ടിക്കറ്റ് നിരക്ക് കുത്തനെ ഇടിഞ്ഞു; വിമാനയാത്ര ഇനി സ്വപ്നമല്ല
text_fieldsമുംബൈ: ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് വിമാന യാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. രാജ്യത്തെ ആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. സാധാരണ ഏറ്റവും ശക്തമായ ഡിമാൻഡ് അനുഭവപ്പെടാറുള്ള ഡിസംബർ സാമ്പത്തിക പാദത്തിലാണ് നിരക്ക് കുത്തനെ കുറഞ്ഞത്. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമ സമയം നൽകിയതിനെ തുടർന്ന് നൂറുകണക്കിന് ഇൻഡിഗോ വിമാന സർവിസുകൾ റദ്ദാക്കിയതാണ് ഇതിനുള്ള പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
എലാറ കാപിറ്റലിന്റെ കണക്ക് പ്രകാരം ഡിസംബർ സാമ്പത്തിക പാദത്തിൽ വിമാന യാത്ര നിരക്കിൽ ഒരു ശതമാനത്തിന്റെ ഇടിവുണ്ടായി. 2024 ൽ ശരാശരി വിമാന യാത്ര നിരക്ക് 5485 രൂപയായിരുന്നു. കഴിഞ്ഞ വർഷം 5436 രൂപയിലേക്ക് നിരക്ക് താഴ്ന്നു.
ആഭ്യന്തര വിമാന യാത്ര വളർച്ച 2026 സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദത്തിൽ മൂന്ന് ശതമാനായി കുത്തനെ കുറഞ്ഞതായും ജനുവരി എട്ടിന് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2024ന്റെ സാമ്പത്തിക വർഷത്തിന്റെ ഡിസംബർ പാദത്തിനും 2025ന്റെ ഡിസംബർ പാദത്തിനും ഇടയിൽ ഒമ്പത് ശതമാനമായിരുന്നു വളർച്ച.
ആഭ്യന്തര വ്യോമഗതാഗതത്തിലെ 300 റൂട്ടുകളിലെ നിരക്കുകളിൽ ഡിസംബർ പാദത്തിൽ ആറ് ശതമാനം കുറവ് അനുഭവപ്പെട്ടതായി എലാറ കാപിറ്റലിലെ ഗഗൻ ദീക്ഷിത് പറഞ്ഞു. മെട്രോ ഇതര നഗരങ്ങളിലേക്കുള്ള നിരക്കുകളാണ് കാര്യമായി കുറഞ്ഞത്. ആഭ്യന്തര വിമാന യാത്രക്ക് ഉയർന്ന നിരക്ക് ഇടാക്കുന്നുവെന്നാണ് ഡിമാന്റിലെ ഇടിവ് നൽകുന്ന സൂചനയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഗണ്യമായ കുറവുണ്ടായതായാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ രേഖകൾ ചൂണ്ടിക്കാണിക്കുന്നത്. ജനുവരി-മാർച്ച് മാസങ്ങളിൽ 43.2 ദശലക്ഷമായിരുന്നു മൊത്തം യാത്രക്കാർ. ഏപ്രിൽ-ജൂണിൽ കാലയവളിൽ 42 ദശലക്ഷമായും ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ 38.2 ദശലക്ഷമായും ഇടിഞ്ഞു. ഡിസംബർ പാദത്തിലെ കണക്കുകൾ പുറത്തുവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

