Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right‘വില ഉടൻ ഇടിയില്ല’;...

‘വില ഉടൻ ഇടിയില്ല’; സ്വർണ വായ്പക്ക് മാത്രമായി 3000 ബ്രാഞ്ചുകൾ തുടങ്ങാനൊരുങ്ങി വിവിധ സ്വകാര്യ കമ്പനികൾ

text_fields
bookmark_border
‘വില ഉടൻ ഇടിയില്ല’; സ്വർണ വായ്പക്ക് മാത്രമായി 3000 ബ്രാഞ്ചുകൾ തുടങ്ങാനൊരുങ്ങി വിവിധ സ്വകാര്യ കമ്പനികൾ
cancel

മുംബൈ: സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയതോടെ വായ്പ വിതരണത്തിൽ വൻ കുതിപ്പിനൊരുങ്ങി രാജ്യത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ. ഗോൾഡ് ലോണുകൾക്ക് മാത്രമായി 12 മാസത്തിനുള്ളിൽ 3000ത്തോളം പുതിയ ബ്രാഞ്ചുകൾ തുടങ്ങാനാണ് സ്വകാര്യ കമ്പനികളുടെ പദ്ധതി. സ്വർണ വില ഉയർന്നതിന് പിന്നാലെ പിരമൽ ഫിനാൻസ് അടക്കം നിരവധി പുതിയ കമ്പനികളാണ് ഗോൾഡ് ലോൺ മേഖലയിലേക്ക് കാലെടുത്ത് വെച്ചത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സെപ്റ്റംബർ വരെ സ്വർണ വായ്പയിൽ 36 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. അതായത് 14.5 ലക്ഷം കോടി രൂപയുടെ വായ്പ നൽകി. സ്വർണ വില കുതിച്ചുയർന്നതോടെ കൂടുതൽ തുക വായ്പയായി ലഭിക്കുമെന്നതാണ് പലരെയും ആകർഷിക്കുന്നത്. മൂലധനം കണ്ടെത്താൻ കർഷകരും കച്ചവടക്കാരും സ്വർണ വായ്പ കാര്യമായി ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം ഗോൾഡ് ലോൺ 15 ലക്ഷം കോടി കടക്കുമെന്നാണ് റേറ്റിങ് ഏജൻസിയായ ഐ.എസ്.ആർ.എയുടെ കണക്കുകൂട്ടൽ.

നിലവിലുള്ള ബാങ്ക് ബ്രാഞ്ചുകൾക്ക് പുറമെ, ഗോൾഡ് ലോണുകൾക്ക് മാത്രമായി പുതിയ ബ്രാഞ്ചുകൾ തുടങ്ങാനാണ് ബാങ്ക് ഇതര സ്ഥാപനങ്ങളുടെ ആലോചന. മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്, ഐ.ഐ.എഫ്.എൽ ഫിനാൻസ്, ബജാജ് ഫിനാൻസ് തുടങ്ങിയ കമ്പനികളാണ് സ്വകാര്യ മേഖലയിൽ ഏറ്റവും അധികം സ്വർണവായ്പ നൽകുന്നത്. ഈ കമ്പനികൾ മൊത്തം 1800 ബ്രാഞ്ചുകളാണ് തുടങ്ങുക. 2027 മാർച്ചിന് മുമ്പ് ബജാജ് ഫിനാൻസ് 900 ബ്രാഞ്ചുകളും ഐ.ഐ.എഫ്.എൽ ഫിനാൻസ് ഈ സാമ്പത്തിക വർഷം 500 ബ്രാഞ്ചുകളും തുടങ്ങും. പോൾ മെർച്ചന്റ്സ് ഫിനാൻസിന്റെ ഗോൾഡ് ലോൺ വിഭാഗത്തെ ഏറ്റെടുത്താണ് പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ എൽ&ടി ഫിനാൻസിന്റെ ഫെബ്രുവരിയിലെ രംഗപ്രവേശനം. നിലവിൽ 130 ബ്രാഞ്ചുകളുള്ള കമ്പനി പുതിയ 200ലേറെ ബ്രാഞ്ചുകൾ തുടങ്ങും.

അടിയന്തര ഘട്ടങ്ങളിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോൾ മാത്രം വായ്പയെടുക്കാനുള്ള ഉപാധിയെന്ന നിലയിൽനിന്ന് സ്വർണം മാറിയെന്ന് ഐ.ഐ.എഫ്.എൽ ഫിനാൻസ് ഗോൾഡ് ലോൺ ബിസിനസ് തലവൻ മനീഷ് മയാങ്ക് പറഞ്ഞു.

നിലവിൽ 70 ശതമാനത്തോളം സ്വർണ വായ്പയും സ്വന്തമാക്കിയിരിക്കുന്നത് കർഷകരും ചെറുകിട കച്ചവടക്കാരുമാണ്. ബാക്കി വരുന്നവർ വീട് നവീകരണത്തിനും വിവാഹത്തിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമാണ് വായ്പയെടുത്തിരിക്കുന്നത്. ചെറിയൊരു വിഭാഗം ശമ്പളക്കാരും അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്ക് സ്വർണ വായ്പയെടുക്കുന്നുണ്ട്.

അടുത്ത വർഷം മാർച്ചോടെ ബ്രാഞ്ചുകളുടെ എണ്ണം 400 എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് പൂനവാല ഫിൻകോർപ് മാനേജിങ് ഡയറക്ടർ അരവിന്ദ് കപിൽ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. അതേസമയം, സ്വർണ വായ്പ വിപണിയിലേക്ക് പുതുതായി വരുന്ന പിരമൽ ഫിനാൻസ് ആദ്യ വർഷം 100 ഗോൾഡ് ലോൺ ബ്രാഞ്ചുകളാണ് തുടങ്ങുക.

വിവിധ രാജ്യങ്ങളിലുള്ള സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് ഡിമാൻഡും വിലയും വർധിക്കാൻ കാരണമെന്ന് മുത്തൂറ്റ് ഫിൻകോർപ് ചീഫ് എക്സിക്യൂട്ടിവ് ഷാജി വർഗീസ് പറഞ്ഞു. അതുകൊണ്ട്, പെട്ടെന്ന് ഡിമാൻഡ് കുറയുമെന്നും വില ഇടിയുമെന്നും പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മാർച്ച് അവസാനത്തോടെ 200 ബ്രാഞ്ചുകൾ സ്ഥാപിക്കാനാണ് പദ്ധതിയെന്നും ഷാജി കൂട്ടിച്ചേർത്തു.

സുരക്ഷിതമായ റൂമും കാമറകളും അടക്കം വൻ സൗകര്യങ്ങളാണ് ഒരു ഗോൾഡ് ലോൺ ബ്രാഞ്ച് തുടങ്ങാൻ ആവശ്യം. എട്ട് മുതൽ 20 ലക്ഷം രൂപ വരെ ചെലവ് വരും. രണ്ട് വർഷത്തോളമെടുക്കും ഒരു ബ്രാഞ്ച് ലാഭത്തിലാകാനെന്നും മേഖലയിലെ വിദഗ്ധർ പറഞ്ഞു. എങ്കിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഗോൾഡ് ലോൺ ആസ്തി ഈ സാമ്പത്തിക വർഷം 35 ശതമാനം വരെ വളർച്ച കൈവരിക്കുമെന്നാണ് റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nbfcgold etfGold Rategold scamgold lostGold Price
News Summary - amid surge in gold price, nbfcs plan more dedicated gold loan branches
Next Story