കടക്കെണിയിലും വൻ തുക ഫീസ് നൽകി പാകിസ്താൻ ട്രംപിന്റെ സമാധാന ബോർഡിലേക്ക്
text_fieldsവാഷിങ്ടൺ: കടക്കെണിയിലായ പാകിസ്താൻ വൻ തുക ഫീസ് നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന ബോർഡിൽ ചേരുന്നു. സമാധാന ബോർഡിൽ സ്ഥിരാംഗത്വം ലഭിക്കാൻ ഒരു ബില്ല്യൻ ഡോളർ അതായത് 9,100 കോടി രൂപ ഫീസ് നൽകണം. പാകിസ്താൻ സൈനിക മേധാവി അസിം മുനീർ സ്വിറ്റ്സർലൻഡിലെ ഡാവോസ് സന്ദർശനത്തിനിടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി ശഹബാസ് ശരീഫും മുനീറും ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. 2.5 ബില്ല്യൻ ഡോളറിന്റെ കടം തിരിച്ചടക്കാൻ കൂടുതൽ സമയം തേടി പാകിസ്താൻ യു.എ.ഇയെ സമീപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് സമാധാന ബോർഡിൽ ചേരാനുള്ള പ്രഖ്യാപനം.
ഗസ്സയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് പാകിസ്താന്റെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഗസ്സയിൽ പരിപൂർണ വെടിനിർത്തൽ നടപ്പാക്കാനും സഹായം നൽകാനും പുനർനിർമാണം ഊർജിതപ്പെടുത്താനുമുള്ള ശക്തമായ നടപടി സ്വീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂൺ വരെയുള്ള കണക്ക് പ്രകാരം 286 ബില്ല്യൻ ഡോളർ അതായത് 26.24 ലക്ഷം കോടി രൂപയുടെ കണക്കെണിയിലാണ് പാകിസ്താൻ. മുൻ വർഷത്തെ കടബാധ്യതയിൽനിന്ന് കഴിഞ്ഞ വർഷം 13 ശതമാനം വർധനവാണുണ്ടായത്.
അന്താരാഷ്ട്ര നാണയ നിധിയിൽനിന്ന് 2023ൽ മൂന്ന് ബില്ല്യൻ ഡോളറിന്റെ വായ്പ ലഭിച്ചതിന് പുറമെ ഏഴ് ബില്ല്യൻ ഡോളറിന്റെ സാമ്പത്തിക സഹായംകൂടി തേടിയിരിക്കുകയാണ് രാജ്യം. മാത്രമല്ല, സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളും പാകിസ്താന് പണം കടം നൽകിയിട്ടുണ്ട്.
ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി കഴിഞ്ഞ വർഷം ട്രംപ് രൂപകൽപന ചെയ്ത കൂട്ടായ്മയാണ് സമാധാന ബോർഡ്. ഗസ്സ പുനർനിർമാണ പദ്ധതിയുടെ ഭാഗമായാണ് സമാധാന ബോർഡ് നിലവിൽ വന്നത്. 20 ഓളം രാജ്യങ്ങൾ ബോർഡിൽ ചേർന്നതായാണ് യു.എസ് അവകാശപ്പെടുന്നത്. ബോർഡിലേക്ക് ക്ഷണിച്ച് ചൈനക്കും റഷ്യക്കും യു.എസ് കത്തയച്ചയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, നിരവധി രാജ്യങ്ങൾ ജാഗ്രതയോടെയാണ് ട്രംപിന്റെ നീക്കത്തെ നോക്കികാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

