലകൾ എന്നിവയിൽ മെച്ചപ്പെടുത്തലുകൾ വരുത്തിയില്ലെങ്കിൽ, ഈ അവസരങ്ങളിൽ ഭൂരിഭാഗവും പ്രയോജനപ്പെടുത്താൻ കഴിയില്ല.

പ്രഫഷണലുകൾക്ക് വലിയ നേട്ടം

ചരക്കുകളുമായി ബന്ധപ്പെട്ടതല്ല ഈ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്ന്. 'ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷൻ' (Double Contribution Convention) എന്ന വ്യവസ്ഥ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം, ബ്രിട്ടനിൽ താൽക്കാലികമായി ജോലി ചെയ്യുന്ന ഇന്ത്യൻ പ്രഫഷണലുകളും അവരുടെ തൊഴിലുടമകളും ഒരേസമയം രണ്ട് രാജ്യങ്ങളിലും സോഷ്യൽ സെക്യൂരിറ്റി വിഹിതം അടയ്ക്കേണ്ടതില്ല. ഹ്രസ്വകാലത്തേക്ക് നിയമിക്കപ്പെടുന്ന ജീവനക്കാർക്ക് അഞ്ച് വർഷം വരെ ഇന്ത്യയിൽ മാത്രം വിഹിതം അടച്ചാൽ മതിയാകും. ഇത് ഇന്ത്യൻ ഐ.ടി കമ്പനികൾക്കും മറ്റ് സേവന കയറ്റുമതിക്കാർക്കും ചെലവ് കുറക്കാൻ സഹായിക്കും.

2025ൽ ബ്രിട്ടൻ ഏകദേശം 929 ബില്യൺ ഡോളർ മൂല്യമുള്ള സാധനങ്ങൾ ഇറക്കുമതി ചെയ്തെങ്കിലും, അതിൽ 15.2 ബില്യൺ ഡോളർ മാത്രമേ ഇന്ത്യയിൽ നിന്ന് വന്നിട്ടുള്ളൂ. ഇന്ത്യയുടെ വിപണി വിഹിതം വെറും 1.6 ശതമാനം മാത്രമാണ്. അതേസമയം, ഇന്ത്യയുടെ ആഗോള ചരക്ക് കയറ്റുമതിയുടെ 3.4 ശതമാനം മാത്രമാണ് ബ്രിട്ടനിലേക്കെത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Business Newstrade dealUK Trade DealIndian exports
News Summary - benefit india uk trad deal in export industry in india
Next Story