Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightട്രംപിനെ പിടിച്ചുലച്ച്...

ട്രംപിനെ പിടിച്ചുലച്ച് ബീഫ്; യു.എസ് രാഷ്ട്രീയം കത്തുന്നു

text_fields
bookmark_border
ട്രംപിനെ പിടിച്ചുലച്ച് ബീഫ്; യു.എസ് രാഷ്ട്രീയം കത്തുന്നു
cancel

വാഷിങ്ടൺ: ബീഫ് ഒരു ഭക്ഷണം മാത്രമല്ല, വിവാദ കഥാപാത്രംകൂടിയാണ്. കേരളത്തിൽ എക്കാലത്തും ചൂടേറിയ ചർച്ചയായിരുന്നു ബീഫ്. കഴിച്ചതിന്റെ പേരിലും അനുകൂലിച്ചതിന്റെ പേരിലുമെല്ലാം പലരും വിവാദത്തീയിൽ വെന്തുരുകി. പക്ഷെ, ബീഫ് രാഷ്ട്രീയം യു.എസിലാണ് ഇപ്പോൾ കത്തുന്നത്. ബീഫ് വില കുതിച്ചുയർന്നതിന്റെ പേരിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായിരിക്കുകയാണ്. ലോകത്ത് ട്രംപിനെ നിലക്ക് നിർത്താൻ ഒരു ഉത്പന്നം ഉണ്ടെങ്കിൽ അത് ബീഫ് മാത്രമാ​ണ്. ബീഫിന്റെ വില കുറക്കാൻ ലോകത്തെ ഭീഷണിയുടെ മുൾമുനയിൽ നിർത്തിയ താരിഫ് പോലും പിൻവലിക്കാൻ അദ്ദേഹം തയാറായി.

രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെക്കുന്നതിന് മുമ്പ് ​തന്നെ ബീഫിനോടുള്ള അമേരിക്കൻ സമൂഹത്തിന്റെ വികാരം ട്രംപ് തിരിച്ചറിഞ്ഞിട്ടുണ്ട്. 2007ൽ ട്രംപ് സ്റ്റീക് എന്ന പേരിൽ ബീഫും ബർഗറും നേരിട്ട് വീട്ടിലെത്തിക്കാൻ ഒരു ചാനൽ തന്നെ അദ്ദേഹം തുടങ്ങി. 199 ഡോളറിനായിരുന്നു ഒരു പാക്കറ്റ് സ്റ്റീക്കും ബർഗറും വിറ്റിരുന്നത്. സ്റ്റീക്കും ബർഗറും അമേരിക്കക്കാരുടെ ഇഷ്ട വിഭവമാണെങ്കിലും തീവിലയായതിനാൽ രണ്ട് മാസത്തിനുള്ളിൽ കച്ചവടം പൂട്ടിപ്പോയി.

ഇതിപ്പോൾ രണ്ടാം തവണയാണ് ബീഫ് വില ട്രംപിനെ പിടിച്ചുലക്കുന്നത്. ബർഗർ തയാറാക്കാനുള്ള ഒരു പൗണ്ട് ​ഗ്രൗണ്ട് ബീഫിന്റെ ശരാശരി വില ആഗസ്റ്റിൽ 6.32 ഡോളറായിരുന്നു. അതായത് 13 ശതമാനം വർധനവാണ് ഒരു വർഷത്തിനിടെ വിലയിലുണ്ടായത്. പാചകം ചെയ്യാത്ത ഒരു പൗണ്ട് സ്റ്റീക്കിന്റെ വില 11 ശതമാനം ഉയർന്ന് 12.22 ഡോളറമായി. ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലും വിർജിനിയ, ന്യൂജഴ്സി ഗവർണർ തെരഞ്ഞെടുപ്പകളിലും രാഷ്ട്രീയ എതിരാളികളായ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികൾ വൻ വിജയം നേടിയതോടെയാണ് ബീഫ് വില കൂടിയതിന്റെ ചൂട് ട്രംപ് അറിഞ്ഞത്.

ഇറക്കുമതിക്ക് ഇരട്ടി താരിഫ് ചുമത്തിയതാണ് യു.എസിൽ ബീഫ് വില വർധിപ്പിച്ചത്. ബ്രസീലാണ് യു.എസിലേക്ക് ഏറ്റവും അധികം ബീഫ് കയറ്റുമതി ചെയ്യുന്നത്. 2.15 ലക്ഷം ടൺ ബീഫാണ് ഈ വർഷം ജൂൺ വരെ ബ്രസീൽ കയറ്റമതി ചെയ്തത്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിൽ അധികമാണിത്. പക്ഷെ, ബ്രസീലിനെതിരെ 50 ശതമാനം നികുതി ചുമത്തിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ബ്രസീലിന് അനുവദിച്ച പരിധിയുടെ പുറത്ത് ഇറക്കുമതി ചെയ്ത ബീഫിന്റെ വിലയിൽ 76 ശതമാനം വർധനവാണുണ്ടായത്. ഇതോടെ യു.എസിലേക്കുള്ള കയറ്റുമതി 41 ശതമാനം ഇടിഞ്ഞു.

ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്ന അമേരിക്കക്കാരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് വില കൂടിയിട്ടും ബീഫിന്റെ ഡിമാൻഡിൽ മാറ്റമുണ്ടായിട്ടില്ല. 2022ൽ 59 ശതമാനം അമേരിക്കൻ ഉപഭോക്താക്കൾ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് കഴിച്ചത്. എന്നാൽ, ഇവരുടെ എണ്ണം കഴിഞ്ഞ വർഷം 71 ശതമാനമായി ഉയർന്നിരിക്കുകയാണ്. പ്രോട്ടീൻ ബോധമുള്ള ജനസമൂഹമാണ് ട്രംപിന്റെയും റിപബ്ലിക്കൻ പാർട്ടിയുടെയും ഉറക്കം കെടുത്തിയിരിക്കുന്നത്.

അർജന്റീനയിൽനിന്ന് ബീഫ് ഇറക്കുതി വർധിപ്പിച്ച് ആഭ്യന്തര വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാൻ നീക്കം നടത്തിയത് ട്രംപ് അനുകൂലികളായ കന്നുകാലി കർഷ​കരെ ചൊടിപ്പിച്ചിരിക്കുകയാണ്. അർജന്റീനയുടെ ഇറക്കുമതി പരിധി 20,000 ടണിൽനിന്ന് 80000 ടണിലേക്കാണ് ഉയർത്തിയത്. ഇതോടെ കന്നുകാലി വില കുത്തനെ കുറഞ്ഞു. കാലിത്തീറ്റ വില താങ്ങാൻ കഴിയാതെ കർഷകർ പ്രതിസന്ധിയിലൂടെ നീങ്ങുന്നതിനിടെയാണ് ട്രംപിന്റെ പുതിയ നീക്കം.

1950കൾക്ക് ശേഷം യു.എസിൽ കന്നുകാലികളുടെ എണ്ണം ഏറ്റവും താഴ്ന്ന നിലയിലാണ്. ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ​അമേരിക്കൻ ഗ്രാമീണ ജനതയുടെയും കർഷകരുടെയും നേതാവാണ് ട്രംപ്. കന്നുകാലി കർഷകരിൽ വലിയൊരു ശതമാനവും ട്രംപിന്റെ കടുത്ത അനുകൂലികളും അദ്ദേഹ​ത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വൻ പിന്തുണ നൽകിയവരുമാണ്. ബീഫ് ഇറക്കുമതി ​വർധിപ്പിച്ച് കർഷകരെയും വിലക്കയറ്റം നിയന്ത്രിക്കാതെ ഗ്രാമീണ ജനതയെയും പിണക്കാൻ കഴിയില്ലെന്ന അവസ്ഥയിലാണ് ട്രംപ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US ImportsDonald Trumptariff reductionUS InflationBeef pricestariff war
News Summary - beef price is high in US, Trump cuts Tariff
Next Story