വായു മലിനീകരണം വർധിച്ചു; ശ്വാസംമുട്ടലിനുള്ള മരുന്ന് വിൽപന റെക്കോഡിൽ
text_fieldsമുംബൈ: വായു മലിനീകരണം കുതിച്ചുയർന്നതോടെ മെഡിക്കൽ ബിൽ ഇന്ത്യക്കാരുടെ കീശകീറുകയാണെന്ന് റിപ്പോർട്ട്. അലർജിക്കും ആസ്തമക്കും അടക്കം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്ന് വിൽപനയിൽ രാജ്യം ചരിത്രം കുറിച്ചു. ഡിസംബറിൽ 1950 കോടി രൂപയുടെ ശ്വാസകോശ സംബന്ധ മരുന്നുകളാണ് വിറ്റത്. ഇതാദ്യമായാണ് ഒരു മാസം ഇത്രയും അധികം റെസ്പിറേറ്ററി മരുന്നുകൾ വിൽക്കുന്നത്. 2024 ഡിസംബർ മാസത്തേക്കാൾ 10 ശതമാനം അധികമാണ് 2025 ലെ വിൽപന. 2023 ലെ കണക്കുകൾ പരിശോധിച്ചാൽ 18 ശതമാനം അധികം വിൽപന നടന്നതായും ഫാർമറാക്ക് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. വായു മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങളും അതിനുള്ള മരുന്നുകളുടെ വിൽപനയും ഓരോ വർഷവും തുടർച്ചയായി വർധിക്കുന്നുവെന്നാണ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നത്.
സാധാരണ വായു മലിനീകരണം ഏറ്റവും ഉയർന്ന നിലയിലെത്തുന്ന സീസണാണ് ഒക്ടോബർ-ഡിസംബർ. 2023 ലെ ഈ കാലയളവിൽ റെസ്പിറേറ്ററി മരുന്ന് വിൽപന എട്ട് ശതമാനവും 2024ലെ കാലയളവിൽ 14 ശതമാനവുമായിരുന്നു. 2024ലെ കാലയളവിൽ ശ്വാസകോശ തെറപികളുടെ വിൽപന 5620 കോടി രൂപ കടന്നു. അതായത് 2023 കാലയളവിലെ വിൽപനയിൽനിന്ന് 17 ശതമാനം അധികം. ഇതിൽ 3500 കോടിയോളം രൂപ ചെലവഴിച്ചത് ആസ്തമക്കും ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമണറി ഡിസീസിനുമുള്ള (സി.ഒ.പി.ഡി) ചികിത്സക്ക് വേണ്ടിയാണ്. വായു മലിനീകരണം കാരണം അനുഭവപ്പെടുന്ന വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടുമാണ് സി.ഒ.പി.ഡി.
ശൈത്യകാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോയ മരുന്നുകളിൽ ഒന്ന് ആസ്തമക്കും ശ്വാസംമുട്ടിനുമുള്ള ഫൊറകോർട്ടാണ്. ഡിസംബറിൽ 90 കോടി രൂപയുടെ വിൽപന നടന്നതോടെ ഫൊറകോർട്ട് രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചു. അമിത വണ്ണം കുറക്കുന്നതിനുള്ള മൗൻജാരോയാണ് തൊട്ടുമുന്നിലുള്ളത്.
സാധാരണ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്ന സീസണാണ് ഓക്ടോബർ മുതൽ ഫെബ്രുവരി വരെയെന്ന് ജി.എസ്.കെ ഫാർമ ഇന്ത്യ ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ മാസങ്ങളിൽ ബന്ധപ്പെട്ട രോഗങ്ങൾക്കുള്ള മരുന്നുകളുടെ വിൽപനയിലും വർധനവുണ്ടാകാറുണ്ട്. മഞ്ഞും പുകയും പൊടിയും നിറഞ്ഞ് വായു ഗുണനിലവാരം കുത്തനെ കുറയുന്നതാണ് കഫക്കെട്ടിനും ജലദോഷത്തിനും ഇടയാക്കുന്നതെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

