ആമസോൺ അടുത്തയാഴ്ച 14,000 ജീവനക്കാരെ പിരിച്ചുവിടും; മാസങ്ങൾക്കുള്ളിൽ ജോലി നഷ്ടമാവുന്നത് 30,000 പേർക്ക്
text_fieldsവാഷിങ്ടൺ: ഓൺലൈൻ ഷോപ്പിങ് ഭീമൻ ആമസോൺ രണ്ടാംഘട്ട പിരിച്ചുവിടലിന് തുടക്കം കുറിക്കുന്നു. അടുത്തയാഴ്ചയാവും ആമസോണിൽ ജീവനക്കാരെ വ്യാപകമായി ഒഴിവാക്കുക. 14,000 ജീവനക്കാർക്കാവും തൊഴിൽ നഷ്ടമാവുക. 30,000 കോർപറേറ്റ് ജീവനക്കാരെ ഒഴിവാക്കാനുള്ള ആമസോൺ നീക്കത്തിന്റെ ഭാഗമായാണ് പിരിച്ചുവിടൽ.
ഒക്ടോബറിൽ 14,000 വൈറ്റ് കോളർ ജീവനക്കാരെ ആമസോൺ പിരിച്ചുവിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൂട്ടപിരിച്ചുവിടൽ. ആമസോൺ വെബ് സർവീസ്, റീടെയിൽ, പ്രൈം വിഡിയോ, ഹ്യുമൻ റിസോഴ്സ് തുടങ്ങിയ മേഖലകളിലുള്ളവർക്കെല്ലാം തൊഴിൽ പോകും. അതേസമയം, പിരിച്ചുവിടൽ സംബന്ധിച്ച് ആമസോൺ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യാപകമായതോടെയാണ് 14,000 ജീവനക്കാരെ ഒക്ടോബറിൽ പിരിച്ചുവിടാൻ ആമസോൺ തീരുമാനിച്ചത്. കമ്പനി സി.ഇ.ഒ ആൻഡി ജാസിയും പിരിച്ചുവിടലിന് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്. എ.ഐ മൂലം ആമസോണിലെ ജീവനക്കാരുടെ എണ്ണത്തിൽ മാറ്റമുണ്ടാകുമെന്ന് കമ്പനി സി.ഇ.ഒ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആമസോണിൽ ആകെ 1.58 മില്യൺ ജീവനക്കാരാണ് ഉള്ളത്. ഇതിൽ ചെറിയൊരു ശതമാനം ജീവനക്കാരേയാണ് ഇപ്പോൾ ഒഴിവാക്കുന്നത്. എന്നാൽ, കോർപ്പറേറ്റ് ജീവനക്കാരിൽ പത്ത് ശതമാനത്തിനും പണി പോകും. മൂന്ന് പതിറ്റാണ്ടിനിടെ ആമസോൺ നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ഇതിന് മുമ്പ് 2022ൽ ആമസോൺ 27,000 ജീവനക്കാരെ ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

