ഓഹരി ഈടിൽ ബാങ്ക് വായ്പ: അറിയേണ്ടതെല്ലാം...
text_fieldsഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി ഈടായി നൽകി എടുക്കാവുന്ന വായ്പാ പരിധി 20 ലക്ഷത്തിൽനിന്ന് ഒരു കോടിയാക്കി ഉയർത്തിയ റിസർവ് ബാങ്ക് പ്രഖ്യാപനം ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ഐ.പി.ഒയില്‍ നിക്ഷേപിക്കുന്നതിന് നല്‍കുന്ന വായ്പയുടെ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയായും വർധിപ്പിച്ചിട്ടുണ്ട്. പണനയ സമിതി യോഗത്തിനുശേഷം ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് പ്രഖ്യാപനം നടത്തിയത്. എന്താണ് ഓഹരി ഈടായി നൽകിയുള്ള വായ്പ. ആർക്കൊക്കെ ലഭിക്കും. എന്തൊക്കെയാണ് മറ്റു നിബന്ധനകൾ... പരിശോധിക്കാം.
ഡീമാറ്റ് അക്കൗണ്ടിലുള്ള ഓഹരികളോ മ്യൂച്വല്‍ ഫണ്ടുകളോ വില്‍ക്കാതെ അവ ഈടാക്കി ബാങ്ക് വായ്പയെടുക്കുന്നതാണ് ഓഹരി ഈടായുള്ള വായ്പ. എല്ലാ ബാങ്കുകളും ഓഹരി ഈടിൽ വായ്പ നൽകുന്നില്ല എന്ന് ഓർക്കുക. ഇന്ത്യയിൽ ചുരുക്കം ബാങ്കുകളേ ഓഹരി ഈടിൽ വായ്പ നൽകുന്നുള്ളൂ. എല്ലാ കമ്പനികളുടെയും ഓഹരി ഈട് വെക്കാനുമാകില്ല. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത പ്രശസ്ത കമ്പനികളുടെ (എ ഗ്രൂപ് കമ്പനികൾ) ഓഹരി മാത്രമേ ബാങ്കുകൾ ഈടായി സ്വീകരിക്കൂ. ഡീമാറ്റ് അക്കൗണ്ടിലെ ഓഹരികൾ ഈടു നൽകിയാൽ തിരിച്ചടവ് പൂർത്തിയാക്കി സ്വതന്ത്രമാക്കുന്നതുവരെ അവ വിൽക്കാനാകില്ല.
21നും 70നും ഇടയിൽ പ്രായമുള്ളവർക്കാണ് ബാങ്കുകൾ ഓഹരി ഈടിൽ വായ്പ അനുവദിക്കുന്നത്. സിബിൽ ക്രെഡിറ്റ് സ്കോർ 700ൽ കൂടുതൽ വേണം. വായ്പയായി അനുവദിക്കപ്പെട്ട മുഴുവൻ തുകയും എടുക്കേണ്ടതില്ല. എടുത്ത തുകക്ക് മാത്രമേ പലിശ നൽകേണ്ടതുള്ളൂ. ഒമ്പത് ശതമാനത്തിന് മുകളിലാണ് പലിശനിരക്ക്. വ്യക്തിഗത വായ്പകൾക്ക് 13 ശതമാനം വരെ പലിശ വരുന്ന സ്ഥാനത്താണ് ഇത്. ഓഹരി ഈടിന്മേലുള്ള വായ്പകൾക്ക് 0.75 ശതമാനം പ്രോസസിങ് ഫീസായി ബാങ്കുകൾ ഈടാക്കും. കുറഞ്ഞത് 1000 രൂപ ജി.എസ്.ടിയും നൽകേണ്ടി വരും.
വസ്തു ഈടുനൽകാൻ ഇല്ലാത്തവർക്കും ശമ്പള സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയാത്തവർക്കും നല്ലൊരു മാർഗമാണ് ഓഹരി ഈടിലെ വായ്പ. തൽക്കാലത്തെ ആവശ്യത്തിനായി ഓഹരികൾ വിൽക്കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ മെച്ചം. ബാങ്കിൽ ഈടുവെച്ച ഓഹരിയുടെ മൂല്യം വർധിക്കുമ്പോൾ ഗുണം ഓഹരി ഉടമക്ക് തന്നെയാണ്. വായ്പാ തിരിച്ചടവ് കഴിഞ്ഞാൽ ഓഹരി പൂർണമായി നമുക്ക് സ്വന്തം. അപ്പോഴത്തെ വിലയിൽ വ്യാപാരം തുടരാം. ഏറക്കുറെ സ്വർണം പണയം വെക്കുന്നതിന് സമാനമാണ്.
ഓഹരി മൂല്യം കുറയുമ്പോൾ മാത്രമാണ് ബാങ്കിന് ആശങ്ക. ഓഹരി പരിധിയിൽ കവിഞ്ഞ് ഇടിയുമ്പോൾ ബാങ്ക് ഉപഭോക്താവിനെ അറിയിക്കും. അപ്പോൾ ഈടായി കൂടുതൽ ഓഹരി നൽകേണ്ടിവരും. ആവശ്യമെങ്കിൽ സുരക്ഷ ഉറപ്പാക്കാൻ ഓഹരി വിൽക്കാൻ ബാങ്കിന് അവകാശമുണ്ടാകും. മൂല്യം വല്ലാതെ കുറയുമ്പോഴും തിരിച്ചടവ് മുടക്കിയാലും മാത്രമേ ബാങ്ക് ഈ കടുംകൈ ചെയ്യാറുള്ളൂ. ഈടുവെച്ച ഓഹരികളുടെ മൂല്യത്തിന്റെ 50 ശതമാനം വരെയൊക്കെയാണ് ബാങ്കുകൾ വായ്പ അനുവദിക്കാറ്. അതുകൊണ്ടുതന്നെ ദൈനംദിന വില ചാഞ്ചാട്ടത്തിൽ ആശങ്കയുടെ ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

