ഡെപോസിറ്റുകൾ കുറഞ്ഞു; വായ്പ നൽകാൻ പണമില്ലാതെ ബാങ്കുകൾ പ്രതിസന്ധിയിൽ
text_fieldsമുംബൈ: നിക്ഷേപകർ സ്വർണത്തിലേക്കും ഓഹരികളിലേക്കും മാറിയതോടെ രാജ്യത്തെ ബാങ്കുകൾ കടുത്ത പ്രതിസന്ധിയിൽ. ഉപഭോക്താക്കളുടെ ഡെപോസിറ്റി കുറയുന്നതാണ് ബാങ്കുകളുടെ ആശങ്കക്ക് കാരണം. കഴിഞ്ഞ വർഷം ലഭിച്ച ഡെപോസിറ്റിനേക്കാൾ കൂടുതൽ തുക ബാങ്കുകൾ വായ്പയായി നൽകിയെന്നാണ് കണക്കുകൾ പറയുന്നത്.
ഓരോ വർഷത്തെയും ബാങ്കുകളുടെ വായ്പ വിതരണവും ഡെപോസിറ്റും കണക്കാക്കുന്ന ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം കഴിഞ്ഞ വർഷം 102 ശതമാനത്തിലേക്ക് ഉയർന്നു. 2024ൽ ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം 79 ശതമാനമായിരുന്നു. ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം 100 ശതമാനത്തിന് മുകളിലാണെങ്കിൽ ഡെപ്പോസിറ്റിനേക്കാൾ കൂടുതൽ തുക വായ്പ ഇനത്തിൽ ബാങ്കുകൾ വിതരണം ചെയ്തെന്നാണ് അർഥം. ഉപഭോക്താക്കളുടെ നിക്ഷേപം കുറഞ്ഞതോടെ വായ്പ നൽകാൻ ബാങ്കുകൾക്ക് കടപ്പത്രങ്ങൾ പുറത്തിറക്കുകയും മറ്റു സ്ഥാപനങ്ങളിൽനിന്ന് കടം വാങ്ങുകയും സുരക്ഷിതമായി സൂക്ഷിച്ച നിക്ഷേപ തുക പിൻവലിക്കേണ്ടിയും വന്നതായി ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
ഡിസംബർ 15 വരെയുള്ള കണക്ക് പ്രകാരം ബാങ്കുകളുടെ വായ്പ വിതരണത്തിൽ 11.7 ശതമാനത്തിന്റെ വളർച്ച കൈവരിച്ചു. അതേസമയം, ഡെപോസിറ്റ് വളർച്ചയിൽ 10 ശതമാനത്തിന്റെ കുറവുണ്ടായി. ഡെപോസിറ്റ് കുറഞ്ഞതോടെ ഫണ്ട് കണ്ടെത്താൻ ബാങ്കുകൾ നിർബന്ധിതരായിരിക്കുകയാണെന്ന് ജിഫിയോൺ കാപിറ്റൽ പാർട്ണർ പ്രകാശ് അഗർവാൾ പറഞ്ഞു. പലിശ നിരക്കുകളിൽ റിസർവ് ബാങ്ക് ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും ഡിപോസിറ്റുകൾക്ക് നൽകുന്ന ആദായം കുറച്ചാൽ ബാങ്കുകളിലെ നിക്ഷേപം വീണ്ടും കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ബാങ്കുകളിലെ നിക്ഷേപത്തിന് ബാങ്കുകൾ നൽകുന്ന ശരാശരി ആദായ നിരക്ക് നവംബറിൽ 5.59 ശതമാനമായി ഉയർന്നു. ഒക്ടോബറിൽ 5.47 ശതമാനവും കഴിഞ്ഞ വർഷം 6.47 ശതമാനവുമായിരുന്നു ആദായ നിരക്ക്. ഡെപോസിറ്റുകളും വായ്പകളും തമ്മിലുള്ള അന്തരം കുറച്ചുകാലംകൂടി തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. വായ്പ വിതരണ വളർച്ച 2026 സാമ്പത്തിക വർഷം 12 ശതമാനവും 2027 വർഷം 13 ശതമാനവുമായി ഉയരും. എന്നാൽ, ഡെപോസിറ്റ് വളർച്ച 10 ശതമാനത്തിനു താഴെ തുടരുമെന്നും ജനുവരി രണ്ടിന് പുറത്തിറക്കിയ മോത്തിലാൽ ഓസ്‍വാൾ ഫിനാൻഷ്യൽ സർവിസസ് റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

